| Sunday, 26th June 2016, 8:00 pm

എസ്.എന്‍.ഡി.പിയെ നയിക്കുന്നവര്‍ ഗുരുനിന്ദ നടത്തുന്നു: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  ജാതി പറയരുത് എന്ന് പഠിപ്പിച്ച ഗുരുവിനോട് ജാതി പറഞ്ഞാലെന്താ എന്ന് ചോദിക്കുന്നവരാണ് ഇന്ന് ഗുരുവിന്റെ അനുയായികളായി നടിക്കുന്നവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവിനെ റാഞ്ചാന്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ തന്നെ വക്താക്കള്‍ ശ്രമിക്കുകയാണ്. നാക്കെടുത്താല്‍ ജാതിയുടെ പേരില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇക്കൂട്ടര്‍. ഈ ശ്രമത്തെ ശിവഗിരിയിലെ നിഷ്‌കളങ്കരായ സന്യാസിമാര്‍ ഇത് തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗുരുവിന്റെ ശിഷ്യനാകാനുള്ള ഏറ്റവും വലിയ യോഗ്യത ജാതിയും മതവും ഇല്ലാത്തവനാകുക എന്നതാണ്. ഇപ്പോള്‍ യോഗത്തെ നയിക്കുന്നവര്‍ ഗുരുവിന്റെ ഈ ആശയങ്ങളേയാണോ പിന്തുടരുന്നതെന്ന് സ്വയം പരിശോധിക്കണം. ഗുരു എന്തിന് വേണ്ടിയാണോ പ്രവര്‍ത്തിച്ചത് അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സമൂഹത്തില്‍ ഇന്ന് നടക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സ്.എന്‍ഡി.പി വക്താക്കള്‍ അന്ധകാരത്തിന്റെ കൂട്ടുകാരായി മാറിയെന്നും പിണറായി പറഞ്ഞു.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചടങ്ങില്‍ നിന്നും ശിവഗിരി മഠം മാറ്റി നിര്‍ത്തിയിരുന്നു. ഗുരുവിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നവരെ മാത്രമെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും അതുകൊണ്ടാണ് എസ്എന്‍ഡിപി യോഗ നേതാക്കളെയടക്കം പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്നും ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more