പിണറായി വിജയന്‍ എം.വി രാഘവനെ സന്ദര്‍ശിച്ചു
Kerala
പിണറായി വിജയന്‍ എം.വി രാഘവനെ സന്ദര്‍ശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st April 2013, 10:54 am

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സി.എം.പി നേതാവ് എം വി രാഘവനുമായി കൂടിക്കാഴ്ച നടത്തി.  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. []

എന്നാല്‍ കൂടിക്കാഴ്ചയില്‍ പ്രത്യേക രാഷ്ട്രീയമില്ലെന്നും രോഗവിവരങ്ങളാണ് അന്വേഷിച്ചതെന്നും പിണറായി പറഞ്ഞു. എം.വി രാഘവന്റെ കണ്ണൂരിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

യു.ഡി.എഫില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് സി.എം.പിക്ക് പരാതിയുണ്ട്. യു.ഡി.എഫ് വിട്ട് പുറത്തുവരണമെന്ന് സി.എം.പിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.

ഇടത് നേതാക്കള്‍ മുന്‍കൈ എടുത്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എംവിആര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ എം.വി.ആറിനെ സന്ദര്‍ശിച്ചു. പിന്നാലെയാണ് പിണറായി എം.വി.ആറിനെ സന്ദര്‍ശിച്ചത്.

ഇടതുമുന്നണിയിലേക്ക് വരാന്‍ തയാറാണെന്ന എം.വി.ആറിന്റെ പ്രസ്താവനയുമായി സന്ദര്‍ശനത്തിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും അദ്ദേഹവുമായി ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു പിണറായിയുടെ മറുപടി.

രാവിലെ 9.30 നായിരുന്നു പിണറായി എം.വി രാഘവന്റെ വീട്ടിലെത്തിയത്. 10 മിനിറ്റോളം അദ്ദേഹം എം.വി.ആറുമായി കൂടിക്കാഴ്ച നടത്തി. മാധ്യമപ്രവര്‍ത്തകരെ അറിയിക്കാതെയായിരുന്നു പിണറായിയുടെ സന്ദര്‍ശനം. കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയുന്നത്.

സി.ഐ.ടി.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് പിണറായി കണ്ണൂരിലെത്തിയത്. 1986 ന് ശേഷം ആദ്യമായിട്ടാണ് പിണറായിയും എം.വി രാഘവനും കൂടിക്കാഴ്ച നടത്തുന്നത്.