കേസ് പിന്‍വലിക്കാന്‍ സര്‍ക്കാറിന് എന്ത് അധികാരമാണുള്ളതെന്ന് പിണറായി
Daily News
കേസ് പിന്‍വലിക്കാന്‍ സര്‍ക്കാറിന് എന്ത് അധികാരമാണുള്ളതെന്ന് പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th January 2015, 2:38 pm

ksuതിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിനു മേല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാറിന് എന്ത് അധികാരമാണുള്ളതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ന്യായമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ധിക്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണ് കേസ് പിന്‍വലിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. സി.പി.ഐ.എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സര്‍ക്കാരിന്റ അധികാരം തോന്നിയതുപോലെ പ്രവര്‍ത്തിക്കാനുള്ളതല്ല. യു.ഡി.എഫ് സര്‍ക്കാറാണ് ഹയര്‍സെക്കണ്ടറി ഫീസ് വര്‍ധിപ്പിച്ചത്. അതിന് കെ.എസ്.യുക്കാര്‍ ഹയര്‍സെക്കണ്ടറി ഡയക്ടറുടെ മേല്‍ കരിഓയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്.” പിണറായി വ്യക്തമാക്കി.

ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന് നേരെ ഇത്തരം നീചമായ പ്രവൃത്തി നടത്തിയതിനെതിരായ കേസാണ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചതെന്ന് പറഞ്ഞ പിണറായി ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ എന്ത് സുരക്ഷയാണുള്ളതെന്നും ചോദിച്ചു.

ഉമ്മന്‍ചാണ്ടിയുടെ ധിക്കാരം കേരളത്തിനെ അരാജകത്തിലേക്കാണ് നയിക്കുകയെന്നും പിണറായി പറഞ്ഞു. ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ മേല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി അടുത്തമാസം അഞ്ചിന് വിധി പറയും. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ആണ് വിധി പറയുക.

പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഹയര്‍സെക്കണ്ടറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. 2012 ഫെബ്രുവരിയിരുന്നു സംഭവം.

ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചു ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ ഓഫീസിലേക്കെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഡയറക്ടറുമായുള്ള ചര്‍ച്ചയ്ക്കിടെ അദ്ദേഹത്തിനു മേല്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേരെ പോലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റുമായി 5.5ലക്ഷം രൂപ കെട്ടിവച്ചതിനുശേഷമാണ് അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങിയത്. അറസ്റ്റിലായ ഇവരെ കെ.എസ്.യുവില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. 2013ല്‍ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ കഴിഞ്ഞ ഡിസംബറില്‍ കോടതി വാദം കേട്ടിരുന്നു. അടുത്തമാസം അഞ്ചിന് കോടതി കേസിന്റെ വിധി പറയും.

അതിനിടെ കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു കേശവേന്ദ്ര കുമാര്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ കേസ് പിന്‍വലിച്ചാല്‍ നിയമനടപടികളുമായി വ്യക്തിപരമായി മുന്നോട്ടുപോകുമെന്ന് കേശവേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

കേസ് പിന്‍വലിക്കുന്നതില്‍ ഐ.എ.എസ് അസോസിയേഷന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അസോസിയേഷനോടു ആലോചിക്കാതെ കേസ് പിന്‍വലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടു കണ്ട് പ്രതിഷേധം അറിയിക്കാനായിരുന്ന ഐ.എ.എസ് അസോസിയേഷന്റെ തീരുമാനം.

കേസ് പിന്‍വലിക്കുകയാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും ഐ.എ.എസ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.