| Wednesday, 31st December 2014, 8:50 pm

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: വി.എസിനെതിരെ പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രശ്‌നത്തിന്റെ മേല്‍ സി.പി.എമ്മില്‍ വീണ്ടും വിഭാഗീയത തല പൊക്കുന്നു. വിഷയത്തില്‍ വി.എസിനെതിരെ ഔദ്യോഗിക പക്ഷം പത്രക്കുറിപ്പ് ഇറക്കിയതിന് പിന്നാലെ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് വി.എസിന് പിണറായിയുടെ പരോക്ഷ വിമര്‍ശനം. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ ആരായാലും പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നാണ് പിണറായി പറഞ്ഞിരിക്കുന്നത്.

നേരത്തെ വിഷയത്തില്‍ ടി.കെ പളനിയും വി.എസും തമ്മില്‍ പരസ്യ പ്രസ്താവന യുദ്ധം അരങ്ങേറിയിരുന്നു. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്നും വി.എസിന് എല്ലാ കാര്യങ്ങളും മുന്‍കൂട്ടി അറിയാമായിരുന്നെന്നും  സി.പി.ഐ.എം നേതാവ് ടി.കെ പളനി നേരത്തെ പറഞ്ഞിരുന്നു. അതെ സമയം പാര്‍ട്ടിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് മുന്നോട്ട് പോവുമെന്നാണ് വി.എസ് പറഞ്ഞത്. ഇത് കൂടാതെ സ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തിരുന്നു.

സി.പി.ഐ.എം ന്റെ ആലപ്പുഴ, വയനാട് ജില്ലാ സമ്മേളനങ്ങള്‍ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് വി.എസിന് പുറമെ ഔദ്യോഗിക നേതൃത്വവും പരോക്ഷമായെങ്കിലും രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ  സി.പി.ഐ.എം സെക്രട്ടറിയേറ്റില്‍ വി.എസിനെതിരെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത വിഷയത്തില്‍ വി.എസിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത്. വിഷയത്തില്‍ വി.എസിനെ പൂര്‍ണമായും തള്ളിയായിരുന്നു സെക്രട്ടറിയേറ്റ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more