|

തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് സഖാക്കള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടോ എന്ന് സംശയിച്ചു: ഫാത്തിമ തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പിണറായി സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെ നടന്ന തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് സഖാക്കള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടോ എന്ന് സംശയിച്ചുപോയെന്ന് മുന്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

കേരളത്തില്‍ നിന്നും സി.പി.ഐ.എം  എന്ന രാഷ്ട്രീയ പാര്‍ട്ടി അപ്രത്യക്ഷമായി. ഇപ്പോഴുള്ളത് ദാസ്യമനോഭാവം പേറുന്ന പിണറായി സ്തുതിപാടകരായ ഫാന്‍സ് അസോസിയേഷന്‍ മാത്രമാണെന്നും അവര്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തഹ്‌ലിയയുടെ പ്രതികരണം.

ഉത്തര്‍പ്രദേശില്‍ മോദിയുടെ പേരില്‍ ക്ഷേത്രമുണ്ടാക്കിയെന്നും തമിഴ്നാട്ടില്‍ നേതാവ് മരിച്ചതില്‍ മനംനൊന്ത് അനുയായികള്‍ ആത്മഹത്യ ചെയ്തെന്നും കേള്‍ക്കുമ്പോള്‍ അവിടങ്ങളിലെ പാര്‍ട്ടി അണികളുടെ ബുദ്ധി ശൂന്യതയെ കുറിച്ച് ഓര്‍ത്ത് പരിതപിച്ചിട്ടുണ്ട്. കേരളത്തിലും അത് കണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പാറശാല പൊലീസാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. എന്നാല്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടില്ല എന്നാണ് വിവരം.

മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെതിരെയായിരുന്നു പരാതി.

മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ സമയത്ത് തന്നെ സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരക്കളിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തിന്റെ പേരിലും തിരുവാതിരക്കെതിരെ വിമര്‍ശനമുയര്‍ന്നു. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര അരങ്ങേറിയത്.

CONTENT HIGHLIGHTS: Pinarayi Bhakti comrades suspected of losing brain function when they saw Thiruvathira: Fathima Tahlia