Kerala News
ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണം; പൊലീസിന്റെ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 30, 06:43 am
Thursday, 30th September 2021, 12:13 pm

തിരുവനന്തപുരം: ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്നാണ് പൊലീസ് സേന. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൂടിയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പൊലീസിന്റെ വിപുലമായ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഡി.ജി.പി മുതല്‍ എസ്.എച്ച്.ഒ വരെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണം.

അടുത്ത ഞായറാഴ്ചയാണ് യോഗം ചേരുന്നത്. പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം.

സംസ്ഥാനം രണ്ടാംഘട്ടം വികസനത്തിലേക്ക് കുതിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. സമാധാനപരവും മതനിരപേക്ഷവുമായ അന്തരീക്ഷത്തില്‍ മാത്രമേ നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ.

ഇവ ഉറപ്പുവരുത്തുന്നതിന് പൊലീസിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പൊതുജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം വലിയ വിമര്‍ശനം വരുത്തിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinaray Vijayan to Kerala Police