തിരുവനന്തപുരം: സോളാര്‍ കേസ് തുടരന്വേഷണത്തില്‍ നിയമോപദേശം തേടാനുള്ള തീരുമാനത്തെച്ചൊല്ലി മന്ത്രിസഭയില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ മന്ത്രിസഭയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസില്‍ വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനം സര്‍ക്കാരിന് ക്ഷീണമാകുമെന്ന് മന്ത്രി എ.കെ ബാലന്‍ യോഗത്തില്‍ പറഞ്ഞെന്ന് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടപ്പോള്‍ മന്ത്രി മാത്യൂ ടി. തോമസ് ചന്ദ്രശേഖരന്റെ വാദത്തെ അനുകൂലിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ മന്ത്രിമാരുടെ എതിര്‍പ്പിനെ തള്ളി അന്വേഷണത്തില്‍ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.ജസ്റ്റീസ് അരിജിത്ത് പസായതില്‍ നിന്ന് ഉപദേശം തേടാനാണ് യോഗ തീരുമാനം. മുന്‍ സുപ്രീം കോടതി ജഡ്ജിയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാണ് അരിജിത്ത് പസായത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ പെടാത്ത കാര്യങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ തീരുമാനം. പുതിയ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാകും തുടരന്വേഷണ ഉത്തരവ് ഇറങ്ങുക.
നേരത്തെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു. കേസ് വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പഴുതുകളടച്ചുള്ള മാത്രം തുടരന്വേഷണ ഉത്തരവ് ഇറക്കിയാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍.