| Tuesday, 17th January 2017, 12:00 pm

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടം നടത്തുന്നു: സ്വാശ്രയമേഖലയില്‍ കൊളളയും ക്രമക്കേടുമാണ് നടക്കുന്നതെന്നും പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്രിസ്ത്യന്‍ സ്വാശ്രയ മാനെജ്മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസ കച്ചവടത്തോട് പുറംതിരിഞ്ഞു നിന്നവരായിരുന്നു ക്രിസ്ത്യന്‍ മാനെജ്മെന്റുകളെന്നും എന്നാല്‍ പുതിയ കാലത്തെ പ്രവണതകള്‍ അവരെയും ബാധിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇന്ന് അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണ്. അപൂര്‍വം ക്രൈസ്തവ മാനെജ്മെന്റുകള്‍ മാത്രമാണ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

നിരവധി പരാതികള്‍ ഉയര്‍ന്ന തലശേരി വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളെജിന്റെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച് തലശേരി അതിരൂപത കഴിഞ്ഞ ദിവസം ഇടയലേഖനം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവ മാനെജ്മെന്റുകളെ വിമര്‍ശിച്ച് പിണറായി വിജയന്‍ രംഗത്തെത്തിയത്.


വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാകരുത്. സ്വാശ്രയമേഖലയില്‍ കൊളളയും ക്രമക്കേടുമാണ് നടക്കുന്നതെന്നും ലാഭക്കണ്ണോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ ഇത്തരം സ്വാശ്രയ മാനെജ്മെന്റ് കോളെജുകള്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ആരും പരാതി നല്‍കുവാന്‍ തയ്യാറായിരുന്നില്ല. ഇപ്പോഴും വിജിലന്‍സിന് ആരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല.

അബ്കാരി ബിസിനസ് നടത്തുന്നവര്‍ വരെ ലാഭം മുന്നില്‍കണ്ട് കോളെജുകള്‍ തുടങ്ങി. ഇവര്‍ ലേലം വിളിച്ച് നിയമനം നടത്താന്‍ വരെ തുടങ്ങിയെന്നും പിണറായി കുറ്റപ്പെടുത്തുന്നു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അഴിമതികള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇതിനായി വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more