നിങ്ങള്‍ക്ക് കളിക്കാന്‍ പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ചുനാളുകള്‍കൊണ്ട് തിരിച്ചറിയും; ശബരിമലയിലെ അക്രമസംഭവങ്ങളില്‍ പിണറായി
Sabarimala
നിങ്ങള്‍ക്ക് കളിക്കാന്‍ പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ചുനാളുകള്‍കൊണ്ട് തിരിച്ചറിയും; ശബരിമലയിലെ അക്രമസംഭവങ്ങളില്‍ പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 11:19 am

തിരുവനന്തപുരം: സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞുവെച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സന്നിധാനത്ത് ചിലര്‍ മന:പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ നോക്കുന്ന ആളുകള്‍ അതിന് പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ചുനാളുകള്‍കൊണ്ട് തിരിച്ചറിയുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇപ്പോള്‍ നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ നടക്കുന്നത്. കേരളത്തിലെ നല്ല അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ അവര്‍ ആ ശേഷിയില്‍ എത്തിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞാല്‍ നന്നായിരിക്കും. കേരളത്തിന് പുറത്ത് പയറ്റി തെളിഞ്ഞ കാര്യം ഈ മണ്ണില്‍ തെളിയിച്ചുകളയാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് ഉറപ്പിച്ചോളൂ.


മാതൃഭൂമി ജനം ടിവിയെ കണ്ടുപഠിച്ചു! ശബരിമല വിഷയത്തില്‍ മാതൃഭൂമിയെ അഭിനന്ദിച്ച് ആര്‍.എസ്.എസ് മുഖപത്രം


ശബരിമലയില്‍ പൊലീസിന് തന്നെയാണ് നിയന്ത്രണം. അവര്‍ തന്നെ കാര്യം നടത്തും. ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമ്പോഴാണ് ശബരിമലയില്‍ പൊലീസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അവിടെ ശാന്തത നഷ്ടമാകുന്നു എന്ന അവസ്ഥയിലാണ് പൊലീസ് ഇടപെടുന്നത്. അവിടുത്തെ മറ്റ് കാര്യങ്ങളിലൊന്നും പൊലീസ് ഇടപെടില്ല.

മാധ്യമപ്രവര്‍ത്തകരെ തല്ലിയത് പൊലീസല്ല. അത് ഈ വിഭാഗമാണ്. കൃത്യമായി ഇത്തരം ശ്രമങ്ങള്‍ നാടിന്റെ അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടിയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും കാര്യങ്ങള്‍ ഏറെ കുറെ മനസിലായിക്കാണും. ആ ശക്തികളുടെ ശ്രമം വിജയിക്കാനല്ല പോകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.