സര്‍ക്കാരിന് തെറ്റു പറ്റിയെങ്കില്‍ അത് ചൂണ്ടിക്കാണിക്കൂ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പിണറായി വിജയന്‍
Daily News
സര്‍ക്കാരിന് തെറ്റു പറ്റിയെങ്കില്‍ അത് ചൂണ്ടിക്കാണിക്കൂ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th April 2017, 9:06 pm

 

കണ്ണൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ അത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റുപറ്റിയതായി ചൂണ്ടിക്കാണിക്കാന്‍ മുന്‍ ആഭ്യന്തര മന്ത്രിയായ ചെന്നിത്തലയ്ക്ക് കഴിയുമോയെന്നും പിണറായി കണ്ണൂരില്‍ ചോദിച്ചു.


Also read സമരത്തില്‍ പങ്കെടുത്ത സ്ത്രീയുടെ മുഖത്തടിച്ച് പുരുഷ പൊലീസ്; വീഡിയോ കാണാം 


കേസില്‍ സര്‍ക്കാരിന് തെറ്റു പറ്റിയിട്ടില്ലെന്നും സര്‍ക്കാരിനോ ആഭ്യന്തര വകുപ്പിനോ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും തെറ്റുകാരല്ലാത്ത ആര്‍ക്കുമെതിരെ നടപടിയെടുക്കില്ലെന്നും പറഞ്ഞ പിണറായി കോണ്‍ഗ്രസിനും ബി.ജെ.പിക്കും വേണ്ടപ്പെട്ടവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും ആരോപിച്ചു.

ജിഷ്ണുവിന്റെ ആത്മഹത്യ യു.ഡി.എഫ് ഭരണകാലത്തായിരുന്നെങ്കില്‍ ആ കോളേജ് എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ദുഷിപ്പിച്ച ഉദ്യോഗസ്ഥരെ നേരെയാക്കാന്‍ സമയമെടുക്കുമെന്നും പറഞ്ഞ പിണറായി സര്‍ക്കാരിനെ അപമാനിക്കുന്ന വക്രബുദ്ധികള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജിഷ്ണുവിന്റെ കുടുംബം സമരത്തിനെത്തിയപ്പോള്‍ പൊലീസ് സ്വീകരിച്ച നടപടിയുടെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്നിരുന്നത്. ഈ സാഹചര്യത്തിലാണ് തെറ്റു പറ്റിയെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ട് കൊണ്ട് പിണറായി രംഗത്തെത്തിയത്.