| Thursday, 23rd July 2020, 2:22 pm

മതനേതാക്കളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി: സമ്പൂര്‍ണ ലോക്ഡൗണില്‍ അഭിപ്രായം തേടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മതനേതാക്കളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളില്‍ നിന്നും അഭിപ്രായം തേടുമെന്നാണ് അറിയുന്നത്.

തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരുന്നതിന്റെ മുന്നോടിയായിട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.

അതേസമയം തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അതേസമയം വെള്ളിയാഴ്ച മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഇനി പ്രഖ്യാപിക്കാന്‍ പോകുന്നത് കൂടുതല്‍ ശക്തമായ ലോക്ക്ഡൗണാകുമെന്ന് കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റില്‍ പറഞ്ഞിരുന്നു.

കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ കര്‍ശന നടപടികള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more