തിരുവനന്തപുരം: വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചിലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീക്കിവെച്ച 50 കോടി രൂപ സര്‍ക്കാര്‍ പദ്ധതിക്ക് ഉള്ളതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
“”ഒരു കാര്യം അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. വനിതാ മതിലിന് നമ്മുടെ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും ചിലവഴിക്കില്ല. ഇവിടെ ഹൈക്കോടതിയില്‍ കൊടുത്ത ഒരു സത്യവാങ്മൂലം എന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുണ്ട്.
ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ വനിതാ രംഗത്ത് സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുന്നു എന്നുള്ളതാണ്. ഒട്ടേറെ കാര്യങ്ങള്‍ വിവിധ രീതിയില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. വനിതാ രംഗത്തെ ഇടപെടലുകള്‍ക്ക് വേണ്ടി നീക്കിവെച്ച തുകയാണ് ഈ 50 കോടി. ആ 50 കോടിയില്‍ ഒരു പൈസ പോലും ഈ വനിതാ മതിലിന് വേണ്ടി ചിലവാക്കാന്‍ ഉള്ളതല്ല. വനിതാ മതില്‍ കണ്ടുകൊണ്ട് വെച്ചതുമല്ല. – പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം വനിതാ മതിലില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടെന്ന് ധനമന്ത്രി തോമസ് ഐസക്. വനിതാ മതിലിന് വേണ്ടി ബജറ്റില്‍ നിന്ന് തുക ചിലവാക്കില്ല. വനിതാ സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും ധനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട് എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഈ പണം വനിതാ മതിലിന് വിനിയോഗിക്കാനാണെന്ന രീതിയിലാണ് സത്യവാങ്മൂലം വ്യാഖ്യാനിക്കപ്പെട്ടത്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 50 കോടി രൂപ ചിലവാക്കി വനിതാ മതില്‍ നടത്താന്‍ പോകുന്നുവെന്ന രീതിയിലും സര്‍ക്കാരിനെതിരെ പ്രചരണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തിയത്.