പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചത് ഒരു വിഭാഗം വിശ്വാസികളെ സര്‍ക്കാരില്‍ നിന്ന് അകറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്നാല്‍ ആ അകല്‍ച്ച താല്‍ക്കാലികം മാത്രമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ശബരിമലയില്‍ പ്രായഭേദനമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് വഴികള്‍ ഇല്ലായിരുന്നെന്നും പിണറായി വിജയന്‍ അഭിമുഖത്തില്‍ പറഞ്ഞു.
എത്ര വോട്ടു കുറഞ്ഞാലും കേരളത്തെ പിന്നോട്ട് നയിക്കാന്‍ ശ്രമിക്കില്ല. ആര്‍.എസ്.എസും ബി.ജെ.പിയും കേരളത്തില്‍ വര്‍ഗിയ ധ്രുവീകരണം ഉണ്ടാക്കി സംസ്ഥാനത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
ഒരുപാട് വര്‍ഷം നീണ്ട പരിഷ്‌കരണങ്ങള്‍ക്കും നവോത്ഥാനശ്രമങ്ങള്‍ക്കും ശേഷമാണ് കേരളത്തിന്റെ മതനിരപേക്ഷത രൂപം കൊണ്ടത്. ആ അന്തരീക്ഷംതകര്‍ക്കാന്‍ കാലങ്ങളായി സംഘപരിവാര്‍, ആര്‍.എസ്.എസ് സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശബരിമല അവര്‍ ഒരു അവസരമായി കാണുകയാണ്- പിണറായി പറഞ്ഞു.
ശബരിമലയിലെ മണ്ഡലകാല തീര്‍ത്ഥാടന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അന്തിമ തീരുമാനം സുപ്രീം കോടതി തീരുമാനം ഉണ്ടായതിനു ശേഷമായിരിക്കും. എന്നാല്‍ യോഗം വിളിച്ചിരിക്കുന്നത് നല്ല ഉദ്ദേശത്തിലാണെങ്കില്‍ പങ്കെടുക്കുമെന്നാണ് ബി.ജെ.പിയുടെ തീരുമാനം.
അതേസമയം ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്‍കിയ 48 പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നാണ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായി പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ സംബന്ധിച്ച് തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. ജഡ്ജിമാരുടെ ചേംബറിലായിരിക്കും പരിഗണിക്കുക.