| Monday, 14th September 2020, 7:08 pm

ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല, രാജിവെക്കേണ്ടതില്ല: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി ജലീലിനെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യങ്ങളും ജലീല്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘റംസാന്‍ കാലക്ക് സകാത്ത് കൊടുക്കലും മതഗ്രന്ഥം വിതരണം ചെയ്യലും എവിടേയും കുറ്റകരമായ കാര്യമല്ല. ആ കാര്യം അദ്ദേഹത്തെ അറിയിക്കുന്നു. അദ്ദേഹം തന്നെ അക്കാര്യം തെളിവ് സഹിതം പുറത്തുവിടുന്നു. അതെങ്ങനെ കുറ്റമാകും’, മുഖ്യമന്ത്രി ചോദിച്ചു.

ഏതെങ്കിലും തരത്തില്‍ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. മന്ത്രിയ്‌ക്കെതിരെ ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയവുമായി ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീലെന്നും അതിലും തെറ്റ് പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തു വസ്തുതയുടെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ജലീല്‍ എന്തിന് രാജിവെക്കണമെന്നും മുഖ്യമന്ത്രി ചോദിച്ചു.

അദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോയിരുന്നു. ഖുറാനുമായി ബന്ധപ്പെട്ടാണ് പരാതികളുണ്ടായത്. അതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അന്വേഷണ ഏജന്‍സി അദ്ദേഹത്തോട് ചോദിച്ചറിഞ്ഞുവെന്നാണ് അറിഞ്ഞത്. അതിനപ്പുറം മറ്റ് വലിയ കാര്യങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നു. ജലീലിനെ പാരിപ്പള്ളിയില്‍ വാഹനം കയറ്റിയിട്ട് തടഞ്ഞത് വലിയ അപകടം ക്ഷണിച്ച് വരുത്തുന്നതാണ്. ഇതിനെ സമരമെന്ന് വിളിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആഭാസമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച ഖുറാന്‍ വിതരണം ചെയ്തത് സാംസ്‌കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാല്‍ മതിയെന്ന് ജലീല്‍ പ്രതികരിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ശേഷം ദ ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan Support K.T Jaleel

We use cookies to give you the best possible experience. Learn more