'ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരും'; മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഇ.പി ജയരാജന്‍
Kerala News
'ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരും'; മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഇ.പി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd September 2018, 11:57 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഭരണരംഗത്ത് ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസക്യാംപില്‍ നിന്ന് പോകുന്നവര്‍ക്ക് നല്‍കുമെന്ന പ്രഖ്യാപിച്ച 10000 രൂപ എല്ലാവര്‍ക്കും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്കു തിരിച്ച സാഹചര്യത്തില്‍ മന്ത്രിസഭായോഗങ്ങളില്‍ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ചിരുന്നു. ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പി. ജയരാജനാണ്.

ALSO READ: എം.എല്‍.എ ആകുന്നതിന് മുമ്പ് തന്റെ ബാങ്ക് അക്കൗണ്ട് കാലിയായിരുന്നു: പ്രധാനമന്ത്രി

എന്നാല്‍ മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.

ഇന്ന് പുലര്‍ച്ചെ 4.40 നാണ് മുഖ്യമന്ത്രി യാത്ര പുറപ്പെട്ടത്. മൂന്ന് ആഴ്ചയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് വിധേയനാകുക. തിരുവനന്തപുരത്തുനിന്നു പുലര്‍ച്ചെ 4.30നു പുറപ്പെട്ട അദ്ദേഹം ദുബായ് വഴിയാണു യു.എസിലെത്തുക. ഭാര്യ കമലയും ഒപ്പമുണ്ട്.

ALSO READ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു ഒഴിവാക്കാന്‍ ഉന്നതരുടെ സമ്മര്‍ദ്ദം; പിന്നോട്ടില്ലെന്നു അന്വേഷണസംഘം

അതീവ രഹസ്യമായിട്ടായിരുന്നു ഇന്നത്തെ യാത്രക്കുള്ള തീരുമാനം എടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ കാര്യം അറിയാമായിരുന്നത്.

നേരത്തെ കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു.

WATCH THIS VIDEO: