മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ പോലീസ് ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി
Daily News
മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ പോലീസ് ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2016, 3:40 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ പോലീസ് ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. കോഴിക്കോട് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് നടന്ന സംഭങ്ങള്‍ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. അന്വേഷണം നടത്തി വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണം:

“നമ്മുടെ സംസ്ഥാനത്ത് നേരത്തെ ഉണ്ടായ ഒരു കാര്യം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നമായിരുന്നു. ആ പ്രശ്‌നത്തില്‍ യഥാര്‍ത്ഥത്തില്‍ നല്ല അയവുവന്നിരുന്നു. സാധാരണ നില പുനസ്ഥാപിച്ചു വരികയായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഇന്ന് കോഴിക്കോട് വീണ്ടും പ്രശ്‌നമുണ്ടായിരിക്കുന്നത്.

ഇതികനത്ത് മാധ്യമപ്രവര്‍ത്തകരും പോലീസും എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ വന്നത്. നേരത്തെയുണ്ടായിരുന്ന അഭിഭാഷകര്‍ക്ക് ഇന്നത്തെ സംഭവത്തില്‍ യാതൊരു പങ്കുമില്ല. ഗൗരവമായാണ് സര്‍ക്കാര്‍ ഇതു കാണുന്നത്. പോലീസ് മാധ്യമപ്രവര്‍ത്തകരുടെ വഴി തടയാന്‍ എന്തിനു വന്നു എന്നത് അത്യന്തം ഗൗരവമായി തന്നെ അന്വേഷിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്നു വൈകുന്നേരത്തിനുള്ളില്‍ എന്താണ് സംഭവിച്ചതെന്നതു സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം അതുമായ ബന്ധപ്പെട്ട നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഇതില്‍ കോടതിയില്‍ കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യത്തിന്റെ പ്രശ്്‌നം കൂടിയാണ്. അക്കാര്യത്തില്‍ ഒരു തടസവും പോലീസ് സൃഷ്ടിക്കേണ്ടതായിട്ടില്ല. അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവ് അവിടെ ഉണ്ടായിരിക്കുംണം. അതല്ലാത്ത കാലത്തോളം കോടതിയില്‍ പോകാനുള്ള അവകാശം മറ്റെല്ലാവര്‍ക്കുമുള്ളതുപോലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ട്.

ഇന്നലെ പറഞ്ഞകാര്യം ഞാന്‍ ആവര്‍ത്തിക്കുകയാണ്. കോടതിയായിതുകൊണ്ട് കുറച്ചുപൊരു പരിമിതിയുണ്ട്. എന്നാല്‍ നമ്മുടെ രാജ്യം ജനാധിപത്യ രാഷ്ട്രമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങളെ പൂര്‍ണമായി ഒഴിച്ചു നിര്‍ത്താനാവില്ല. അക്കാര്യം കോടതി തീരുമാനിക്കേണ്ടതാണ്.

പോലീസിന്റെ കാര്യത്തില്‍ പറയാനുള്ളത് ഒരു തരത്തിലുള്ള തടസവും സൃഷ്ടിക്കാന്‍, മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ പോലീസ് ശ്രമിക്കില്ല.

അക്കാര്യത്തില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാവും. “