| Monday, 24th August 2020, 10:12 pm

പിണറായി വിജയന്റേത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം; പഴങ്കഥയാക്കിയത് ഉമ്മന്‍ചാണ്ടിയുടെ റെക്കോഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍ക്കാരിനെതിരെ തിങ്കളാഴ്ച പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്‍മേല്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്തത് മൂന്നേ മുക്കാല്‍ മണിക്കൂര്‍. ഒരു നിയമസഭാംഗം സഭയില്‍ നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്.

ഇതിന് മുമ്പ് ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് രണ്ട് മണിക്കൂര്‍ 55 മിനിറ്റായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ബജറ്റ് പ്രസംഗം.

സ്വര്‍ണ്ണക്കടത്ത്, സ്പ്രിംഗ്ലര്‍, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, കൊവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലൂന്നിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

40 നെതിരെ 87 വോട്ടുകള്‍ക്കാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടത്.

കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പിണറായി വിജയന്‍ സര്‍ക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയമാണ് ഇന്നു നിയമസഭയില്‍ അവതരിപ്പിച്ചത്.

കോണ്‍ഗ്രസിലെ വി.ഡി.സതീശനാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്ക് 5 മണിക്കൂറാണു നിശ്ചയിച്ചിരുന്നതെങ്കിലും നീണ്ടുപോയിരുന്നു.

അതേസമയം നിയമസഭയില്‍ അവിശ്വാസപ്രമേയത്തിന്‍മേലുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്കിടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി മറുപടി പറയാന്‍ അധികം സമയമെടുത്തെന്ന് പറഞ്ഞാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്.

മുഖ്യമന്ത്രി ആരോപണങ്ങളില്‍ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.

മൂന്ന് മണിക്കൂറിലേറെ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം തുടര്‍ന്നു. ഭരണനേട്ടങ്ങളിലൂന്നിയും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസിനെ ആര്‍.എസ്. എസ് ഹൈജാക്ക് ചെയ്തെന്നും ലീഗിനെ ജമാ അത്തെ ഇസ്ലാമി ഹൈജാക്ക് ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

‘അയോധ്യ വിഷയത്തില്‍ ബി.ജെ.പിയോട് കോണ്‍ഗ്രസും കോണ്‍ഗ്രസിനോട് ലീഗും ചേര്‍ന്നു നില്‍ക്കുന്നുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. അവിശ്വാസ പ്രമേയത്തിലും അത്തരമൊരു ചേര്‍ത്തു നില്‍പ്പു തന്നയെല്ലേ നാം കാണുന്നത്. ഇത്തരത്തില്‍ ഒരു പൊതു രാഷ്ട്രീയ പ്ലാറ്റ് ഫോം ഉയര്‍ന്നു വരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്ലാറ്റ്ഫോം,’

‘ഹാഗിയ സോഫിയ വിഷയത്തില്‍ കൂടി ജമാ അത്തെ നിലപാട് ചേര്‍ത്തു വെച്ചാല്‍ ഇത് കൃത്യമായി മനസ്സിലാക്കാം. ലീഗില്‍ ജമാ അത്തെ വകയായുള്ള ഇസ്ലാമിക വല്‍ക്കരണമാണ് നടക്കുന്നത്. കോണ്‍ഗ്രസില്‍ ആര്‍.എസ്.എസ് വകയായുള്ള ഹിന്ദുത്വ വല്‍ക്കരണവും,
ഇവയെല്ലാം ചേര്‍ന്നതാണ് ഈ പുതിയ രാഷ്ട്രീയ പ്ലാറ്റ്ഫോം.

ജമാ അത്തെ ഇസ്ലാമിയുടെ മത മൗലിക വാദം ലീഗിനെ ഹൈജാക്ക് ചെയ്തു. ബി.ജെ.പിയുടെ ഹിന്ദുത്വ വാദം കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു. ഇവരെല്ലാം ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ, ജനാധിപത്യ വിരുദ്ധ പ്ലാറ്റ്ഫോമില്‍ ഒരുമിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ അവിശ്വാസപ്രമേയത്തില്‍ ചൂണ്ടിക്കാണിച്ച അഴിമതി ആരോപണങ്ങളിലൊന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം സര്‍ക്കാരിനെ തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതല്ലാതെ അഴിമതി ആരോപണങ്ങളില്‍ മറുപടി പറഞ്ഞില്ല. ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍’

എട്ടോളം അഴിമതികള്‍ പ്രതിപക്ഷം വെളിച്ചത്ത് കൊണ്ടുവന്നു. ഇതിനൊന്നും മറുപടി പറഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു. കിണര്‍ റീച്ചാര്‍ജ് ചെയ്തതും കുളം കുത്തിയതുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നതും അദ്ദേഹം പരിഹസിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan Oommen Chandy Kerala Niyamasabha

We use cookies to give you the best possible experience. Learn more