| Saturday, 4th September 2021, 1:22 pm

മുത്തങ്ങ സംഭവത്തിലും പൊലീസുകാരെ സംരക്ഷിക്കുന്ന നീക്കവുമായി പിണറായി സര്‍ക്കാര്‍

ഷഫീഖ് താമരശ്ശേരി

കേരളത്തിന്റെ സമൂഹ മനസാക്ഷി ഒരേ പോലെ അപലപിച്ച സംഭവമാണ് 2003 ഫെബ്രുവരി 19ന് വയനാട് മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് അടിച്ചമര്‍ത്തല്‍. പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ പരാതികള്‍ ഉയരുമ്പോഴെല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പൊലീസുകാരെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാറിന്റെ സമീപനം മുത്തങ്ങ സംഭവത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ്. മുത്തങ്ങയില്‍ അങ്ങേയറ്റം ദാരുണമായ അടിച്ചമര്‍ത്തലിന് നേതൃത്വം നല്‍കിയ പൊലീസുകാരെ സംരക്ഷിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍.

മുത്തങ്ങയില്‍ പൊലീസ് മര്‍ദനങ്ങള്‍ക്കിരയായ എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുളള ബത്തേരി സബ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. മര്‍ദനത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഇരയ്ക്ക് നല്‍കണമെന്ന കോടതി വിധി പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ മാതൃകാ നടപടിയെന്ന തരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കോടതിവിധിക്കെതിരെ അപ്പീലുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.

കേരള രാഷ്ട്രീയ ചരിത്രത്തിലെ ചോരക്കറ പുരണ്ട ഏടുകളിലൊന്നായ മുത്തങ്ങ ഭൂസമരത്തില്‍ ഭരണകൂടം ആദിവാസികള്‍ക്ക് നേരെ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കൊപ്പം തന്നെ ചേര്‍ത്തു വെയ്ക്കാവുന്നതാണ് കെ.കെ. സുരേന്ദ്രന്റെ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടവും, വര്‍ഷങ്ങള്‍ക്കിപ്പുറം നേടിയ അനുകൂല കോടതി വിധിയും. നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടിയല്ല, മുത്തങ്ങയില്‍ അടിച്ചമര്‍ത്തപ്പെട്ട ആദിവാസികളുടെ നീതിക്ക് വേണ്ടിയാണ് താന്‍ നിയമപോരാട്ടം നടത്തിയതെന്നായിരുന്നു അന്ന് സുരേന്ദ്രന്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

2003 ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ യു.ഡി.എഫ് ഭരണകാലത്താണ് മുത്തങ്ങ സംഭവം അരങ്ങേറുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തിയ കുടില്‍കെട്ടി സമരം ഒത്തുതീര്‍പ്പാക്കി ആന്റണി സര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തിലായിരുന്ന മുത്തങ്ങയിലെ സമരം. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സി.കെ. ജാനു, എം. ഗീതാനന്ദന്‍ എന്നിവരായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്.

മുത്തങ്ങ വനഭൂമിയില്‍ കുടില്‍ കെട്ടി സമരം ചെയ്ത ആദിവാസികള്‍ക്ക് നേരെ പൊലീസ് ക്രൂരമായ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. പൊലീസ് വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ള അനേകം പേര്‍ക്ക് ഭീകരമായി മര്‍ദനമേല്‍ക്കുകയും ചെയ്തു. പൊലീസ് ക്രൂരതകളുടെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവിട്ടത് കൈരളി ടി.വി. ആയിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.ഐ.എം മുത്തങ്ങ വിഷയത്തില്‍ സര്‍ക്കാറിനെതിരെ വലിയ സമരങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. അതേ സി.പി.ഐ.എം തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം അധികാരത്തിലിരിക്കുമ്പോള്‍ മുത്തങ്ങയില്‍ അടിച്ചമര്‍ത്തല്‍ നടത്തിയ പൊലീസുകാരെ സംരക്ഷിക്കാനൊരുങ്ങുന്നത്.

കെ.കെ. സുരേന്ദ്രന്‍ നല്‍കിയ കേസില്‍ ബത്തേരി സബ് കോടതി കുറ്റക്കാരായി കണ്ടെത്തിയത് അന്നത്തെ ബത്തേരി എസ്.ഐ. പി. വിശ്വംഭരന്‍, സി.ഐ. ദേവരാജന്‍, പൊലീസുകാരായ മത്തായി, വര്‍ഗീസ്, രഘുനാഥന്‍, വസന്തകുമാര്‍ എന്നിവരെയാണ്. നഷ്ടപരിഹാരത്തുക നല്‍കേണ്ട ഇവരാരും തന്നെ കോടതി വിധിക്കെതിരെ അപ്പീല്‍ പോയിട്ടില്ല. എന്നിട്ടും അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്തിനാണ് അപ്പീലിന് പോകുന്നതെന്ന കാര്യം മനസ്സിലാകുന്നില്ല എന്നാണ് കെ.കെ. സുരേന്ദ്രന്‍ പറയുന്നത്.

‘ഇന്ന് ഭരണത്തിലിരിക്കുന്ന മുന്നണിയില്‍ കേരള കോണ്‍ഗ്രസ് ഒഴികെയുള്ള മുഴുവന്‍ പാര്‍ട്ടികളും മുത്തങ്ങ സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ചവരാണ്. മുത്തങ്ങ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് വിവിധ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും ഒന്നിലും പുരോഗതിയുണ്ടായില്ല. സംഭവത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ മാത്രമാണ് നിയമനടപടികള്‍ മുന്നോട്ടുപോയത്. അതേസമയം ആദിവാസിയായ ജോഗി കൊല്ലപ്പെട്ടതും അനേകം പേര്‍ അതിക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയതുമായ സംഭവങ്ങളിലൊന്നിലും നിയമനടപടികള്‍ ഉണ്ടായിട്ടില്ല.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും പട്ടിക വര്‍ഗ വകുപ്പിന്റെയും നിര്‍ദേശങ്ങളെ അന്നത്തെ സര്‍ക്കാര്‍ തന്ത്രപൂര്‍വം മറികടക്കുകയാണുണ്ടായത്. മുത്തങ്ങ സംഭവത്തില്‍ ആദിവാസികള്‍ നേരിട്ട അനീതിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ടതില്‍ അവശേഷിച്ച ഏക കേസ് ഞാന്‍ നല്‍കിയതായിരുന്നു. ആ കേസിന്റെ വിധിക്കെതിരെയാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ അപ്പീല്‍ പോയിരിക്കുന്നത്. എനിക്കൊപ്പം നിന്ന് സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ എന്തിനാണ് നീതിക്കെതിരെ രംഗത്ത് വരുന്നത് എന്നത് മനസ്സിലാകുന്നില്ല” കെ.കെ. സുരേന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മുത്തങ്ങ സമരഭൂമിയിലെത്തി ആദിവാസികള്‍ക്ക് ക്ലാസെടുത്തെന്നും ആദിവാസികളെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും ആരോപിച്ചാണ് കെ.കെ. സുരേന്ദ്രനെ പൊലീസ് അന്ന് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോയത്. ബത്തേരി എസ്.ഐ. പി. വിശ്വഭംരന്റെ നേതൃത്വത്തില്‍ നടന്ന പൊലീസ് മര്‍ദനമുറകളില്‍ സുരേന്ദ്രന്റെ കര്‍ണപടം തന്നെ പൊട്ടുകയുണ്ടായി. ബൂട്ടുകൊണ്ടുള്ള ചവിട്ടലുകളും ലാത്തികൊണ്ടുള്ള അടികളും ഏല്‍പ്പിച്ച വേദനയ്‌ക്കൊപ്പം ഒരു ചെവിയുടെ കേള്‍വി ശക്തി തന്നെ നഷ്ടപ്പെട്ട സുരേന്ദ്രന്‍ നിരപരാധിയാണെന്ന് സി.ബി.ഐ പിന്നീട് കണ്ടെത്തുകയായിരുന്നു.

നഷ്ടപരിഹാരത്തുകയ്ക്കായി 2004ല്‍ സബ് കോടതിയെ സമീപിക്കുമ്പോള്‍ സുരേന്ദ്രന്റെ മനസ്സിലുണ്ടായിരുന്നത് തനിക്ക് നേരിടേണ്ടി വന്ന ക്രൂര മര്‍ദനങ്ങള്‍ മാത്രമായിരുന്നില്ല, പാര്‍ശ്വവല്‍കൃതരായ ജനതയ്ക്ക് ഒരിക്കലും നീതി നല്‍കാത്ത അധികാര നീതിന്യായ വ്യവസ്ഥയോടുള്ള കലഹമായിരുന്നു. 2004ല്‍ തുടങ്ങിയ നിയമപോരാട്ടം 2021ല്‍ അവസാനിച്ചപ്പോള്‍ വൈകി വന്ന നീതിയിലും മുത്തങ്ങയിലെ ഭൂമിയില്‍ ചോരചിന്തിയ ഓരോ ആദിവാസികളുടെയും അവകാശങ്ങളെയാണ് ഓര്‍മിപ്പിക്കാനുള്ളതെന്നായിരുന്നു കെ.കെ. സുരന്ദ്രന്‍ പറഞ്ഞിരുന്നത്. പതിനേഴ് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ബത്തേരി സബ്‌കോടതിയുടെ വിധി പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങള്‍ക്ക് താക്കീത് നല്‍കുന്നതായിരുന്നു. ആ വിധിയക്കെതിരെയാണിപ്പോള്‍ പിണറായി സര്‍ക്കാര്‍ അപ്പീലുമായി മുന്നോട്ടുവന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinarayi govt moves to protect policemen in Muthanga incident

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more