തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊലീസിനകത്ത് ഇപ്പോഴും അത്തരത്തിലുള്ള ആളുകളുണ്ടെന്നാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നതെന്നും ഈ പറയുന്നതിനൊന്നും ഒരു ന്യായീകരണവും ഇല്ലെന്നും കൂടുതലൊന്നും അതിനെ കുറിച്ച് താന്‍ പറയുന്നില്ലെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
ഇടുക്കി എസ്.പിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരാതികള്‍ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യം കാണുന്നില്ല.
രാജ്കുമാറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയാണ് അവര്‍ അന്ന് പോയത്. എന്നാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ ഇന്നലെ സത്യാഗ്രഹം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു.
സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ ,സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫലപ്രദമായ നപടിയുണ്ടാകുമെന്നും ഒരു തരത്തിലുള്ള ആശങ്ക വേണ്ട എന്നും കൂടിക്കാഴ്ചയില്‍ പറഞ്ഞപ്പോള്‍ പൂര്‍ണമായും യോജിക്കുന്ന നിലപാടാണ് അവര്‍ അന്ന് സ്വീകരിച്ചത്.
അന്വേഷണം കൃത്യമായ രീതിയില്‍ പോകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്കുമാര്‍ കുഴപ്പക്കാരനാണെന്ന മന്ത്രി എം.എം മണിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മണി അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് താന്‍ മനസിലാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ക്രിമിനല്‍ പോലീസുകാരെ പലരേയും പുറത്താക്കിയിട്ടുണ്ടെന്നും പലര്‍ക്കേതിരെയും നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.