| Thursday, 3rd September 2020, 4:54 pm

'പിണറായി വിജയന്‍ ഹിന്ദുക്കളുടെ കൊലയാളി'; ഫേസ്ബുക്ക് വിലക്കിയ ബി.ജെ.പി എം.എല്‍.എയുടെ ചില വിവാദ പരാമര്‍ശങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയും പോസ്റ്റുകള്‍ പങ്കുവെക്കുകയും ചെയ്ത് വിവാദത്തിലായ ബി.ജെ.പി എം.എല്‍.എ ടി രാജാസിങ്ങിനെ വിലക്കുന്നതായി ഫേസ്ബുക്ക് ഇന്ത്യ ഇന്നാണ് പ്രസ്താവന ഇറക്കിയത്.

ഫേസ്ബുക്ക് ഇന്ത്യ ഭരണകക്ഷിയായ ബി.ജെ.പിയോട് അനുഭാവം കാണിക്കുകയാണെന്ന ആരോപണങ്ങള്‍ ഉയരുകയും വിഷയത്തില്‍ ഫേസ്ബുക്ക് ഇന്ത്യാ മേധാവിയോട് ഐ.ടി സമിതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഈ നടപടി.

‘ഫേസ്ബുക്ക് വഴി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും ഏര്‍പ്പെടുകയും ചെയ്യുന്നത് തങ്ങളുടെ നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒടുവില്‍ ഫേസ്ബുക്ക് സിങ്ങിന് വിലക്കേര്‍പ്പെടുത്തിയത്.

പ്രകോപനപരമായതും വിദ്വേഷം നിറഞ്ഞതുമായ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ 60 ല്‍ ഏറെ കേസുകളാണ് രാജാസിങ്ങിന് എതിരെയുള്ളത്. എന്നാല്‍ ഒരുകേസില്‍ പോലും ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു കഴിഞ്ഞ തെലങ്കാന തെരഞ്ഞെടുപ്പില്‍ രാജാസിങ്ങിന് വേണ്ടി നേരിട്ട് പ്രചരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചരണ വേളകളിലടക്കം പ്രകോപനപരവും വിദ്വേഷം വളര്‍ത്തുന്നതുമായ നിരവധി പ്രസംഗങ്ങളാണ് ഇയാള്‍ നടത്തിയത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഹിന്ദുക്കളുടെ കൊലയാളി എന്ന് ആക്ഷേപിച്ചും ഇയാള്‍ രംഗത്തെത്തിയിരുന്നു.

രാജാസിങ്ങിന്റെ വിവാദമായ ചില പ്രസംഗങ്ങള്‍ ഇവയാണ്.

‘പഴയ ഹൈദരാബാദ് മിനി-പാക്കിസ്ഥാന്‍’

2017 മെയ് മാസത്തിലാണ് പഴയ ഹൈദരാബാദിനെ മിനി പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള രാജാസിങ്ങിന്റെ പ്രസ്താവന വരുന്നത്.

ഹൈദരാബാദ് ഓള്‍ഡ് സിറ്റി മിനി പാക്കിസ്ഥാനാണെന്നും പൊലീസ് അവിടെ ഒരു റെയ്ഡ് നടത്തണമെന്നുമായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്.
അത്തരമൊരു തിരച്ചില്‍ നടത്തിയാല്‍ അവിടത്തെ പല വീടുകളില്‍ നിന്നും ബോംബുകളും മറ്റ് സ്‌ഫോടകവസ്തുക്കളും കണ്ടെത്താനാകുമെന്നുമായിരുന്നു ഇയാളുടെ പ്രസംഗം. ഇയാള്‍ക്കെതിരെ അന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

‘ബംഗാളിലെ ഹിന്ദുക്കള്‍ 2002 ല്‍ ഗുജറാത്തികള്‍ പ്രതികരിച്ചതുപോലെ പ്രതികരിക്കണം’

2017 ജൂലൈയില്‍ പശ്ചിമ ബംഗാളിലെ ബദൂറിയ, ബസിര്‍ഹത്ത് ജില്ലകളില്‍ ചില സംഘര്‍ഷങ്ങള്‍ ഉടലെടുത്ത അവസരത്തിലായിരുന്നു വളരെ പ്രകോപനപരമായ രീതിയിലുള്ള പ്രസംഗവുമായി എം.എല്‍.എ രംഗത്തെത്തിയത്.

2002 ല്‍ ഗുജറാത്തിലെ ഹിന്ദുക്കള്‍ പ്രതികരിച്ച അതേ രീതിയില്‍ ബംഗാളിലുള്ളവരും പ്രതികരിക്കണമെന്നായിരുന്നു ഹിന്ദു സമൂഹത്തോട് ഇയാള്‍ ആവശ്യപ്പെട്ടത്.

പശ്ചിമ ബംഗാളില്‍ ഇന്ന് ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്നും ഗുജറാത്തിലെ ഹിന്ദുക്കള്‍ ചെയ്തതുപോലെ സാമുദായിക അക്രമത്തില്‍ ഏര്‍പ്പെടുന്നവരോട് പ്രതികരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു രാജാ സിങ്ങിന്റെ പ്രസംഗം. അല്ലാത്തപക്ഷം ബംഗാള്‍ ബംഗ്ലാദേശായി മാറുമെന്ന പ്രസ്താവനയും എം.എല്‍.എ നടത്തിയിരുന്നു.

തിയേറ്ററുകള്‍ കത്തിക്കാനുള്ള ആഹ്വാനം

‘പദ്മാവത്’ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഹൈദരാബാദിലെ തിയേറ്ററുകള്‍ ഓരോന്നും കത്തിക്കുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി രംഗത്തെത്തിയ വ്യക്തിയും രാജാ സിങ് ആയിരുന്നു. ഓരോ ദേശീയവാദിയുടെ ഓരോ ഹിന്ദുവിന്റെയും ഓരോ രജപുത്രന്റേയും കടമാണ് അതെന്നായിരുന്നു രാജാസിങ് പറഞ്ഞത്.

ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു ഇദ്ദേഹം. മാത്രമല്ല സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കത്തെഴുതുകയും ചെയ്തിരുന്നു അദ്ദേഹം.

‘കശ്മീരി മുസ്‌ലിങ്ങള്‍ രാജ്യദ്രോഹികള്‍’

കശ്മീരിലെ മുസ്‌ലീങ്ങളെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചും ഇദ്ദേഹം ഒരു ഘട്ടത്തില്‍ രംഗത്തെത്തിയിരുന്നു. 2017 മെയ് മാസത്തിലായിരുന്നു ഇയാളുടെ വിവാദമായ പരാമര്‍ശം.

അമര്‍നാഥ് പോലുള്ള പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെടുന്നവരില്‍ നിന്നും ഒന്നും വാങ്ങരുതെന്നും ഈ നിലപാട് നമ്മള്‍ തുടര്‍ന്നാല്‍ രാജ്യദ്രോഹിയായ കശ്മീരി മുസ്‌ലീങ്ങള്‍ നമുക്ക് മുന്‍പില്‍ മുട്ടുകുത്തുമെന്നുമായിരുന്നു രാജാസിങ് പറഞ്ഞത്. വെറുതെ മുട്ടുകുത്തുക മാത്രമല്ലെന്നും അവര്‍ക്ക് പാക്കിസ്ഥാന്‍ വേണ്ടെന്നും കശ്മീരില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നും പറയുന്നത് അവസാനിപ്പിക്കുമെന്നുമായിരുന്നു എം.എല്‍.എ പറഞ്ഞുവെച്ചത്.

‘രാം മന്ദിറിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറാണ്, ജീവന്‍ എടുക്കാനും’

2017 ഏപ്രില്‍ മാസത്തിലാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാം സിങ്ങിന്റെ മറ്റൊരു വിവാദ പ്രസ്താവന പുറത്തുവരുന്നത്.

രാമക്ഷേത്രത്തിനായി തന്റെ ജീവന്‍ നല്‍കാനും വേണ്ടി വന്നാല്‍ ഒരു ജീവന്‍ എടുക്കാനും താന്‍ തയ്യാറാണെന്നായിരുന്നു സിങ് പ്രസംഗിച്ചത്. ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട കേസിലെ വാദം കോടതിയില്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു എം.എല്‍.എയുടെ ഈ പ്രസ്താവന

‘വന്ദേമാതരം പാടാത്തവരെ പാക്കിസ്ഥാനിലേക്കയക്കും’

2017 ല്‍ തന്നെയാണ് വന്ദേമാതരം പാടാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ ഭീഷണിയുമായി രാജാ സിങ് രംഗത്തെത്തുന്നത്. വന്ദേമാതരം പാടാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും അവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നുമായിരുന്നു ഇദ്ദേഹം ആവശ്യപ്പെട്ടത്.

‘നിങ്ങള്‍ വന്ദേമാതരം ആലപിക്കണം. നിങ്ങള്‍ അത് പാടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല. അതിനായി ഞങ്ങള്‍ക്ക് വാളെടുക്കേണ്ടി വന്നാല്‍ നിങ്ങള്‍ തലതാഴ്ത്തി മുട്ടുകുത്തി നിന്ന് പാടേണ്ടി വരും. നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണണെന്നുണ്ടെങ്കില്‍ വന്ദേമാതരം പാടിയേ തീരൂ.

വന്ദേമാതരം പാടാന്‍ വിസമ്മതിക്കുന്നവര്‍ക്കായി പ്രത്യേക ഡിസ്‌ക്കൗണ്ടും സ്‌പെഷ്യല്‍ ഓഫറുകളുമുണ്ട് ‘രണ്ട് ദിവസത്തേക്ക് ഞങ്ങള്‍ ഇവരെ പഞ്ചാബിനടുത്തുള്ള ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് അയയ്ക്കും. പാക്കിസ്ഥാന്റെ ഭാഗത്തേക്കാണ് ഇവരെ അയക്കുക.

വന്ദേമാതരം പാടാന്‍ തയ്യാറാകാത്ത ഇക്കൂട്ടര്‍ രണ്ട് ദിവസത്തിനകം തന്നെ സ്വമനസാലേ ഇന്ത്യയിലേക്ക് വരും, എന്നായിരുന്നു പ്രസംഗം. ഈ പ്രസംഗത്തിന് ഹൈദരാബാദിലെ ദബീര്‍പുര പൊലീസ് എം.എല്‍.എക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

‘പിണറായി ഹിന്ദുക്കളുടെ കൊലയാളി’

2017 മാര്‍ച്ചില്‍ സി.പി.ഐ.എം ഹൈദരാബാദില്‍ സംഘടിപ്പിച്ച യോഗം തടസ്സപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയും രാജാ സിങ് രംഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.

കേരളത്തില്‍ ഹിന്ദു സമൂഹം സുരക്ഷിതരല്ലെന്ന് പറഞ്ഞ രാജാസിങ് പിണറായിയെ ‘ഹിന്ദുക്കളുടെ കൊലപാതകി’ എന്നായിരുന്നു അന്ന് വിശേഷിപ്പിച്ചത്.

ടി. രാജാ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്.

റോഹിങ്ക്യകളും ബംഗ്ലാദേശികളുമായ അനധികൃത കുടിയേറ്റക്കാര്‍ രാജ്യം വിട്ട് പോയില്ലെങ്കില്‍ അവരെ വെടിവെച്ച് കൊല്ലണമെന്ന് ഫേസ്ബുക്കിലൂടെ പറഞ്ഞ ടി. രാജാസിങ്ങിനെതിരെ ഫേസ്ബുക്ക് നടപടിയെടുക്കാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പുറപ്പെടുവിച്ചതിന്റെ അടുത്ത ദിവസമായിരുന്നു രാജാസിംഗിന്റെ ഇത്തരമൊരു പ്രസ്താവന.

വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്‌ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്നുമുള്ള വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ടൈംസ് മാഗസിന്റെ റിപ്പോര്‍ട്ടും ഫേസ്ബുക്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവില്‍ ഐ.ടി സമിതി കൂടി നിലപാട് കടുപ്പിച്ചതോടെയായിരുന്നു സിങ്ങിനെതിരെ നടപടിയുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.

വാണിജ്യനേട്ടങ്ങള്‍ക്കായി മനുഷ്യജീവന്‍ വെച്ചുകൊണ്ടുള്ള കളി ഫേസ്ബുക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ മുതിര്‍ന്ന മുന്‍ ഐ.പി.എസ് ഐ.എ.എസ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതൃത്വവും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; pinarayi a murderer of hindus’; bjp mla T Raja Singh Hate Speeches

We use cookies to give you the best possible experience. Learn more