പലരും ഇടതു സര്‍ക്കാരിനെ വാനോളം പുകഴ്ത്തുന്നത് ഇപ്പോള്‍ അതിന്റെ അമരത്തിരിക്കുന്ന വ്യക്തിയുടെ, ശ്രീ പിണറായി വിജയന്റെ വ്യക്തിഗത അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. പണ്ട് പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് നിരവധി തവണ വിധേയമായ, അതിനെതിരെ സധീരം നിലയുറപ്പിച്ച പിണറായി വിജയന്‍ ഭരണകൂട ഭീകരതയ്ക്ക് എതിരെ ശക്തിയുക്തം നില്‍ക്കും എന്നാണ് എല്ലാവരും, വിശിഷ്യ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയ്ക്ക് ഏതാണ്ട് അവസാനമായി എന്ന് നിലമ്പൂര്‍ വിഷയത്തോടെ ഉറപ്പായിട്ടുണ്ട്.
നവംബര്‍ 24നു മലബാറിലെ നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ട് മാവോവാദികളെ തണ്ടര്‍ ബോള്‍ട്ട് സേന വ്യാജഏറ്റുമുട്ടലിലൂടെ കൊന്ന് തള്ളിയത് കേരളത്തിന്റെ ജനാധിപത്യ മനസാക്ഷിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് എന്നതാണ് ഇതേതുടര്‍ന്ന് ഇടതുപക്ഷത്തു നിന്നുതന്നെയുണ്ടായിട്ടുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടതുപക്ഷ മുന്നണിയില്‍ തന്നെ സി.പി.ഐ പരസ്യമായി രംഗത്തെത്തിയിരിക്കുന്നു.
സി.പി.ഐ.എം അനുഭാവികളും നേതൃത്വത്തിലുള്ളവരും തന്നെ ഇതിനെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നതില്‍ ആശയക്കുഴപ്പത്തിലാണ്. പോലീസ് ഭാഷ്യം തൊള്ളതൊടാതെ വിഴുങ്ങാനാവില്ലെന്ന് എം.ബി രാജേഷും എം.സ്വരാജും വ്യക്തമാക്കിക്കഴിഞ്ഞു. എന്നാലതേസമയം ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോലീസ് ഭാഷ്യത്തില്‍ തന്നെ കടിച്ചുതൂങ്ങുന്നുണ്ട്. പതിവുപോലെ ഇവര്‍ക്ക് പ്രതിപക്ഷമായി വി.എസ്സും രംഗത്തുണ്ട്.
എന്നാല്‍ ഇടതുപക്ഷത്തിന്റെ ഈ ആശയക്കുഴപ്പത്തില്‍ തളം കെട്ടി നില്‍ക്കേണ്ടവരല്ലല്ലോ കേരളത്തിലുള്ളവര്‍. ഈ കൂട്ടക്കുരുതിക്കുത്തരം പറയേണ്ടത് ഉത്തരവാദപ്പെട്ട മന്ത്രിയും ഉദ്യോഗസ്ഥരുമാണ് എന്നതില്‍ മറ്റെങ്ങും (മുമ്പെങ്ങും) നമ്മള്‍ മലയാളികള്‍ സംശയങ്ങള്‍ക്ക് ഇടം നല്‍കിയിരുന്നില്ല. എന്നാല്‍ കേരളത്തില്‍, അതും ഇടതുപക്ഷം ഭരിക്കുമ്പോള്‍ മാത്രം ഉത്തരവാദിത്വത്തെ കുറിച്ചുള്ള തര്‍ക്കത്തിന് ഇടം ലഭിക്കുന്നുവെന്നത് ആത്മാര്‍ത്ഥമായും നമ്മുടെ രാഷ്ട്രീയ ജാഗ്രതയെ ആത്മവിമര്‍ശനത്തിലേയ്ക്ക് തള്ളിവിടുന്നുണ്ട്. അതിലേയ്ക്കാണ് ഈ ലേഖനം ഊന്നല്‍ നല്‍കരുന്നത് എന്ന് ആമുഖമായി തന്നെ പറയട്ടെ.
നിലമ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഇടതുപക്ഷത്ത് നിന്നും വരുന്ന വ്യാഖ്യാനങ്ങളിലേയ്ക്കാണ് ആദ്യം ഇതിനായി ശ്രദ്ധ നല്‍കേണ്ടി വരുന്നത്. തണ്ടര്‍ബോള്‍ട്ട് ഏതോ അജ്ഞാതകേന്ദ്രത്തില്‍ നിന്നും പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പറഞ്ഞയച്ച ഒരു ഭരണകൂടസംവിധാനമാണ് എന്ന വിധമാണ് വ്യാഖ്യാനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍ വലിയ ഉത്തരവാദിത്വങ്ങളൊന്നുമില്ലെന്നും, വെറുതെ ഇടതുസര്‍ക്കാരിനെയും പിണറായി വിജയനെയും വിവാദത്തിലാക്കുക മാത്രമാണ് ഇവിടെ വിമര്‍ശകര്‍ ചെയ്യുന്നതെന്നും പറയാതെ പറയുന്നുണ്ട്, തണ്ടര്‍ബോള്‍ട്ട് സേനയെ വിമര്‍ശിക്കുമ്പോഴും, ഔദ്യോഗിക സി.പി.ഐ.എം വക്താക്കള്‍ തന്നെ.
“”മജിസ്റ്റീരിയല്‍ അന്വേഷണത്തിനു തന്നെ പിണറായി ഉത്തരവിട്ടില്ലെ? പിന്നെന്താ?”” എന്നാണ് ചോദ്യം. ഒപ്പം “എനിക്കിതിനെ പറ്റി ഒന്നുമറിയില്ല” എന്ന് മുഖ്യമന്ത്രി പലയാവര്‍ത്തി പറഞ്ഞു കഴിഞ്ഞുവല്ലോ, അതും ദേശാഭിമാനിയില്‍ തന്നെ എന്നും ഇവര്‍ അത്ഭുതം കൂറുന്നു. അതുകൊണ്ട് കാര്യം കഴിഞ്ഞോ? ഉത്തരവാദിത്വത്തില്‍ നിന്നും പിണറായിക്ക് മോചനം ലഭിക്കുമോ? ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വരെ ഇത്തരമൊരു വാദം വാര്‍ത്തയായിപ്പോലും നല്‍കുന്നുണ്ട് എന്നതാണ് കഷ്ടം. ഓണ്‍ലൈന്‍ രംഗത്ത് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന നാരദാ ന്യൂസില്‍ വന്ന ഒരു വാര്‍ത്തയിലെ ഒരു ഭാഗം ഇങ്ങനെ; “”നോട്ടുപിന്‍വലിക്കലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ ഏറ്റവും രൂക്ഷമായ വിമര്‍ശനം കേരളത്തിലാണ് ഉയരുന്നത്. ഈ സമയത്ത് രാഷ്ട്രീയചര്‍ച്ച വഴി മാറ്റാന്‍ മാവോയിസ്റ്റു വേട്ട ആയുധമാക്കുകയാണോ എന്ന സംശയം ഉന്നയിക്കുന്നവരുണ്ട്.””
വായിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത നല്‍കുന്ന സന്ദേശമെന്താണ്? നോട്ട് വിഷയത്തിലുള്ള സംസ്ഥാനത്തിലെ ജനങ്ങളുടെ വിമര്‍ശനങ്ങളെയും എതിര്‍പ്പിനെയും അട്ടിമറിക്കാന്‍ സംസ്ഥാനആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു സംവിധാനത്തെ വെച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിയതാണ് ഈ കൊലപാതകമെന്നാണോ? സാമാന്യബോധ്യത്തിന് നിരക്കുന്നതാണോ ഈ വാക്കുകള്‍. ഈ വാര്‍ത്ത മൊത്തം പറഞ്ഞുവെയ്ക്കുന്നത് സംസ്ഥാന ആഭ്യന്തരവകുപ്പുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല, സംസ്ഥാന സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ യാതൊരു ബന്ധമോ ഒന്നുമില്ല എന്നൊക്കെയാണ്.
തണ്ടര്‍ബോള്‍ട്ട് ഒരു കേന്ദ്ര സേനയോ?
പലരും ഈ വിഷയത്തില്‍ വെച്ചുപുലര്‍ത്തുന്ന ഒരു സംശയമാണ് ഇത്. നക്‌സല്‍ വിരുദ്ധ സേന അല്ലെങ്കില്‍ ഭീകരവാദ വിരുദ്ധ സേന എന്നീ വിശേഷണമാകാം തണ്ടര്‍ബോള്‍ട്ട്‌സ് എന്ന പോലീസ് സേനയ്ക്ക് കേന്ദ്രവുമായിട്ടു ബന്ധം കാണുന്നതിനുള്ള ഒരു കാരണം. മാവോയിസ്റ്റ്/നക്‌സസല്‍ അതുമല്ലെങ്കില്‍ “തീവ്രവാദ” ഭീഷണി എന്ന വിഷയം ഒരു പ്രാദേശികപ്രശ്‌നമായല്ലല്ലോ പരിഗണിക്കപ്പെടുന്നതും അതുപോലെ കൈകാര്യം ചെയ്യുന്നതും. മുമ്പ് ഗ്രീന്‍ഹണ്ട് ഓപ്പറേഷന്‍ വഴി മാവോയിസ്റ്റുകളെ കൊന്നൊടുക്കാന്‍ ഒരു പദ്ധതിയിട്ടിരുന്നല്ലോ.
ഈ ഒരൂ അജ്ഞതയെ മുതലെടുക്കുന്ന വിദ്വാന്മാരും ഉണ്ട് എന്നതാണ് സത്യം. “”നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരുമിച്ച് രൂപീകരിക്കപ്പെട്ട അര്‍ദ്ധസൈനിക വിഭാഗമാണ്”” ഇത് എന്നുവരെ വാദങ്ങള്‍ നീളുന്നുണ്ട്. അതുപോലെ 2008ലെ മുംബൈ തീവ്രവാദ ആക്രമണത്തിനു ശേഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ രൂപം നല്‍കിയ സേനയാണ് തണ്ടര്‍ബോള്‍ട്ട് എന്നതും ഇത്തരത്തിലൊരു സംശയം ജനിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ വാസ്തവമെന്താണ്? ഈ സംവിധാനവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധമെന്താണ്?
തണ്ടര്‍ബോള്‍ട്ട് തികച്ചും കേരള സംസ്ഥാനസര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഒരു സായുദ്ധ സേനയാണ്, അല്ലാതെ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിനായുള്ള ഒന്നല്ല. വാസ്തവത്തില്‍ തണ്ടര്‍ബോള്‍ട്ട് എന്നത് ഒരു സവിശേഷ വിങ് അല്ല, മറിച്ച് ഒരു സബ് വിങ് ആണ്. കേരളാ പോലീസിനു കീഴിലുള്ള ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (IRB) യൂണിറ്റില്‍ രണ്ട് വിങ് ആണുള്ളത്. ഒന്ന് സിവില്‍ വിങ്ങും. മറ്റൊന്ന് കമാന്റോവിങ്ങും. ഇതില്‍ കമാന്റോ വിങ് ആണ് “തണ്ടര്‍ബോള്‍ട്ട്” എന്ന പേരിലറിയപ്പെടുന്നത്.
തണ്ടര്‍ബോള്‍ട്ട് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള “നക്സല്‍വിരുദ്ധ”/ഭീകരവിരുദ്ധ സുരക്ഷാസേനയാണ്. കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇത് രൂപീകരിക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പരിപൂര്‍ണനിയന്ത്രണത്തിലും ഡിസൈനിങ്ങിലുള്ളതുമായ ഒരു സേന. ഇത് രൂപീകരിക്കുന്നതിനുള്ള പ്രാഥമിക സാമ്പത്തിക സഹായം മാത്രമാണ് കേന്ദ്രം നല്‍കുന്നത്. അതുതന്നെ ആയുധങ്ങളും വാഹനങ്ങളും സൈനിക വിഭവങ്ങളും വാങ്ങിക്കാന്‍ വേണ്ടി. ബാക്കി കാപ്പിറ്റല്‍ എക്സ്പെന്‍ഡിച്ചറുകളായ ഭൂമി വാങ്ങല്‍, കെട്ടിട നിര്‍മ്മാണം മുതലായവയും മറ്റ് റെക്കറിങ് എക്സ്പെന്‍ഡിച്ചറും സംസ്ഥാനം നിര്‍വ്വഹിക്കേണ്ടതാണ്.
സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്റോകളും തണ്ടര്‍ബോള്‍ട്ട് കമാന്റോകളും തമ്മിലെന്ത് ബന്ധം?
ഓണ്‍ലൈനുകളില്‍ തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ സാമ്യപ്പെടുത്താനായി ഉപയോഗിച്ച മറ്റൊരു സേനയാണ് എസ്.പി.ജിയിലെ ബ്ലാക് ക്യാറ്റ് സംവിധാനം. രണ്ടിന്റെയും പ്രവര്‍ത്തനം ഒന്നാണെന്നൊക്കെ. എന്നാല്‍ ഇത് തെറ്റാണ്. എസ്.പി.ജി ബ്ലാക് ക്യാറ്റ് സംവിധാനവുമായി തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധമൊന്നുമില്ല. കാരണം രണ്ട് സേനയും രൂപീകരിച്ചിരിക്കുന്ന വിധവും പ്രവര്‍ത്തിക്കുന്ന വിധവും ലക്ഷ്യവും വെവ്വേറെയാണ്. മാത്രവുമല്ല എസ്.പി.ജി ഒരു കേന്ദ്ര സേനയാണെങ്കില്‍ തണ്ടര്‍ബോള്‍ട്ട് ഒരു സംസ്ഥനപോലീസ് സംവിധാനമാണ്.
വ്യക്തിഗത പ്രൊട്ടക്ഷനുവേണ്ടി 1988നു ശേഷം പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രി, അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ എന്നിവരുടെ വ്യക്തിഗത സുരക്ഷക്കായി രൂപീകരിച്ച സേനയാണ് എസ്.പി.ജി. Section 4 (1) SPG ACT (എസ്.പി.ജി ആക്ട് വായിക്കാം) തന്റെ സുരക്ഷാ സൈനികരാല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതാണ് ഇത് രൂപീകരിക്കുന്നതിന്റെ പശ്ചാത്തലം.
എസ്.പി.ജിയുടെ ഭരണകാര്യങ്ങളും നിയന്ത്രണവും നിലവില്‍ കേന്ദ്രസര്‍ക്കാരിനും കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ഈ ഗ്രൂപ്പിന്റെ ഡയറക്ടര്‍ക്കുമായിരിക്കും. (Section: 5) ഈ ഗ്രൂപ്പിലുള്ള സേനാംഗങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും വിവിധ ഭാഗങ്ങളില്‍ നിയമിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടിവരും. (Section: 6) 1985ലെ ബദ്രീനാഥ് കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരം നിയമിതമായ ഒരു സേനയാണ് ഇത്. ഇതിന്റെ പ്രവര്‍ത്തനരീതികള്‍ “ബ്ലൂബുക്ക്” (പ്രധാനമന്ത്രിയുടെ സുരക്ഷ എങ്ങനെയായിരിക്കണമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ സമാഹാരം) അനുസരിച്ചുള്ളതാണ്. (ബ്ലൂബുക്കിന്റെ പ്രധാനഭാഗം പോണ്ടിച്ചേരി പോലീസ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്)
അടുത്ത പേജില്‍ തുടരുന്നു
തണ്ടര്‍ബോള്‍ട്ട് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത് എന്നും ഇതിന്റെ പ്രവര്‍ത്തനത്തെ പറ്റിയും ഇതും കേരള പോലീസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസിലാക്കാന്‍ തണ്ടര്‍ബോള്‍ട്ട് ആദ്യ കമാന്റോസ് ഔദ്യോഗികമായി പാസിങ്ങ് ഔട്ട് നടത്തുന്ന ദിവസം ഏഷ്യനെറ്റ് ന്യൂസിന്റെ വാര്‍ത്താപ്രഭാതം (അനുഭവത്താള്‍) നടത്തിയ അഭിമുഖത്തില്‍ (ലിങ്ക്) റിസര്‍വ് ബറ്റാലിയന്‍ കമാന്റന്റ് ശ്രീ സതീഷ് ബിനോ, അസിസ്റ്റന്റ് കമാന്റന്റ് ശ്രീ സോളമന്‍ ലൂക്കോസും പറഞ്ഞ വാക്കുകളിലേയ്ക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. സതീഷ് ബിനോ പറയുന്നത്.
“”ബേസിക്കലി എന്റയര്‍ കമാന്റോസിനെ കമാന്റോസായി തന്നെ റിക്രൂട്ട് ചെയ്തതാണ്. യൂഷ്വലി പോലീസ് ഫോഴ്സില്‍ നിന്ന് കുറച്ചുപേരെ സെലക്ട് ചെയ്ത് നമ്മള്‍ കമാന്റോ ട്രെയിനിങ് കൊടുത്ത് പിന്നെ കമാന്റോസ് ആക്കും. ഇത് Direct recruitment as commandos ആയിരുന്നു. ഇത്, I think, one of the first time in the country ആണ്.””
തീര്‍ന്നില്ല. അദ്ദേഹം ഇതിന്റെ ട്രെയിനിങ് മൊഡ്യൂള്‍ (എന്തൊക്കെയാണ് ട്രെയിനിങ്ങില്‍ ഉള്‍പ്പെടുത്തേണ്ടതെന്നത്) ആരാണ് ഡ്രാഫ്റ്റ് ചെയ്തതെന്നും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്;
“”ബഹുമാനപ്പെട്ട സ്റ്റേറ്റ് പോലീസ് ചീഫിന്റെ ഡയറക്ഷനില്‍ ഒരു മൊഡ്യൂള്‍ തീരുമാനിച്ചിട്ട് അതാണ് ഫോളോ ചെയ്തത്. ബേസിക് ട്രെയിനിങ് രണ്ട് ഫേസ് ആയിട്ടാണ്. ഫസ്റ്റ് ഫെയ്സ് നമ്മുടെ കമാന്റോ ട്രെയിനിങ് സ്‌കൂള്‍, പാണ്ടിക്കാട്… ഇവിടെയായിരുന്നു. ഒന്‍പത് മാസത്തിന്റെ കോഴ്സ് ആയിരുന്നു. ഇതില്‍ ബേസിക് ട്രെയിനിങ് ലൈക്ക് ഫിസിക്കല്‍ കണ്ടീഷണിങ്, ഡ്രില്‍, ഫൂട്ട് ഡ്രില്‍, ആംസ് ഡ്രില്‍, ലാത്തി ഡ്രില്‍, ബേസിക് കോമ്പാക്ട് കോഴ്സ്, സ്വാഡ് കോഴ്സ്.. ഇതൊക്കെയായിരുന്നു.
ഇത് ബേസിക്കലി സെക്കന്റ് ഫേസിലേയ്ക്ക് ഇവരെ തയ്യാറെടുക്കാന്‍ വേണ്ടിയുള്ള ഒരു മൊഡ്യൂള്‍ ആിരുന്നു. സെക്കന്റ് ഫേസ് ഞങ്ങള്‍ ഇന്ത്യയിലെ പല കമാന്റോ സ്‌കൂളുകളില്‍ ഇവരുടെ അറ്റാച്ച്മെന്റ്സ് ആയിരുന്നു.” ട്രെയിനിങ്ങിനെ കുറിച്ചുള്ള ഇതേ കാര്യങ്ങള്‍ കേരളാ പോലീസിന്റെ സൈറ്റിലും വ്യക്തമാക്കുന്നുണ്ട്.
ഇത് കാണിക്കുന്നത് തണ്ടര്‍ബോള്‍ട്ട് സേന കമാന്റോകളെ റിക്രൂട്ട് ചെയ്യുന്നതോ ട്രെയിനിങ് നല്‍കുന്നതോ നിലവിലുള്ള സ്.പി.ജി കമാന്റോകളെ പോലെയല്ല എന്ന് തന്നെയാണ്. നിലവിലെ എസ്.എ.പി (സ്പെഷ്യല്‍ ആംഡ് പോലീസ്) ഗൈഡ്ലൈനില്‍ നിന്നും വ്യത്യസ്തമായ ഒരു ഗൈഡ്ലൈന്‍ ആണ് തണ്ടര്‍ബള്‍ട്സിനു ഉപയോഗിക്കുന്നത് എന്നേയുള്ളു. അത് സംസ്ഥാന സര്‍ക്കാരിനു പുറത്തുള്ള ഏജന്‍സിയുടേതോ അവര്‍ തയ്യാറാക്കുന്നതോ ആയ ഒന്നല്ല. മാത്രവുമല്ല ഇന്ത്യയില്‍ തന്നെ കമാന്റോകളായിട്ട് നേരിട്ട് റിക്രൂട്ട് ചെയ്ത സേനയാണ് ഇത്.
സംസ്ഥാന പോലീസ് സംവിധാനമാണ് അതിന്റെ സിലബസ് തന്നെ തീരുമാനിക്കുന്നത്. അല്ലാതെ കേന്ദ്രസര്‍ക്കാര്‍ അല്ല. കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നതും. പോലീസ് സൈറ്റില്‍ പറയുന്നത്; “The helms of this Battalion are fully steered by the Government of Kerala.” (ഈ ബറ്റാലിയന്റെ ചുക്കാന്‍ പൂര്‍ണമായും പിടിക്കുന്നത് കേരളാ സര്‍ക്കാരാണ്.) കേരളാ പോലീസ് എന്ന് പോലുമല്ല സൈറ്റില്‍ പറയുന്നത് “കേരളാ സര്‍ക്കാ”രാണ് എന്നാണ്.
ഈ ബറ്റാലിയന്‍ ഇന്ത്യയിലെ വിവിധ സ്‌കൂളില്‍ നിന്ന് ട്രെയിനിങ് നേടുന്നുണ്ട്. അതിനര്‍ത്ഥം അത് സംസ്ഥാനത്തിന്റേതല്ല എന്നല്ല. അതിന് കഴിവ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് മാത്രമാണ്. സി.ഐ.ഡി മൂസ എന്ന ചിത്രത്തില്‍ മൂസ എന്ന കഥാപാത്രം ഹോളണ്ടിലേയ്ക്ക് പോകുന്നുണ്ട് ട്രെയിനിങ് നേടാനായി. അതിനര്‍ത്ഥം സി.ഐ.ഡി മൂസ ഇനി ഹോളണ്ടിന് സ്വന്തമാണ് എന്നല്ലല്ലോ.
തണ്ടര്‍ബോള്‍ട്ട് ചെയ്യുന്നത് പിണറായിയും ആഭ്യന്തരവും അറിയില്ലെന്നോ?
വ്യാപകമായി പ്രചരിപ്പിച്ചിരുന്ന ഒരു തെറ്റായവാദമാണ് ഇത്. പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിന് തണ്ടര്‍ബോള്‍ട്ടില്‍ വലിയ സ്വാധീനമില്ലെന്നും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും. ഇതിന് ആധാരമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് മുമ്പ് വിവരിച്ചപോല ഈ സേന ഒരു “കേന്ദ്രസേന”യാണ് എന്ന വാദവുമായിരുന്നു.
ഇവിടെ ഒരു പ്രസംഗം ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. 2016 ജൂലൈ 20ന് സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക സൈറ്റ് ആയ cpim.org യില്‍ പ്രസിദ്ധീകരിച്ച ഒരു പ്രസംഗം. ഏകദേശം 10 വര്‍ഷങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷം ജൂലൈ 16ന് നടന്ന മുഖ്യമന്ത്രിമാരുടെ സംയുക്ത കൗണ്‍സില്‍ മീറ്റിങ്ങില്‍ (The Inter-State Council meeting) ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി ശ്രീ പിണറായിവിജയന്‍ നടത്തിയതാണ് ഈ പ്രസംഗം.
കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ആദ്യം ഇവിടെ പറഞ്ഞിട്ട് പിണറായിയുടെ വാക്കുകളിലേയ്ക്ക് വരാം; “”നമ്മുടെ ആഭ്യന്തര സുരക്ഷ ഉറപ്പിക്കുന്നതിനുള്ള വെല്ലുവിളികളെ തരണം ചെയ്യുന്നതില്‍ രാജ്യത്തെ എങ്ങനെ പ്രാപ്തമാക്കാം എന്ന വിഷയത്തിലേയ്ക്ക് നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.”” ഇതാണ് മോദി പറഞ്ഞത്.
ഈ കൗണ്‍സില്‍ മീറ്റിങ്ങില്‍ കേരളത്തിലെ ആഭ്യന്തര/മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്ന കാര്യം ഇതാണ്;
“”തന്ത്രപ്രധാനമായവിധം സ്ഥാനപ്പെട്ടുകിടക്കുന്ന മേഖലയെന്ന നിലയില്‍ ഞങ്ങള്‍ക്ക് ധകേരളത്തിന്പ ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ട്. അതിനെ നേരിടുന്നതില്‍ ഞങ്ങള്‍ക്ക് അലംഭാവമില്ല. ഭീഷണിയുയര്‍ത്തുന്ന സജീവഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ജാഗ്രതപുലര്‍ത്തുകയും സസൂക്ഷമം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സികളും ഇന്‍ലിജന്‍സ് വിഭാഗങ്ങളും സംസ്ഥാന പൊലീസ് സംവിധാനവും തമ്മില്‍ നല്ല നിലയിലുള്ള ആശയവിമനിമയമാണ് (interaction) നിലനില്‍ക്കുന്നതെന്ന് അറിയിക്കുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇനിയുമത് കുറേക്കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്.””
“”മൂന്ന് സംസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വടക്കന്‍ ജില്ലകളിലെ ഇടത് തീവ്രവാദ പ്രവര്‍ത്തനത്തെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രത്യേക സേന രൂപീകരിച്ചും അവയെ സായുധമാക്കിയും സംസ്ഥാനം അതിനെ നേരിടാന്‍ ആവും വിധം ശ്രമിക്കുന്നുണ്ട്. സാമ്പത്തികപരവും സൈനികപരവും മാനവവിഭവശേഷീപരവുമായ കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നത് ഞങ്ങളുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായകമാകും.””
“”കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം ആവശ്യപ്പെടുന്ന തീവ്രവാദ വിരുദ്ധ/പ്രത്യാക്രമണ സേനാ (Counter Insurgency & Anti-terrorism (CIAT) പരിശീലന കേന്ദ്രം അനുവദിക്കണം. ഒരു റിസര്‍വ് ബറ്റാലിയനെ കൂടി അനുവദിക്കണം. സി.ആര്‍.പി.എഫില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഓഫീസര്‍മാരെ വേണം. എന്‍.എസ്.ജി, സി.ആര്‍.പി.എഫ്(സെന്‍ട്രല്‍ ആംഡ് ഫോഴ്‌സസ്), ഐ.ബി എന്നിവര്‍ സംസ്ഥാന പൊലീസിനെ പരിശീലിപ്പിക്കണം. ഇടത് തീവ്രവാദത്തിന്റെ പിടിയിലുള്ള അഞ്ച് ജില്ലകളും സെക്യൂരിറ്റി റിലേറ്റഡ് എക്‌സ്പന്‍ഡിച്ചര്‍ സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തണം. പൊലീസ് ഇന്റലിജന്‍സ് സംവിധാനത്തെ ആധുനികവത്കരിച്ച് ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി വേണം.””
“”വിദേശത്തുള്ള നിരോധിത ഭീകരവാദ സംഘടനകളുമായി ചില മലയാളികള്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നുള്ള അടുത്തകാലത്ത് സംസ്ഥാനത്തു നിന്നുമുണ്ടായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ സംസ്ഥാനസര്‍ക്കാര്‍ ഗൗരവപൂര്‍വ്വം തന്നെ നോക്കിക്കാണുന്നുണ്ട്. കൃത്യമായ തിരിച്ചറിവോടെ നിയമപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും കൂടുതല്‍ പിന്തുണയും സഹായവും ആവശ്യമാണ്. അന്വേഷണത്തിലും എല്ലാ വിധത്തിലുമുള്ള സഹായങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.””
ഇത് സി.പി.ഐ.എം തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസംഗമാണ്. “ആധാര്‍ എന്റോള്‍മെന്റില്‍ കേരളമാണ് ജേതാവായി മുന്നിട്ട് നില്‍ക്കുന്നത് ” എന്നൊക്കെ അതിസന്തോഷം പ്രകടിപ്പിക്കുന്ന/തീവ്രമായി അഭിമാനിക്കുന്ന ഈ പ്രസംഗത്തിലെ മേല്‍ വരികളില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണല്ലോ. സി.പി.ഐ.എമ്മിനും മുഖ്യമന്ത്രി/ആഭ്യന്തരമന്ത്രിക്കും ഇക്കാര്യങ്ങളെ കുറിച്ച് അറിവില്ല എന്ന് ഇനിയും സി.പി.ഐ.എമ്മുകാര്‍ പറഞ്ഞുകൊണ്ടിരിക്കണം!!!
അടുത്ത പേജില്‍ തുടരുന്നു
ഈ പ്രസംഗത്തില്‍ ഒരു സുപ്രധാന പ്രസ്താവനയെ എടുത്ത് പരാമര്‍ശിക്കേണ്ടതുണ്ട്. “ഭീഷണിയുയര്‍ത്തുന്ന സജീവഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ജാഗ്രതപുലര്‍ത്തുകയും സസൂക്ഷമം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സികളും ഇന്‍ലിജന്‍സ് വിഭാഗങ്ങളും സംസ്ഥാന പൊലീസ് സംവിധാനവും തമ്മില്‍ നല്ല നിലയിലുള്ള ആശയവിമനിമയമാണ് (interaction) നിലനില്‍ക്കുന്നതെന്ന് അറിയിക്കുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
“ഈ ഇന്ററാക്ഷന്‍ നിലനില്‍ക്കെയാണ്, ഇത് പിണറായി സസന്തോഷം സമ്മതിക്കെയാണ്, പാര്‍ട്ടി ഔദ്യോഗിക സൈറ്റ് തന്നെ പ്രഖ്യാപിച്ചിരിക്കെയാണ് ഇടതുപക്ഷ, സി.പി.ഐ.എം പക്ഷ ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റുകളുള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നതാണ് സത്യം.
ഇവിടെ ചൂണ്ടിക്കാണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംഗതി, ഇന്നോളവും ആഭ്യന്തരമന്ത്രാലയവും – അത് കേന്ദ്രത്തിലായാലും കേരളത്തിലായാലും – അവയ്ക്ക് നേരിട്ട് പോലീസ് സംവിധാനങ്ങള്‍ക്ക് മേല്‍ പ്രഥമദൃഷ്ട്യാ തന്നെയുള്ള ബന്ധവും നിയന്ത്രണങ്ങളും നിലവിലുണ്ടെന്നിരിക്കെ, അതിനും സവിശേഷമായ നിയമ സംവിധാനങ്ങളും മറ്റും നിലവിലുണ്ട് എന്നിരിക്കെ, യാതൊരു തെളിവും നല്‍കാതെയാണ് പിണറായി വിജയനും സംസ്ഥാനത്തെ ഒരു പോലീസ് സംവിധാനത്തിനുമേല്‍ യാതൊരു ബന്ധവും ഇല്ല എന്നൊക്കെ എഴുന്നള്ളിക്കുന്നത്.
സര്‍വ്വ വിഷയങ്ങളിലും തെളിവുകള്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധബുദ്ധിവെച്ച് പുലര്‍ത്തുകയും തെളിവു ഹാജരാക്കലിന് ക്ലാസെടുക്കുകയും ചെയ്യുന്നവര്‍ക്ക് ഇടതുപക്ഷം ഭരിക്കുമ്പോള്‍ തെളിവൊന്നും പ്രധാനമല്ലായിരിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ 163-ാം അനുച്ഛേദപ്രകാരം സംസ്ഥാന മന്ത്രിസഭയാണ് സ്റ്റേറ്റ് എക്സിക്യൂട്ടീവിന്റെ ഉയര്‍ന്ന ബോഡി. മുഖ്യമന്ത്രി അതിന്റെ തലവനുമാണ് എന്ന കാര്യവും നമ്മള്‍ മറന്നുകൂടാത്തതാണ്.
പണം തട്ടിയെടുക്കാനോ മാവോയിസ്റ്റ് വിരുദ്ധ പോലീസ് സേനകള്‍?
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്ന മറ്റൊരു വാദമുഖത്തെയും ഖണ്ഡിക്കുന്നുണ്ട് പിണറായി വിജയന്റെ പ്രസ്തുത പ്രസംഗം. എന്തിനാണ് തണ്ടര്‍ബോള്‍ട്ട്‌സ് എന്ന ഒരു അര്‍ദ്ധ സൈനിക സവിശേഷതയുള്ള ഒരു സേനയെ പ്രതിഷ്ഠിക്കുന്നത് / രൂപീകരിക്കുന്നത് എന്നതിന് “കേന്ദ്രഫണ്ട് തട്ടിയെടുക്കുക” എന്ന ലക്ഷ്യത്തെയാണ് പലരും ചൂണ്ടിക്കാണിച്ചിരുന്നത്. ഈ വാദം മുമ്പേ നിലവിലുള്ള ഒരു വാദമുഖമാണ്. കാരണം ഇത്തരം സേനകള്‍ക്ക് ഓഡിറ്റിങ് ഇല്ലാത്ത ഫണ്ട് ഒഴുകിയെത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ വ്യാപിച്ചിരുന്നല്ലോ. പല ഏജന്‍സികളും അത് ശരിയാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
എന്നാല്‍ അതിനുവേണ്ടിയാണ് ഇത്തരത്തില്‍ ഒരു സേനയെ രൂപപ്പെടുത്തുന്നത് എന്നത് അങ്ങേയറ്റം ദുര്‍ബലമായ ഒരു വാദമുഖമാണ്. ഭരണകൂടം സംവിധാനങ്ങളെ കുറിച്ചുള്ള ബാലപാഠങ്ങള്‍ പോലും ഓര്‍ക്കാത്ത അതീവ നിഷ്‌കളങ്കര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ചിന്തിക്കാന്‍ സാധിക്കു. അല്ലെങ്കില്‍ ഭരണകൂടത്തിന്റെ നിലനില്‍പ്പും ജനകീയ പ്രതിരോധവും തമ്മിലുള്ള അടുത്ത ബന്ധത്തെ മറച്ചുവെക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്.
നിലവില്‍ ജനങ്ങളെയും ജനകീയ പ്രക്ഷോഭങ്ങളെയും മറ്റ് ഇതര പ്രശ്നങ്ങളെയും അടിച്ചമര്‍ത്തുന്നതിനും ഇല്ലാതാക്കുന്നതിനുമാണ് എല്ലാ വിധത്തിലുമുള്ള ഭരണകൂട/പോലീസ് സംവിധാനങ്ങളും നിലനില്‍ക്കുന്നത്. സുരക്ഷയുടെ പേരിലാണ് ഇവ നിലനില്‍ക്കുന്നത് തന്നെ.
“ആധുനിക വികസനങ്ങള്‍” നേരിട്ട് ജനങ്ങളുടെ സ്വാഭാവിക ജീവിതത്തെ തന്നെ ബാധിച്ചിരിക്കുന്ന ഇന്നത്തെ കാലത്ത് ഉയര്‍ന്നുവരുന്ന എല്ലാത്തരം പ്രതിഷേധ സ്വരങ്ങളെയും അടിച്ചമര്‍ത്താനും സമാധാനപരമായും സായുധപരമായുമുള്ള ചെറുത്തുനില്‍പ്പുകളെ നേരിടാനുമാണ് ഇത്തരത്തിലുള്ള സേനകളെ ആധുനികകാലത്ത് ആധുനിക ഭരണകൂട സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതില്‍ ആര്‍ക്കാണ് തര്‍ക്കം? (സായുധ ചെറുത്തു നില്‍പ്പുകളോട് യോജിക്കാം വിയോജിക്കാം. അത് വേറെ വിഷയം)
അട്ടപ്പാടിയും വയനാടുമൊക്കെയുള്ള ആദിവാസി ജീവിതങ്ങള്‍ക്കുമേലുള്ള നിരന്തര സായുധസേനാ സാന്നിദ്ധ്യങ്ങള്‍ ഇതിന് തെളിവാണല്ലോ. ഇതിനായി വരുന്ന ഭീമമായ ഫണ്ട് തിരിമറി നടത്താനും തട്ടിയെടുക്കാനും ഒരു അഴിമതി സമൂഹത്തില്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായേക്കും. അതിനായി അവര്‍ ഫേക്ക് എന്‍കൗണ്ടറുകളും മാവോയിസ്റ്റ്/തീവ്രവാദി മുദ്രണങ്ങള്‍ ചാര്‍ത്തലും ചെയ്തേക്കും. അറസ്റ്റുകളും മറ്റും നടത്തിയേക്കും.
എന്നാല്‍ ഒരു പോലീസ് സംവിധാനം നിലവില്‍ വരുന്നത് തന്നെ അഴിമതി നടത്താന്‍ വേണ്ടിയാണെന്ന് പറയുന്നത് നിലവിലുള്ള പോലീസ്/ഭരണകൂട സംവിധാനങ്ങളെ കുറച്ചുകാണുന്നതും ഭരണകൂടത്തെ കുറിച്ച് തന്നെ തെറ്റായ ബോധം ഉദ്പാദിപ്പിക്കുന്നതിനും മാത്രമാണ്.
ഈ പ്രസംഗത്തില്‍ പിണറായി തന്നെ കേന്ദ്രത്തോട് വീണ്ടും ഫണ്ട് ആവശ്യപ്പെടുന്നുണ്ട്. വീണ്ടും സുരക്ഷാ സേനയെയും പരിശീലന കേന്ദ്രത്തെയും ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ മേല്‍പറഞ്ഞ വാദമുഖം വെച്ച് അഴിമതി നടത്താന്‍ പിണറായി വിജയനെന്ന മുഖ്യമന്ത്രിതന്നെ നേതൃത്വം നല്‍കുന്നുവെന്നാണോ ഇതില്‍ നിന്നും മറ്റുള്ളവര്‍ വായിക്കേണ്ടത്? ഇത്തരം സേനകളെ “പ്രതിഷ്ഠിക്കാന്‍” ഇടതു സര്‍ക്കാര്‍ തീരുമാനിച്ചതും ഓഡിറ്റിങ് ഇല്ലാത്ത ഈ ഫണ്ട് കണ്ടിട്ടാണ് എന്ന് ഇവര്‍ അംഗീകരിക്കുമോ?
ഈ പ്രസംഗം പാര്‍ട്ടി പത്രത്തില്‍ തന്നെ പ്രസിദ്ധീകരിക്കുമ്പോള്‍ ഇതിനൊക്കെ നേതൃത്വം നല്‍കുന്നത് പാര്‍ട്ടി തന്നെയാണെന്ന് അംഗീകരിക്കുമോ? ഇനിയും ഇവരുടെ ലോജിക് വെച്ച് നോക്കിയാല്‍ പോലും ആളെകൊല്ലുന്ന ഇതേ സംവിധാനത്തെ “പ്രതിഷ്ഠിക്കുന്ന” മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയല്ലേ ഇപ്പോള്‍ നിലമ്പൂര്‍ വനത്തില്‍ നടന്ന മാവോയിസ്റ്റുകളുടെ കൊലപാതകത്തിലും ഉത്തരവാദി?
വാസ്തവത്തില്‍ പിണറായി വിജയനും ആഭ്യന്തരവും നേരിട്ട് നിയന്ത്രിക്കുന്ന ഒരു സംവിധാനത്തെ കുറിച്ചാണ് ഇവര്‍ ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ കള്ളങ്ങളാണെങ്കിലോ വലിയ പ്രത്യാഘാതങ്ങള്‍ തന്നെ ജനാധിപത്യ ബോധത്തിനും സമൂഹത്തിനും വരുത്തിവെയ്ക്കുന്നതുമാണ്.
സംസ്ഥാനത്തിനകത്തുണ്ടാകുന്ന മോഷണക്കേസ് പ്രതികളെ പിടികൂടാന്‍ പോകുന്ന കേസുകള്‍ പോലെ ലാഘവത്തോടെയല്ല സംസ്ഥാന സര്‍ക്കാരും സംസ്ഥാന പോലീസും നക്സല്‍ വേട്ടയെ കാണുന്നത് എന്ന് ഇന്നോളമുള്ള ചരിത്രമാണ്. ഇത് “ദേശസുരക്ഷ”യുടെ കാര്യമാണ്. രാജ്യദ്രോഹപരമായ കുറ്റകൃത്യമാണ് ഭരണകൂടത്തിന്റെ കണ്ണില്‍. അത്തരം ഇന്റേണല്‍ ഇന്‍സര്‍ജന്‍സിയെ നേരിടാനായിട്ടാണ് ഇത്തരം നക്സല്‍വിരുദ്ധ ഭീകരതാവിരുദ്ധ സേനകളെ സംസ്ഥാനസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. അല്ലാതെ കേരളത്തില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിക്കാനല്ല.
അടുത്ത പേജില്‍ തുടരുന്നു
നിലവില്‍ തന്നെ കേന്ദ്ര-സംസ്ഥാന പോലീസ് നയങ്ങളില്‍ തന്നെ ഈ സുരക്ഷ ഏറ്റവും മുന്തിയ എലൈറ്റ് ഇനമാണ്. നീണ്ടു നില്‍ക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണത്. അത്തരത്തില്‍ അതീവ ഗൗരവമേറിയ ഒരു നീക്കമാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ, പോലീസ് സംവിധാനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന എക്സിക്യൂട്ടീവ് ഹെഡ് ആയ മുഖ്യമന്ത്രി/ആഭ്യന്തരമന്ത്രി അറിഞ്ഞിരിക്കില്ലെന്നൊക്കെ അങ്ങ് തട്ടിവിടുന്നത്. (മുഖ്യമന്ത്രി പത്രപ്രവര്‍ത്തകരോട് പറയുന്ന കാര്യങ്ങളൊക്കെ വെച്ച് വിലയിരുത്താന്‍ പോയാല്‍ ഇന്നോളം ഒരു ഭരണകൂട ഇടപെടലും അവര്‍ എങ്ങും അറിയില്ല എന്ന നിഷ്‌കളങ്കയുക്തിയില്‍ ചെന്ന് നില്‍ക്കേണ്ടിവരും.)
മജിസ്റ്റീരിയല്‍ അന്വേഷണമെന്ന കുയുക്തി
നിലമ്പൂര്‍ വിഷയത്തില്‍ ഇടതുപക്ഷക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത് മറ്റ് മുഖ്യമന്ത്രിമാരെ പോലെയായിരിക്കില്ല പിണറായി വിജയന്‍ എന്നാണ്. എന്നാല്‍ പോലീസിന്റെ ഉശിരുകുറഞ്ഞുപോകുന്ന ഒരു ചെറുവിരലനക്കത്തിനും താന്‍ തയ്യാറല്ലെന്ന് പറഞ്ഞതോടെ അവരുടെയൊക്കെ മുഖം ചുളിയുന്നത് കാണുന്നുണ്ട്. പലരും പിണറായിയുടെ “പോലിസിന്റെ ആത്മവിശ്വാസ”പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാലും അവരുടെയെല്ലാം ആശ്വാസം പിണറായി മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു എന്നാണ്. അതും മനുഷ്യാവകാശപ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ച മജിസ്റ്റീരിയല്‍ അന്വേഷണം.
വാസ്തവമെന്താണ്. ഇത് ഒരു കള്ളമാണ്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനമെന്ന ഒരു സംഘടന മുന്നോട്ട് വെച്ച് ആവശ്യത്തെയാണ് ഇവര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യമായി ചിത്രീകരിച്ചിരിക്കുന്നത് എന്നത് പോകട്ടെ. എന്താണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം തന്നെ മുന്നോട്ട് വെച്ചത്. അവരുടെ നോട്ടീസില്‍ പറയുന്നു;
“”ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ച് 2014 ല്‍ സുപ്രീം കോടതി പി.യു.സി.എല്‍ vs. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസില്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചു മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം””
എന്താണ് സുപ്രീം കോടതി ഈ കേസില്‍ മുന്നോട്ട് വെച്ചിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്? CRPC 176.1. (A) പ്രകാരമുള്ള ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ (മജിസ്റ്റീരിയല്‍) അന്വേഷണമാണ് എന്‍കൗണ്ടര്‍ കേസുകളില്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ എന്താണ് മുന്നോട്ട് വെച്ചിരിക്കുന്നത്? ജില്ലാ കളക്ടറെ കൊണ്ടുള്ള അന്വേഷണമാണ്. ജില്ലാ കളക്ടര്‍ എന്ന മജിസ്‌ട്രേറ്റ് പദവിയുള്ള ഒരാളെകൊണ്ട് നടത്തുന്ന എക്‌സിക്യൂട്ടീവിന്റെ ഭാഗമായുള്ള മജിസ്റ്റീരിയല്‍ അന്വേഷണമാണ് ഇത്. ഇത് എന്തുകൊണ്ട് സ്വീകാര്യമല്ല എന്ന് ഈവ്ഫാം (Extra Judicial Execution Victim Families Association (EEVFAM)) കേസില്‍ വ്യക്തമാക്കുന്നുണ്ട്. കോടതി പറയുന്നത് ഇങ്ങനെ
“”ഒരു ജുഡീഷ്യല്‍ എന്‍ക്വയറിയാണ് കൂടുതല്‍ അഭികാമ്യം. സ്വയരക്ഷക്കുമപ്പുറം എന്തെങ്കിലും അമിത അധികാര പ്രയോഗം ഇത്തരം കൊലപാതകങ്ങളില്‍ നടന്നിട്ടുണ്ടോ എന്ന് വസ്തുതകളും സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളും വെച്ച് വിശകലനം ചെയ്ത് മനസിലാക്കാന്‍ ജുഡീഷ്യല്‍ ഓഫീസര്‍ക്ക് മാത്രമേ കഴിയൂ. ഇപ്പോഴത്തെ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ എത്രമാത്രം കേസുകള്‍ പെന്റിങ്ങിലാണെന്നേ പോലീസിന് ജനങ്ങളോട് പറയാന്‍ സാധിക്കു.””
ഇനി നിലമ്പൂര്‍ കേസിലേയ്ക്ക് തന്നെ വരാം. വാസ്തവത്തില്‍ ഈ കേസ് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയ്ക്കാണ് അന്വേഷണ ചുമതല ആദ്യം നല്‍കിയത്. നിലവില്‍ തന്നെ അതിന്റെ പ്രാഥമികാന്വേഷണം അദ്ദേഹം നടത്തിയത് കാരണം അദ്ദേഹം ഈ കേസില്‍ സാക്ഷിയാണ്. അതുകൊണ്ട് ഇത്തരമൊരു ഉത്തരവിറങ്ങിയില്ല. മറിച്ച് മലപ്പുറം കളക്ടര്‍ അമിത് മീണക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഇതാണ് പിണറായി വിജയന്‍ നല്‍കിയ മജിസ്റ്റീരിയല്‍ അന്വഷണം.
ഇതിന്റെ ക്രൂരത ഇവിടം കൊണ്ട് തീര്‍ന്നോ? പി.യു.സി.എല്‍ vs. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസ് പ്രകാരം ഈ കൊലപാതക സംഭവത്തില്‍ ഒരു ക്രൈം രജിസ്റ്റര്‍ ചെയ്ത് വേണം അന്വേഷിക്കാന്‍. അതായത് കൊലപാതകത്തെയാണ് വിഷയമാക്കേണ്ടത്. എന്നാല്‍ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മാവോയിസ്റ്റുകള്‍ പോലീസിനെതിരെ വെടിയുതിര്‍ത്തു എന്ന കേസാണ്. അതായത് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിലല്ല അന്വേഷണം “മാവോയിസ്റ്റുകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച”തിനെതിരെയാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഇതാണ് നിലമ്പൂര്‍ കേസില്‍ ഇടത് സര്‍ക്കാരിന്റെ നിലപാട്. കോടതി നല്‍കുന്ന മിനിമം ജനാധിപത്യമര്യാദയോ നീതിയോ പോലും പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നു എന്നതാണ് സത്യം.
ഭരണകൂട ഭീകരതയും ഇടതു സര്‍ക്കാരും
പലരും ഇടതു സര്‍ക്കാരിനെ വാനോളം പുകഴ്ത്തുന്നത് ഇപ്പോള്‍ അതിന്റെ അമരത്തിരിക്കുന്ന വ്യക്തിയുടെ, ശ്രീ പിണറായി വിജയന്റെ വ്യക്തിഗത അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. പണ്ട് പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് നിരവധി തവണ വിധേയമായ, അതിനെതിരെ സധീരം നിലയുറപ്പിച്ച പിണറായി വിജയന്‍ ഭരണകൂട ഭീകരതയ്ക്ക് എതിരെ ശക്തിയുക്തം നില്‍ക്കും എന്നാണ് എല്ലാവരും, വിശിഷ്യ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയ്ക്ക് ഏതാണ്ട് അവസാനമായി എന്ന് നിലമ്പൂര്‍ വിഷയത്തോടെ ഉറപ്പായിട്ടുണ്ട്.
എന്നാല്‍ അതിനു മുമ്പ് തന്നെ പിണറായി ഭരണകൂട ഭീകരതയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നോ? ഇല്ല എന്നതാണ് സത്യം. മേല്‍ സൂചിപ്പിച്ച പ്രസംഗത്തില്‍ തന്നെ എത്രമാത്രം സായുധശക്തിയാണ് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്!! അത്രമാത്രം ഭീകരതാസാന്നിദ്ധ്യം സംസ്ഥാനത്തിനകത്തുണ്ടായോ? ഏതാനും ചില മുസ്‌ലീങ്ങള്‍ ആടുമേക്കാന്‍ പോയ കഥയല്ലാതെ അതിന്റെ വസ്തുത എന്താണ്.
വിരലിലെണ്ണാവുന്ന പ്രശ്‌നങ്ങള്‍. മാവോയിസ്റ്റുകള്‍ അരിചോദിച്ച് വയനാട്ടിലും മറ്റും അലഞ്ഞ കഥ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നമ്മള്‍ കേട്ടതാണ്. ഇത്തരം കെട്ടുകഥകളും മറ്റുമല്ലാതെ എവിടെയാണ് ഇതര സംസ്ഥാനങ്ങളെ പോലെ ഇത്രയും അപകടകരമായ ഒരു സവിശേഷ സാഹചര്യം ഇവിടെ ഈ കൊച്ചുകേരളത്തില്‍ നിലനില്‍ക്കുന്നത്. പിന്നെന്തിനാണ് മുഖ്യമന്ത്രിമാരുടെ ആ സമ്മേളനത്തില്‍ പിണറായി സായുധസേനകള്‍ “ഇഞ്ഞീംവേണം ഇഞ്ഞീം വേണം” എന്ന് നിലവിളിക്കുന്നത്? എന്താണ് ഇത് കാണിക്കുന്നത്?
പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍, അതും ഭരണഘടന അനുവദിക്കുന്ന കാര്യങ്ങള്‍ തന്നെ പറഞ്ഞുകൊണ്ടുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചതിന്റെ പേരില്‍ യു.എ.പി.എ എന്ന മര്‍ദ്ദക നിയമം നടപ്പിലാക്കപ്പെട്ട നാണം കെട്ട കേരളത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് മറക്കാന്‍ പാടില്ല. അത് പിണറായിയല്ല നടപ്പാക്കിയത്. എന്നാല്‍ കേരളത്തില്‍ യു.എ.പി.എ ആദ്യമായി നടപ്പാക്കപ്പെടുന്നതോ? കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴും.
ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് യു.എ.പി.എ ചാര്‍ത്തപ്പെട്ട് തുറങ്കിലടക്കപ്പെട്ടവരില്‍ മറ്റെല്ലാവരും ജാമ്യത്തില്‍ ഇറങ്ങിയപ്പോഴും ഇടതുപക്ഷം അധികാരത്തില്‍ വന്നിട്ടും ഗൗരി എന്ന ആദിവാസിയുവതിക്കും ചാത്തുവെന്ന ദളിതനും എന്തുകൊണ്ട് ജാമ്യം നിഷേധിക്കപ്പെടുകയും പുറത്തിറങ്ങാന്‍ വൈകുകയും ചെയ്തു? ആരാണ് അവരുടെ ജാമ്യത്തിന് വീണ്ടും വീണ്ടും കള്ളങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുകയും ജാമ്യത്തെ എതിര്‍ക്കുകയും ചെയ്തത്?
ഇപ്പോള്‍ ഷാന്റോ ലാലിനും പ്രമുഖ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.എന്‍ രാവുണ്ണിയുടെ മേലും യു.എ.പി.എ ചാര്‍ത്തി അവരെ തുറങ്കല്ലില്‍ തള്ളിയതാരാണ്? കൊല്ലം കുണ്ടറയില്‍ കുഞ്ഞുമോനെന്ന ദളിതനെ പെറ്റിക്കേസിന് പിടിച്ചുകൊണ്ടുപോയി പോലീസ് തല്ലിക്കൊന്നതിന് ഉത്തരവാദി ആര്? കേരളത്തില്‍ എത്ര പോലീസ് മര്‍ദ്ദനങ്ങളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്? എന്തുകൊണ്ട്? അപ്പോള്‍ വാക്കുകളില്‍ മാത്രം മതിയോ ഭരണകൂടഭീകരതാവിരുദ്ധതയും യു.എ.പി.എ വിരുദ്ധതയും? കാനം രാജേന്ദ്രന്‍ ചോദിച്ച ചോദ്യം ഒന്നൂടെ വൃത്തിയായി, തെളിവോടുകൂടി ചോദിക്കട്ടെ, മോദിക്ക് പഠിക്കാനാണോ പിണറായി മുഖ്യമന്ത്രിയായത്? അഥവാ പിണറായി വിജയന്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്, കെ കരുണാകരന്റെ അതേ ചരിത്രം