പിണറായി പിന്തുടരുന്നത് മോദി സര്‍ക്കാറിന്റെ രീതികള്‍, സംഘപരിവാറിന്റെ മനസാണ് പിണറായിക്കുള്ളത്: വി.ഡി. സതീശന്‍
Kerala News
പിണറായി പിന്തുടരുന്നത് മോദി സര്‍ക്കാറിന്റെ രീതികള്‍, സംഘപരിവാറിന്റെ മനസാണ് പിണറായിക്കുള്ളത്: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 2:03 pm

 

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ പിന്തുടരുന്നത് നരേന്ദ്ര മോദിയുടെ രീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഘപരിവാറിന്റെ മനസാണ് സര്‍ക്കാറിനെന്നാണ് വി.ഡി.സതീശന്‍ പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ മോദി സര്‍ക്കാറിന്റെ വഴിക്കാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ തീവ്രവാദ ബന്ധം ചുമത്തുന്നു.

പേരു നോക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത്. മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കുമേല്‍ തീവ്രവാദ ബന്ധം ആരോപിച്ച് റിമാന്റ് റിപ്പോര്‍ട്ട് നല്‍കി.

സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണ്. കോണ്‍ഗ്രസുകാരോട് അതുവേണ്ട. സംഘപരിവാര്‍ മനസ് കേരളത്തില്‍ നടപ്പിലാവില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

അല്‍ അമീന്‍ അഷ്റഫ്, നജീബ്, അനസ് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശമുണ്ടായിരുന്നത്.

പൊതുമുതല്‍ സ്വത്തായ വരുണിന്റെ (ജലപീരങ്കി വാഹനം) മുകളില്‍ മൂവരും കയറി നില്‍ക്കുന്ന ഫോട്ടോകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോയിലൂടെ എന്താണ് പ്രതികള്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമായി അന്വേഷിക്കണമെന്നും പ്രതികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം ഉണ്ടോ എന്ന് അന്വഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നേരത്തെ വിഷയത്തില്‍ കേരളാ പൊലീസിന് മുന്നറിയിപ്പുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തുവന്നിരുന്നു.

മുസ്‌ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന സി.പി.ഐ.എമ്മിന്റെ മതവെറി കോണ്‍ഗ്രസുകാരോട് വേണ്ടയെന്നും ഇത് കേരളമാണ് ഗുജറാത്തല്ലെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.

മുസ്‌ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്‍ഗ്രസുകാരോട് വേണ്ടയെന്നും ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നുമല്ല. നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

മോഫിയയുടെ കേസില്‍ പരാതി നല്‍കി ഒരുമാസം പിന്നിട്ടിട്ടും സി.ഐ സുധീറിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയത്.

ഇതിനിടയില്‍ സി.ഐ സുധീറിനെ സസ്പെന്‍ന്റ് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ചതിന് ശേഷം കെ.എസ്.യു നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി പൊലീസ് ആരോപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Pinarayi has the mind of the Sangh Parivar: VD Satheesan