|

'പിണറായി വെള്ളാപ്പള്ളിയെ വെള്ളപൂശുന്നു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശം ഒരു പാര്‍ട്ടിയെ ലക്ഷ്യമിട്ടുള്ളതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി.

വെള്ളാപ്പള്ളിയെ വെള്ളപൂശുന്നതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്ന് കെ.എം. ഷാജി വിമര്‍ശിച്ചു. മലപ്പുറം കീഴ്പ്പറമ്പില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ ഇരിക്കുന്ന പദവിയെ കുറിച്ച് ഓര്‍ക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് വെള്ളാപ്പള്ളിയോട് പറയാമായിരുന്നുവെന്നും കെ.എം. ഷാജി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ മുഖത്ത് നോക്കി രാഷ്ട്രീയം പറഞ്ഞ സി.എച്ചിന്റെ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും തങ്ങള്‍ വോട്ട് നോക്കി ഇരിക്കില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

ഇങ്ങോട്ട് പറഞ്ഞാല്‍ തിരിച്ച് പറയുമെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി 30വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് കെ.എം. ഷാജിയുടെ വിമര്‍ശനം.

‘വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശം ഒരു പാര്‍ട്ടിക്കെതിരെയാണ്. ഒരു മതത്തിനെതിരെയും സംസാരിക്കുന്ന ആളല്ല അദ്ദേഹം. ആളുകളുടെ മനസിലേക്ക് നല്ലത് പോലെ കയറുന്ന പോലെയുള്ള അവതരണ രീതിയാണ് വെള്ളാപ്പള്ളിയുടേത്. എന്നാല്‍ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ആളുകള്‍ വക്രീകരിച്ച് മറ്റൊരു രീതിയിലേക്ക് മാറ്റി.

പിന്നീട് വെള്ളാപ്പള്ളി തന്നെ അക്കാര്യം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോടാണ് പറഞ്ഞതെന്ന കാര്യം പറയുകയുണ്ടായി. എന്നാല്‍ അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക വിരോധം ഉള്ളതുകൊണ്ടല്ല, നിലവിലുള്ള യഥാര്‍ത്ഥ്യം അതായത് കൊണ്ടാണ് അങ്ങനെ പറയേണ്ടി വന്നത്,’ മുഖ്യമന്ത്രിയുടെ വാക്കുകള്‍

മലപ്പുറം ഒരു സംസ്ഥാനമാണെന്നും പ്രത്യേകം ചിലരുടെ രാജ്യവുമാണെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. സമുദായത്തിലെ അംഗങ്ങള്‍ക്ക് മലപ്പുറത്ത് സ്വതന്ത്രമായി ശ്വാസമെടുക്കാന്‍ കഴിയില്ലെന്നും അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ചുങ്കത്തറയില്‍ നടന്ന പരിപാടിയില്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

അതേസമയം മുഖ്യമന്ത്രി ഇസ്രഈലിനെ എതിര്‍ക്കുമെന്നും എന്നാല്‍ വെള്ളാപ്പള്ളിയെ എതിര്‍ക്കില്ലെന്നും മുസ്‌ലിങ്ങളെ തെറി പറയുന്നവരോട് സി.പി.ഐ.എമ്മിന് മൃദു സമീപനമാണെന്നും കെ.എം. ഷാജി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

സഖാവ് പിണറായി വിജയാ… നിങ്ങള്‍ ദല്‍ഹിയില്‍ പോയി പറഞ്ഞതിന്റെ കുറേക്കൂടെ ഒരു വെള്ളാപ്പള്ളി വേര്‍ഷനാണ് വെള്ളാപ്പള്ളി മലപ്പുറത്ത് വന്ന് പറഞ്ഞതെന്നും കെ.എം. ഷാജി പ്രതികരിച്ചിരുന്നു.

Content Highlight: ‘Pinarayi is whitewashing Vellappally’; KM Shaji against the Chief Minister

Video Stories