തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തനു പിണറായി സര്‍ക്കാരിന്റെ കാലത്തെ 20 മാസത്തിനുള്ളില്‍ ലഭിച്ചത് 15 പരോള്‍. 15 തവണയായി 193 ദിവസമാണ് കുഞ്ഞനനന്തന്‍ പുറത്ത് കഴിഞ്ഞത്.
നിയമസഭയില്‍ പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കിയത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മേയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
നേരത്തെ കുഞ്ഞനനന്തനു ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം നടക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 70 വയസ്സ് കഴിഞ്ഞ തടവുകാര്‍ക്കുള്ള ആനുകൂല്യത്തില്‍ ഉള്‍പ്പെടുത്തിയാണ് ശിക്ഷയിളവിന് നടപടിയുണ്ടായിരുന്നത്. ശിക്ഷയിളവ് നല്‍കുന്നതു സംബന്ധിച്ച് ജയില്‍ ഉപദേശക സമിതി പൊലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ 20 മാസത്തില്‍ 193 ദിവസവും കുഞ്ഞനന്തന്‍ പുറത്താ ണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
വഴിവിട്ട രീതിയിലുള്ള പരോളുകളാണ് കുഞ്ഞനന്തനു ലഭിക്കുന്നതെന്നും ജയില്‍ അയാള്‍ക്ക് ഇടത്താവളം മാത്രമായി മാറിയിരിക്കുകയാണെന്നും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “നാട്ടില്‍ വന്ന് കുറേ കാര്യങ്ങള്‍ ചെയ്ത് പോകുന്ന വിശ്രമ സ്ഥലമാണ് ജയില്‍. 2016 ജണ്‍ മാസം ഒരു ദിവസം മാത്രമാണ് കുഞ്ഞനന്തന്‍ ജയിലുണ്ടായിരുന്നത്. 15 ദിവസം പരോളില്‍ പോയി തിരിച്ചു വന്നു ഒരുദിവസം നിന്നു. വീണ്ടും പരോളില്‍ പോവുകയാണ് ചെയ്തത്.” രമ ആരോപിച്ചു.
2-6-2016 മുതല്‍ 8-7- 2017 വരെയുള്ള ദിവസങ്ങളില്‍ എല്ലാ മാസവും കുഞ്ഞനന്തന്‍ പുറത്ത് വന്നിട്ടുണ്ടെന്നും രമ ആരോപിച്ചു. 15 ഉം 16 ദിവസങ്ങള്‍ വീതമാണ് ഒരോ മാസവും കുഞ്ഞനനന്തന്‍ പുറത്ത് ചിലവഴിച്ചതെന്നും രമ പറയുന്നു. ഇതിനെ ശിക്ഷാ നടപടിയായി കാണാന്‍ കഴിയില്ലെന്നും കുഞ്ഞനന്തനു ഇടത്താവളം മാത്രമാണ് ജയിലെന്നും രമ കൂട്ടിച്ചേര്‍ത്തു. ഇതിനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്ത് കൊടുക്കുകയാണെന്നും രമ ആരോപിക്കുന്നു.
“ഒരു കൊല്ലത്തില്‍ പരമാവധി 60 ദിവസമാണ് ഒരാള്‍ക്ക് പരോള്‍ അനുവദിക്കാന്‍ കഴിയുക. പക്ഷേ 2016 ല്‍ ഇതിലധികം ദിവസങ്ങള്‍ കുഞ്ഞനന്തനു പരോള്‍ കിട്ടിയത്.” രമ പറയുന്നു. ഇതിനെതിരെ ഗവര്‍ണറെ സമീപിക്കാനൊരുങ്ങുകയാണെന്നും കോടതിയിലേക്കും നീങ്ങുമെന്നും രമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കണ്ണൂര്‍ പാനൂര്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയില്‍വാസക്കാലത്തു നടന്ന രണ്ടു പാര്‍ട്ടി സമ്മേളനങ്ങളും കുഞ്ഞനന്തനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തി. ഇത്തവണ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പരോളിലെത്തി കുഞ്ഞനന്തന്‍ ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
2016 മേയില്‍ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ഇടതു സര്‍ക്കാര്‍ ജൂണിലും ഓഗസ്റ്റിലും മൂന്നു തവണയായി കുഞ്ഞനന്തനു 38 ദിവസമായിരുന്നു പരോള്‍ നല്‍കിയത്. 2016 ല്‍ മാത്രം പരോള്‍ ലഭിച്ചത് 79 ദിവസം. 2017 ല്‍ ഇതു 98 ദിവസമായി. ഏഴുതവണ സാധാരണ അവധിയും എട്ടുതവണ അടിയന്തര അവധിയുമാണ് അനുവദിച്ചത്. ഭാര്യയുടെ ചികില്‍സ, കുടുംബത്തോടൊപ്പം കഴിയാന്‍ എന്നീ രണ്ടു കാരണങ്ങള്‍ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോള്‍ നല്‍കിയത്.
നേരത്തെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് കൊളവല്ലൂര്‍ പൊലീസ് ടി.പിയുടെ ഭാര്യ കെ.കെ. രമ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് മൊഴിയെടുത്തിരുന്നു. ശിക്ഷയിളവ് തീരുമാനിക്കുംമുമ്പ് ഇരയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം തേടണമെന്ന ചട്ടപ്രകാരമായിരുന്നു നടപടി. എന്നാല്‍ കുഞ്ഞനന്തന് ശിക്ഷയിളവ് നല്‍കുന്നതിനെ അംഗീകരിക്കില്ലെന്നായിരുന്നു രമ മൊഴി നല്‍കിയത്.
ശിക്ഷയിളവ് അംഗീകരിക്കില്ലെന്നും കോടതിയില്‍ നേരിടുമെന്നും രമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൊലയാളികള്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരാെണന്ന സത്യം ഒരിക്കല്‍കൂടി മറനീക്കിയിരിക്കുന്നെന്നും പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോളും ജയിലില്‍ വേണ്ട സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് സി.പി.ഐ.എമ്മും അവരുടെ സര്‍ക്കാറുമാണെന്നും രമ പറഞ്ഞിരുന്നു.
കോടതി ശിക്ഷിച്ച പ്രതികളെ ഭരണസ്വാധീനം ഉപയോഗിച്ച് മോചിപ്പിക്കുന്നത് കോടതി വിധി അട്ടിമറിക്കുന്നതിന് സമമാണെന്നും രമ ആരോപിച്ചിരുന്നു.