കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വനിതാ ജയില്‍ ജീവനക്കാര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക നിഗമനം. കൊലക്കേസ് പ്രതികളെ പുറംജോലിക്കു നിയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ല.
സെല്ലിന് പുറത്തേക്ക് തടവുകാരെ ജോലിക്കു വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകണമെന്ന് ചട്ടങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ സൗമ്യ ആത്മഹത്യ ചെയ്തതിനു ശേഷമാണ് ജയില്‍ അതികൃതര്‍ വിവരമറിയുന്നത്.
Read: 700 കോടിക്ക് മുഖ്യമന്ത്രിയുടെ കയ്യില്‍ രേഖയുണ്ടോ?: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ
മക്കളെയും മാതാപിതാക്കളെയും ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയെ കഴിഞ്ഞ ദിവസമാണ് ജയിലിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്നുള്ള വനിതാ സബ് ജയിലിലെ ഡെയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിക്കായി സെല്ലില്‍ നിന്നും പോയതിനു ശേഷമാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ട ജീവനക്കാരും സഹതാടവുകാരും ചേര്‍ന്ന് സൗമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.