തിരുവനന്തപുരം: ഒരോ മേഖലയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപദേഷ്ടാക്കളെ നിയമിക്കുന്നത് പ്രതിപക്ഷം വിമര്‍ശന വിധേയമാക്കിയിരുന്നു. എന്നാല്‍ തനിക്കെത്ര ഉപദേഷ്ടാക്കള്‍ ഉണ്ടെന്നുള്ള കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തന്നെ പിടിയില്ലെന്നാണ് നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
നിയമസഭയില്‍ ഒരേ ദിവസം പ്രതിപക്ഷ എം.എല്‍.എമാര്‍ ചോദിച്ച ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് പിണറായി വ്യത്യസ്ത ഉത്തരങ്ങള്‍ നല്‍കിയത്. ഏപ്രില്‍ 25നായിരുന്നു ലീഗ് എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പാറയ്ക്കല്‍ അബ്ദുള്ള കോണ്‍ഗ്രസ് എം.എല്‍.എ എം വിന്‍സെന്റ് എന്നിവര്‍ മുഖ്യമന്ത്രിമാര്‍ക്ക് എത്ര ഉപദേഷ്ടകരുണ്ടെന്ന് ചോദിച്ചത്.
ഇബ്രാഹിമിനോടും അബ്ദുള്ളയോടും ആറ് ഉപദേശകരുണ്ടെന്ന മറുപടി നല്‍കിയ പിണറായി വിന്‍സെന്റിന് മറുപടി നല്‍കിയപ്പോള്‍ എട്ട് ഉപദേശകരുണ്ടെന്നായിരുന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.
ആഭ്യന്തര വകുപ്പുമായ് ബന്ധപ്പെട്ട നൂറിലധികം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതേ തുടര്‍ന്ന് സ്പീക്കര്‍ ഗൗരവമുള്ള ആരോപണമാണിതെന്നും മുഖ്യമന്ത്രി ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപദേഷ്ടാക്കളുടെ എണ്ണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പിണറായി മറുപടി പറഞ്ഞത്. അതാണെങ്കില്‍ ഒരു ചോദ്യത്തിന് രണ്ടുത്തരമെന്ന നിലയിലുമായി.