കോഴിക്കോട്: ബീഫല്ല ഏത് ഭക്ഷണം കഴിക്കുന്നതിനും കേരളത്തില്‍ ആര്‍ക്കും വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഫ് വിഷയത്തില്‍ നിലപാടു തിരുത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു മറുപടിയായി ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഓണത്തിന് കേരളത്തിലെല്ലായിടത്തും സസ്യാഹാരം മാത്രമാണ് കഴിക്കുന്നതെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” തെക്കന്‍ കേരളത്തില്‍ പൂര്‍ണ്ണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്‌ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂര്‍ണ്ണമാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ”
ചാനലിലെ ഓണാഘോഷത്തിനിടെ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി ബീഫ് കഴിച്ചതിന്റെ പേരില്‍ നടിയ്‌ക്കെതിരെയും ചാനലിലെതിരെയും വിദ്വേഷ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
ഏതുതരം ആഹാരവും കഴിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചുതന്നിട്ടുള്ള ആധുനികവും മതേതരത്വവുമായ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ വിഷയത്തില്‍ ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ആരോടും പറഞ്ഞിട്ടില്ലെന്നും കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നുമായിരുന്നു സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ദേശീയ മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ കണ്ണന്താനം പറഞ്ഞത്.
എന്നാല്‍ കഴിഞ്ഞദിവസം ബുലന്ദ്ശ്വറില്‍ സംസാരിക്കവെ അദ്ദേഹം വീണ്ടും നിലപാട് മാറ്റി. എന്തു കഴിക്കണമെന്ന് ജനങ്ങള്‍ക്കു തീരുമാനിക്കാമെന്നും അവര്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാമെന്നുമാണ് പിന്നീട് കണ്ണന്താനം പറഞ്ഞത്. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഫ് കഴിക്കണമോയെന്ന് കേരളത്തിലുള്ളവര്‍ക്കു തീരുമാനിക്കാമെന്നാണ് കണ്ണന്താനം പറഞ്ഞത്. താന്‍ ബീഫ് കഴിക്കാറില്ല. എന്തുകഴിക്കണമെന്നു തീരുമാനിക്കുന്നതു ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു
.