തിരുവനന്തപുരം: ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന ചോദ്യത്തോട് തമാശരൂപേണ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആരാണ് അവര്‍ എന്ന ചോദ്യത്തിന് തൃപ്തി ദേശായി എന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ “ആരാണ് അവര്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചീനോ” എന്നായിരുന്നു പിണറായിയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള ചോദ്യം.
നിങ്ങളല്ലേ അതൊക്കെ അന്വേഷിക്കേണ്ടത് അന്വേഷിക്കൂ.. എന്ന് കൂടി മാധ്യമപ്രവര്‍ത്തകരോട് പിണറായി പറഞ്ഞു. “സി.എമ്മിനോട് സംരക്ഷണം ആവശ്യപ്പെട്ട് കത്തയച്ചു എന്നാണ് അവര്‍ പറയുന്നത്” എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊക്കെ സാധാരണ നിലയ്ക്ക് ആവശ്യമായ നടപടിയെടുക്കുമല്ലോ എന്നായിരുന്നു പിണറായിയുടെ മറുപടി.
സര്‍ക്കാര്‍ സാവകാശ ഹരജി നല്‍കുമോ എന്ന ചോദ്യത്തിന് ശബരിമല വിധിയില്‍ ഒരു സാവകാശത്തിനൊന്നും സര്‍ക്കാരില്ലെന്നും സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നും പിണറായി പറഞ്ഞു.
സുപ്രീം കോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഇല്ല. അത് വ്യക്തമാണ്. സര്‍വകക്ഷി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നെന്നാണല്ലോ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് ചോദ്യത്തിന് ആദ്യമേ ഇറങ്ങിപ്പോകാന്‍ കഴിഞ്ഞില്ല എന്ന പരാതിയുണ്ടാകുമായിരിക്കും എന്നായിരുന്നു പിണറായിയുടെ തമാശ രൂപത്തിലുള്ള പ്രതികരണം.
സര്‍വകക്ഷി യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തെന്നും സുപ്രീം കോടതി വിധിയും റിവ്യൂ പെറ്റീഷനില്‍ സുപ്രീം കോടതി എടുത്ത നിലപാടും എല്ലാം ചര്‍ച്ചയായെന്നും പിണറായി വിജയന്‍ പറഞ്ഞു.
സര്‍ക്കാര്‍ പറയാനുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചു. പ്രതിപക്ഷവും ബി.ജെ.പിയും എടുത്ത നിലപാട് സമാനമായിരുന്നു. പ്രതിപക്ഷ നേതാവും പിന്നീട് ശ്രീധരന്‍പിള്ളയും സംസാരിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെ സമീപിച്ചു എന്നാണ് ഇരുകൂട്ടരും പറഞ്ഞത്.
യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് ഒരു മുന്‍വിധിയും ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് ശബരിമലയില്‍ വരാന്‍ അവകാശമുണ്ടെന്നും അതിന് വേണ്ടി നമുക്ക് ക്രമീകരണം ഉണ്ടാക്കണം എന്നും പറഞ്ഞു. യുവതികളുടെ വരവുമായി ബന്ധപ്പെട്ട് ക്രമീകരണം ഉണ്ടാക്കാമെന്ന് പറഞ്ഞ് യോഗം അവസാനിപ്പിച്ചു.
സര്‍വകക്ഷി യോഗം അവസാനിച്ച ശേഷം പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്ന് പറഞ്ഞു, ഞാന്‍ ഇറങ്ങിപ്പോകുകയാണെന്ന് എന്നാല്‍ ഇത് ശരിയായ നിലപാടല്ല എന്ന് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നെന്നും പിണറായി വ്യക്തമാക്കി.