കണ്ണൂര്‍: ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാരിന് പ്രത്യേക മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാര്യങ്ങളില്‍ പോലും കേരളത്തോട് കേന്ദ്രസര്‍ക്കാരിന് പ്രത്യേക മനോഭാവമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തമിഴ്നാട്ടിലെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വിളിച്ച് സംസാരിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. തോന്നാതിരുന്നത് ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ്” പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
Also Read: ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
മുഖ്യമന്ത്രിക്കായി സര്‍ക്കാര്‍ പുതിയ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നെന്ന റിപ്പോര്‍ട്ടുകളും പിണറായി തള്ളി മുഖ്യമന്ത്രിയുടെ സുരക്ഷ ഇല്ലാതിരുന്ന കാലത്തും താന്‍ പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ തനിക്ക് വേണ്ടി വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“സംസ്ഥാനത്തെത്തുന്ന രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും പോലുള്ള വി.വി.ഐ.പികള്‍ക്കു സുരക്ഷാ ഭീഷണിയുണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നത്. ഇക്കാര്യങ്ങള്‍ മനസിലാക്കാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ മാത്രം ലക്ഷ്യമിട്ട് ചില മാധ്യമങ്ങള്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ്” മുഖ്യമന്ത്രി പറഞ്ഞു.