| Sunday, 1st September 2024, 4:15 pm

അംഗരക്ഷകരാല്‍ വെടിയേറ്റ് മരിച്ച ഇന്ദിര ഗാന്ധിയുടെ അവസ്ഥ പിണറായിക്കുമുണ്ടാകാം, അതിന് ഞാന്‍ അദ്ദേഹത്തെ വിട്ടുനല്‍കില്ല: പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വെടികൊണ്ട് മരിച്ചത് പോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും സംഭവിച്ചേക്കാമെന്ന് പി.വി. അൻവർ എം.എൽ.എ. എന്നാൽ അത്തരമൊരു സാഹചര്യം താൻ ഒരുക്കില്ലെന്നും പിണറായി വിജയനെ സ്വന്തം പിതാവായാണ് കാണുന്നതെന്നും പിതാവിനെ സംരക്ഷിക്കേണ്ട ചുമതലയാണ് താൻ ചെയ്യുന്നതെന്നും അൻവർ പറഞ്ഞു. പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബഹുമാനപ്പെട്ട നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് സിഖുകാരെ അംഗരക്ഷകരായി നിയമിക്കരുതെന്ന് ഇന്റലിജെന്റ്സ് പറഞ്ഞിരുന്നു എന്നാൽ ഇന്ദിരാഗാന്ധി എന്താണ് പറഞ്ഞത് മതേതരത്വത്തെക്കുറിച്ച്. ഒടുവിൽ എന്തുണ്ടായി വെടിയേറ്റ് മരണപ്പെട്ടില്ലേ? മുഖ്യമന്ത്രിക്കും അങ്ങനെ സംഭവിച്ചേക്കാം അതിന് വിട്ട് കൊടുക്കണോ ഞാൻ? ഞാൻ ഏതായാലും വിട്ട് കൊടുക്കാൻ തീരുമാനിച്ചിട്ടില്ല. ഒന്നുകിൽ ഞാൻ ഇല്ലാതാകും,’ അൻവർ പറഞ്ഞു.

പിന്നാലെ എ.ഡി.ജി.പി, എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു അദ്ദേഹം. അജിത് കുമാർ നോട്ടോറിയസ് ക്രിമിനൽ ആണെന്നും ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കുറ്റവാളിയാണെന്നും അൻവർ ആരോപിച്ചു. കൂടാതെ എ.ഡി.ജി.പി നിരവധി ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.ആർ അജിത് കുമാർ മന്ത്രിമാരുടെ ഫോൺ വിവരങ്ങൾ ചോർത്താറുണ്ടെന്നും അതിനായി അദ്ദേഹത്തിന് പൊലീസിൽ പ്രത്യേക സംഘമുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. ഫോൺ കോളുകൾ ചോർത്താനായി ഐ.പി.എസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ,മാധ്യമപ്രവർത്തകരുടെയും കോളുകൾ അജിത് കുമാർ ചോർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പിയെ കൂടതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും ആരോപണം ഉയർത്തിയിട്ടുണ്ട്. ശശിയേയും എ.ഡി.ജി.പിയെയും വിശ്വസിച്ച് മുഖ്യമന്ത്രി ചുമതലകൾ ഏൽപ്പിച്ചെന്നും എന്നാൽ അവർ അത് കൃത്യമായി നിർവഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്യുന്നതിൽ പൊളിറ്റിക്കൽ സെക്രട്ടറി പരാജയപ്പെട്ടു. എന്നാൽ ഇതിന്റെ പഴി കേൾക്കേണ്ടി വന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.പി. സുജിത് ദാസും എം.ആർ. അജിത് കുമാറും സ്വർണക്കടത്തിന് കൂട്ടുനിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു. വിവാദങ്ങൾക്ക് ശേഷം സുജിത് ദാസ് ലീവിൽ പോയത് തെളിവുകൾ നശിപ്പിക്കാനാണ് എന്നും അൻവർ കൂട്ടിച്ചേർത്തു.

Content Highlight: pinarayi can have the same fate as indira ghandi, but i will never let that happen p.v anwer

We use cookies to give you the best possible experience. Learn more