ഒരു ഊഹത്തെപ്പറ്റി മറ്റൊരു ഊഹം പറയേണ്ടതില്ല: എക്‌സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി
D' Election 2019
ഒരു ഊഹത്തെപ്പറ്റി മറ്റൊരു ഊഹം പറയേണ്ടതില്ല: എക്‌സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 1:01 pm

തിരുവനന്തപുരം: എക്‌സിറ്റ് പോളിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എക്സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രമാണുള്ളത്. 2004 ലെ തെരഞ്ഞെടുപ്പ് പ്രവചന പാളിച്ച ഇതിന്റെ തെളിവാണ്. ഒരു ഊഹത്തെപ്പറ്റി മറ്റൊരു ഊഹം പറയേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

കേരളത്തിന്റെ കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട. കേരളത്തില്‍ ഞങ്ങള്‍ വലിയ രീതിയിലുളള വിജയം നേടാന്‍ പോകുകയാണ്. ശബരിമല വിഷയമൊന്നും ഇവിടെ ഒരു ഘടകമായിരുന്നില്ല.- പിണറായി പരഞ്ഞു.

കേരളത്തില്‍ റീ പോളിങ് നടത്തിയ നടപടിയേയും പിണറായി വിമര്‍ശിച്ചു. പരാതിയുടെ പേരില്‍ റീപോളിങ് നടത്തുന്ന കീഴ്‌വഴക്കമില്ല. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടികളാണ് വേണ്ടത്.

ഭരണഘടനാ സ്ഥാപനങ്ങളെ കാല്‍ക്കീഴില്‍ നിര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.

കഴിഞ്ഞ തവണ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിന് സമാനമായ ഫലമാണ് ഇപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്.

ഇന്ത്യാ ടുഡെയാണ് ഏറ്റവുമധികം സീറ്റുകളില്‍ ബി.ജെ.പിക്കും എന്‍.ഡിഎയ്ക്കും വിജയം പ്രവചിക്കുന്നത്. 365 സീറ്റ് വരെ എന്‍.ഡി.എ നേടിയേക്കാമെന്ന് അവര്‍ പറയുന്നു. 108 സീറ്റില്‍ യു.പി.എയും 69 സീറ്റില്‍ മറ്റുള്ളവരും വിജയിക്കുമെന്നാണ് ഇന്ത്യ ടുഡെ പുറത്തുവിട്ട ഫലം.

സി.എന്‍.എന്‍ ന്യൂസ് 18 എന്‍.ഡി.എക്ക്് 336 സീറ്റുകളും യു.പി.എക്ക് 82 സീറ്റും മറ്റുള്ളവര്‍ക്ക് 124 സീറ്റുമാണ് പ്രവചിച്ചത്.

ടൈംസ് നൗ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 306 സീറ്റുകളാണ് എന്‍.ഡി.എക്ക് ലഭിക്കുക. 132 സീറ്റ് കോണ്‍ഗ്രസിന് പ്രവചിക്കുമ്പോള്‍ 104 സീറ്റുകളാണ് മറ്റ് പാര്‍ട്ടികള്‍ക്ക് പ്രവചിക്കുന്നത്.

റിപ്പബ്ലിക് ചാനലിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 287 സീറ്റിലാണ് എന്‍.ഡി.എ വിജയിക്കാന്‍ സാധ്യതയുള്ളത്. യു.പി.എക്ക് 128 സീറ്റ് വരെ കിട്ടാം. മറ്റ് പാര്‍ട്ടികളും 127 സീറ്റ് വരെ വിജയിക്കാമെന്നും അവര്‍ പറയുന്നു.

ന്യൂസ് എക്‌സ് 298 സീറ്റില്‍ എന്‍.ഡി.എയ്ക്കും 118 സീറ്റില്‍ യു.പി.എയക്കും 126 സീറ്റില്‍ മറ്റ് പാര്‍ട്ടികള്‍ക്കും വിജയം പ്രവചിക്കുന്നു.

എബിപി ന്യൂസാണ് ഇന്ത്യയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ചിരിക്കുന്നത്. എന്‍.ഡി.എക്ക് 267 സീറ്റ് മാത്രമേ ലഭിക്കൂവെന്നും യു.പി.എയ്ക്ക് 127 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നും മറ്റുള്ളവര്‍ 148 സീറ്റിലും വിജയിക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു.