ശബരിമല; ജാതിയും മതവും നോക്കി പൊലീസുകാരെ വിടാനാവില്ല; പൊലീസില്‍ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചെന്നും പിണറായി
Sabarimala women entry
ശബരിമല; ജാതിയും മതവും നോക്കി പൊലീസുകാരെ വിടാനാവില്ല; പൊലീസില്‍ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചെന്നും പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2018, 2:23 pm

തിരുവനന്തപുരം: എല്ലാ മേഖലയിലും വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ് സംഘപരിവാര്‍ എന്നും വര്‍ഷങ്ങളായി ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന മികവുറ്റ പൊലീസ് ഉദ്യോഗസ്ഥരെ പോലും ഒറ്റ തിരിച്ച് ആക്രമിക്കാനുള്ള ശ്രമം സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിനെ പോലും വര്‍ഗീയവത്ക്കരിക്കാനുള്ള ഹീനമായ ശ്രമം സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. പൊലീസ് സേനയിലെ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തിനൊത്ത നിലപാട് എടുക്കണമെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്യുന്നതും കണ്ടു.

പൊലീസിനെ ഉന്നതമായ അച്ചടക്കം തകര്‍ക്കാനും അതില്‍ വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനാവുമോ എന്നുമാണ് അവര്‍ ആലോചിക്കുന്നത്. പൊലീസില്‍ കലാപം ഉണ്ടാക്കാന്‍ പറ്റുമോ എന്നും അവര്‍ ആലോചിക്കുന്നെന്നും പിണറായി പറഞ്ഞു.

സുപ്രീം കോടതി വിധിയെ ഏത് വിധത്തിലും പൊളിക്കാന്‍ ഏത് അറ്റം വരെയും ഇത്തരത്തിലുള്ള വര്‍ഗീയ വിധ്വംസക ശക്തികള്‍ പോകുമെന്നതിന്റെ ഉദാഹരണമാണ് ഇത്. പൊലീസുകാരില്‍ ധാരാളം വിശ്വാസമുണ്ടാകും. അയ്യപ്പ വിശ്വാസിയായ പൊലീസ് ഉദ്യോഗസ്ഥന്‍ രാവിലെ ദര്‍ശനത്തിന് എത്തിയ നടപടി പോലും കാണുകയുണ്ടായി.

ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള അവകാശമുണ്ട്. അത് വ്യക്തിപരമാണ്. അതിനെ ഇത്തരത്തില്‍ ഹീനമായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ വിശ്വാസികളെ അപമാനിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

എല്ലാ ജാതിയിലും മതത്തിലുംപെട്ട വിശ്വാസികള്‍ അവരുടെ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുമ്പോള്‍ എല്ലാ സ്ഥലത്തും സുരക്ഷയും ക്രമീകരണവും ഒരുക്കുകയാണ് പൊലീസ്. ഇതൊക്കെ പൊലീസ് ചെയ്യുന്നത് ജാതിയും മതവും നോക്കിയല്ല. പൊലീസിനെ വര്‍ഗീയ വത്ക്കരിക്കാന്‍ ശ്രമിക്കുന്ന ഹീനമായ ശ്രമങ്ങളെ തുറന്നുകാണിക്കാന്‍ കഴിയണം. അതിനെ പരാജയപ്പെടുത്തുകയും വേണം.- പിണറായി പറഞ്ഞു.

കേസുകള്‍ ഉണ്ടായാല്‍ ആളുകളെ അറസ്റ്റ് ചെയ്യേണ്ടി വരും. ക്രമസമാധാന നില ഉറപ്പുവരുത്താന്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ എത്തേണ്ടി വരും. അപ്പോള്‍ ജാതിയും മതവും നോക്കി പൊലീസുകാരെ വിടേണ്ടി വരുക എന്നത് സാധ്യമായ കാര്യമല്ല. നമ്മുടെ നാട്ടില്‍ ആ കീഴ്‌വഴക്കം ഇല്ല.

ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ നേതാവിനെപ്പോലുള്ളവര്‍ ഇക്കാര്യത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കുന്നത് നല്ലതായിരിക്കും. അത് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യവുമുണ്ട്. ഇത്തരം പ്രചരണങ്ങളെ അതിശക്തമായി നമ്മുടെ സമൂഹം തുറന്നുകാണിക്കുകയും എതിര്‍ക്കുകയും ചെയ്യണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി ആവശ്യപ്പെട്ടു.