ബാല ലൈംഗിക പീഡനത്തെ ന്യായീകരിച്ച് രംഗത്തിറങ്ങുന്നവരെ സാമൂഹ്യവിരുദ്ധരായേ കാണാന്‍ കഴിയൂ: പിണറായി വിജയന്‍
Kerala
ബാല ലൈംഗിക പീഡനത്തെ ന്യായീകരിച്ച് രംഗത്തിറങ്ങുന്നവരെ സാമൂഹ്യവിരുദ്ധരായേ കാണാന്‍ കഴിയൂ: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th March 2017, 1:03 pm

തിരുവനന്തപുരം: കൊച്ചു പെണ്‍കുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

കുറ്റവാളികള്‍ക്കെതിരെ പോലീസ് അതിശക്തമായ നടപടി എടുക്കും. കുറ്റവാളികള്‍ ആരായാലും നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.

ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാന്‍ കഴിയൂവെന്നും പിണറായി പറഞ്ഞു.

“കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല”.- അദ്ദേഹം പറഞ്ഞു.

പീഡോഫീലിയയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍  വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ചുവയസുകാരിയായ പെണ്‍കുട്ടിയോട് കാമം തോന്നിയെന്നും മഞ്ച് കൊടുത്ത് കുട്ടിയെ സ്വാധീനിക്കാറുണ്ടെന്നുമുള്ള ഫര്‍ഹദ് എന്ന യുവാവിന്റെ കമന്റാണ് സോഷ്യല്‍മീഡിയയില്‍ പീഡോഫീലിയയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഇത് കുറ്റകൃത്യമാണെന്ന് പറഞ്ഞ് പലരും രംഗത്തെത്തിയപ്പോള്‍ ഫര്‍ഹദിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു പിണറായിയുടെ കമന്റ്.