| Thursday, 29th August 2019, 11:43 am

ഗോകുലം ഗോപാലന്റെ മകന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമോയെന്ന് പിണറായിയോട് മാധ്യമപ്രവര്‍ത്തകര്‍; മറുപടി ചിരിയിലൊതുക്കി മുഖ്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.എ.ഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി വ്യക്തിപരമായി ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലില്‍ കഴിയുന്നവര്‍ക്കായി മുന്‍പും ഇടപെട്ടിട്ടുണ്ടെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”നേരത്തെ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തിലും ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു. ഷാര്‍ജ സുല്‍ത്താന്‍ വന്നപ്പോള്‍ അദ്ദേഹത്തോട് അവിടെയുള്ള തടവുകാരില്‍ വിട്ടയക്കാന്‍ പറ്റുന്നവരെ വിട്ടയക്കണെമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് അനുകൂലമായ തീരുമാനം അദ്ദേഹം എടുക്കുകയും ചെയ്തു. ഗള്‍ഫ് നാടുകളിലെ ജയിലില്‍ കിടക്കുന്നവര്‍ക്കും മറ്റും നിയമസഹായം നല്‍കുന്നതിന് നിയമസഹായ സെല്‍ രൂപീകരിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ചിലര്‍ നിസ്സാര കാരണങ്ങള്‍ക്ക് ജയിലില്‍ പെടുന്നുണ്ട്. അത്തരം ആളുകളെ സഹായിക്കുക എന്ന നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

തുഷാര്‍ എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. തുഷാറിനോട് വ്യക്തിപരമായുള്ള താത്പര്യത്തിന്റെ പ്രശ്‌നമായല്ല ഇതിനെ കണ്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുഷാറിനെപ്പോലൊരാള്‍ അവിടെ ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിലും നിയമപരമായി ചെയ്യാന്‍ പറ്റുന്ന കാര്യത്തിലും കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ പറയുകയാണ് ചെയ്തത്. അത് അന്ന് തന്നെ പുറത്തുപറഞ്ഞ കാര്യവുമാണ്. – പിണറായി പറഞ്ഞു.

ഗോകുലം ഗോപാലന്റെ മകനും അവിടെ ജയിലില്‍ കിടക്കുകയാണ്. അദ്ദേഹം ധര്‍മവേദിയുടെ ആളാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വരട്ടെ..എന്ന് പറഞ്ഞ് ചിരിയ്ക്കുകയായിരുന്നു പിണറായി.

തമിഴ്നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇയാളെ യു.എ.ഇയ്ക്ക് കൈമാറുകയായിരുന്നു.

രണ്ട് കോടി ദിര്‍ഹം (ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി. രണ്ടാഴ്ചമുന്‍പാണ് ബൈജുവിനെ ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. ബൈജു ഗോപാലന്‍ അല്‍ഐന്‍ ജയിലാണ് ഇപ്പോഴുള്ളത്. കേസുമായി ബന്ധപ്പെട്ട് യു.എ.ഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more