ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഇറക്കിവിടില്ല; സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍
Kerala News
ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഇറക്കിവിടില്ല; സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 7:48 am

തിരുവനന്തപുരം: രാജ്യത്തെ പത്തു ലക്ഷത്തോളം വരുന്ന ആദിവാസികളെ വനഭൂമിയില്‍ നിന്നും പുറത്താക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. അര്‍ഹരായ ഒരാളെപ്പോലും വനഭൂമിയില്‍ നിന്ന് ഇറക്കിവിടില്ലെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു. സുപ്രീം കോടതി വിധി പ്രകാരം കേരളത്തില്‍ നിന്നും 894 ആദിവാസകള്‍ക്ക് ഭൂമി നഷ്ടപ്പെടും.

പുനരവലോകന ഹര്‍ജി, അപ്പീല്‍ തുടങ്ങിയ സാധ്യതകള്‍ പരിശോധിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടതായും, അര്‍ഹരായവര്‍ക്ക് ഭൂമിയില്‍ അവകാശം ഉറപ്പാക്കുന്ന നിലയില്‍ നിയമനിര്‍മാണം നടത്താനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ നല്‍കാനുദ്ദേശിക്കുന്ന അപ്പീല്‍ ഹര്‍ജിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന് കോടതിവിധി പഠിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി വിഭാഗത്തില്‍ പെട്ട 39999 പേരാണ് ഭൂ അവകാശത്തിനായി അപേക്ഷിച്ചത്. എന്നാല്‍ ഇതില്‍ 894 അപേക്ഷകള്‍ മതിയായ രേഖകളില്ലാത്തതിനാല്‍ തള്ളിക്കളയുകയായിരുന്നു.

വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ വനാവകാശ നിയമ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിരുത്തവാദിത്തപരമായ സമീപനമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റേത്. കേസിന്റെ വാദം നടന്ന ഈ മാസം പതിമൂന്നിന് വനാവകാശ നിയമത്തെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരെ നിയോഗിച്ചിരുന്നില്ല. ജസ്റ്റീസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. ജൂലൈ 27-നു മുന്പ് ഉത്തരവ് നടപ്പാക്കണമെന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാനെ വനാവകാശ നിയമത്തെ പ്രതിരോധിക്കാന്‍ നിയമിച്ചിരുന്നു. എന്നാല്‍ വ്യവസായ കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കാതെ വനത്തില്‍ നിന്നും ആദിവാസികളെ ഇറക്കിവിടാന്‍ ശ്രമിക്കുകയാണെന്ന് ആദിവാസി കോണ്‍ഗ്രസ്, സി.പി.ഐ.എം, കോണ്‍ഗ്രസ് എന്നിവര്‍ പ്രധാനമന്ത്രിക്കും പട്ടിക വര്‍ഗ വകുപ്പ് മന്ത്രാലയത്തിനും നല്‍കിയ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.