കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായിരുന്ന സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്തുണ്ടായത് വലിയ അനാസ്ഥയാണെന്ന് ഉത്തരമേഖല ജയില്‍ ഡി.ഐ.ജി പ്രദീപിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവത്തില്‍ സൂപ്രണ്ട് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ നടപടിയുണ്ടാകും. സൗമ്യ ആത്മഹത്യ ചെയ്ത ദിവസം വനിതാ ജയില്‍ ജോലിക്കുണ്ടായിരുന്നത് നാല് അസിസ്റ്റന്റ് പ്രിസന്‍ ഓഫീസര്‍മാര്‍ മാത്രമായിരുന്നു.
20 തടവുകാരും 23 ജയില്‍ സുരക്ഷ ജീവനക്കാരുമുള്ള സ്ഥാപനത്തിലാണ് നാലുപേര്‍ മാത്രം ജോലിക്കെത്തിയത്. അന്നേ ദിവസം ലോക്കപ്പില്‍ നിന്നിറക്കിയ സൗമ്യയേയും മറ്റ് രണ്ട് തടവുകാരേയും ഡയറി ഫാമില്‍ ജോലിക്കയച്ചു. പിന്നീട് സൗമ്യക്കൊപ്പമുണ്ടായിരുന്ന രണ്ടു തടവുകാരെ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പുറത്തേക്ക് കൊണ്ടുപോയി. ഈ സമയം ഒറ്റക്കുണ്ടായിരുന്ന സൗമ്യയെ ആരും നിരീക്ഷിച്ചില്ല.
തടവുകാരും ജയില്‍ ജീവനക്കാരും ചേര്‍ന്ന് ഗേറ്റിന് സമീപം അത്തപ്പൂക്കളമിടുന്നത് നിരീക്ഷിച്ച ശേഷമാണ് സൗമ്യ സാരിയുമയെത്തി ഡയറി ഫാമിനു പിന്നിലെ കശുമാവില്‍ തൂങ്ങി മരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ജീവനക്കാരുടെയും തടവുകാരുടെയും നീക്കങ്ങള്‍ പരിശോധിക്കാന്‍ പല കാരണങ്ങള്‍ പറഞ്ഞ് സൗമ്യ ജയില്‍ ഗേറ്റിനു സമീപമെത്തിയിട്ടും ആരും ജാഗ്രത കാട്ടിയില്ല. സൗമ്യ മരിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ജയില്‍ ജീവനക്കാര്‍ ഇക്കാരമറിതെന്നും ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
പ്രത്യേക മാനസികവസ്ഥയുണ്ടായിരുന്ന തടവുകാരിയെ മനസിലാക്കാനും അവരുടെ നീക്കങ്ങള്‍ പരിശോധിക്കാനും ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല മേല്‍നോട്ടത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്. ഒരു തെറ്റുതിരുത്തല്‍ കേന്ദ്രമെന്ന നിലയിലല്ല സ്ഥാപനത്തിന്റെ പ്രവര്‍ത്തമെന്നാണ് കണ്ടെത്തല്‍.