തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആര്‍.എസ്.എസ് കൊലപാതകപരിശീലനം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളും ആര്‍.എസ്.എസിന്റെ കൊലപാതക ആസൂത്രണങ്ങളില്‍ പങ്കാളികളാകുന്നതായും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
“സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും പോലും ആയുധപരിശീലനങ്ങള്‍ നടക്കുന്നുണ്ട്. ഇത് അനുവദിക്കില്ല. ആര്‍.എസ്.എസുകാര്‍ അന്ധമായ സി.പി.ഐ.എം വിരോധം കാരണം സി.പി.ഐ.എംകാരെയും ചില കോണ്‍ഗ്രസ് പ്രവര്‍ത്തരകരെയും കൊന്നൊടുക്കി. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും ക്യാമ്പ് ചെയ്ത് ക്ഷേത്രങ്ങളില്‍ ഉത്സവത്തിനെത്തുന്നവരെ ആക്രമിക്കുന്നുണ്ട്. തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ ആക്രമണം ഇതിനുദാഹരണമാണ്” അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.എല്‍.എമാരായ എം.എന്‍ ഷംസീര്‍, ഇ.പി. ജയരാജന്‍, എം. രാജഗോപാലന്‍, കെ. കൃഷ്ണന്‍കുട്ടി, പി.സി. ജോര്‍ജ്ജ്, മുഹമ്മദ് മൊഹ്‌സീന്‍, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് സംസ്ഥാനത്തെ ആയുധ പരിശീലനത്തെക്കുറിച്ചും ഇതിന് തടയിടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
കാസര്‍ഗോഡ് മദ്രസ അദ്ധ്യാപകനെ കൊന്നത് വര്‍ഗീയ കലാപത്തിനുള്ള പദ്ധതിയായിരുന്നു. കൊല്ലപ്പെട്ട അദ്ധ്യാപകനുമായി യാതൊരു വിരോധവുമില്ലാത്തവരായിരുന്നു ഇതിന് പിന്നില്‍. സ്ഥലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പ്രദേശത്തെ മുസ്‌ലിം ജനവിഭാഗവും സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കി ഒപ്പം നിന്നതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആയുധപരിശീലനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാനും സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.
ആര്‍.എസ്.എസ് ശാഖയിലെത്തുന്നവരുടെ മാനുഷികമൂല്യങ്ങള്‍ ചോര്‍ന്നു പോവുകയാണ്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആര്‍.എസ്.എസ് നടത്തുന്നത് കൊലപാതക പരിശീലനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍
കേരളാ പൊലീസ് നിയമത്തില്‍ കായിക പരിശീലനത്തിനും മാസ് ഡ്രില്ലിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ പാലിച്ചു കൊണ്ടാണോ ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യത്തിന് “നിലവിലുള്ള നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നതെന്ന” മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
കേരള പൊലീസ് ആക്ട് 2011ലെ 73-ാം വകുപ്പ് പ്രകാരം കായിക പരിശീലനം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്ടിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് നിര്‍ണ്ണയിച്ചിട്ടുള്ള അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ അക്രമണമോ സ്വയംരക്ഷയെ സംബന്ധിച്ച അഭ്യാസരീതികള്‍ ഉള്‍ക്കൊള്ളുന്ന കായിക പരിശീലനമോ സംഘടിപ്പിക്കുവാനോ പങ്കെടുക്കുവാനോ പാടുള്ളതല്ലെന്നും ഇതിനായി തന്റെ ഉടമസ്ഥതയിലോ കൈവശത്തിലോ ഉള്ള കെട്ടിടമോ പരിസരമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും അനുവദിച്ച് നല്‍കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇത്തരംം കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് ആക്ട് 2011ന് ചട്ടം രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011ല്‍ നിയമം പാസായെങ്കിലും ഇതുവരെ ചട്ടം രൂപവല്‍ക്കരിച്ചിട്ടില്ല. പൊലീസിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും കുറ്റക്കാരായ സേനാംഗങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും ചട്ടം വേണം. പൊലീസ് ആക്ട് സെക്ഷന്‍ 121 പ്രകാരമാണ് സേനാംഗങ്ങള്‍ക്ക് ശിക്ഷ നല്‍കുന്നത്.
ചട്ട രൂപീകരണത്തിലൂടെ മാത്രമെ ശിക്ഷാനടപടികള്‍ ഉറപ്പാക്കാന്‍ കഴിയൂ. ചില ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മോശമായി പെരുമാറുന്നത് പരിശീലനത്തിലെ പിഴവുകൊണ്ടാണ്. സേനയിലുള്ള ഒരു ബാച്ച് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരിശീലന പരിപാടികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും. ഉന്നതവിദ്യാഭ്യാസമുള്ള പലരും സാധാരാണ പൊലീസുകാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ സേവനം സേനയെ മെച്ചപ്പെടുത്താനുപയോഗിക്കും. ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.