| Thursday, 8th October 2020, 12:41 pm

"രണ്ട് കോടതികള്‍ വെറുതെ വിട്ട കേസാണിത്, നിങ്ങള്‍ ശക്തമായ വാദവുമായി വരണം"; ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയോട് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 16 ലേക്ക് മാറ്റി സുപ്രീംകോടതി. സി.ബി.ഐ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് സി.ബി.ഐയോട് സുപ്രീംകോടതി പറഞ്ഞു. കേസില്‍ ശക്തമായ വാദവുമായി വേണം സി.ബി.ഐ വരാനെന്നും കോടതി പറഞ്ഞു.

സി.ബി.ഐക്ക് വേണ്ടി തുഷാര്‍ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഹാജരായി. പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് തുഷാര്‍ മേത്ത വാദിച്ചു.

അടിയന്തരപ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നു. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി ഹാജരാകുമെന്നാണ് കരുതിയതെങ്കിലും തുഷാര്‍ മേത്തയ്ക്ക് എതിരെ വാദിക്കാന്‍ ഹരീഷ് സാല്‍വെയാണ് എത്തിയത്.

കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയിലെത്തിയത്.

രണ്ട് തരം ഹരജികളാണ് കോടതിയുടെ പരിഗണനയിലുണ്ടാായിരുന്നത്. മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയതാണ് ഒന്നാം അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദ് ചെയ്ത ഹൈക്കോടതിയെ ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ രണ്ടാം ഹരജികളും കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ ആരോപണ വിധേയരായ പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്.എന്‍.സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്ലിന്‍ കേസിന് കാരണമായത്.

കേസന്വേഷിച്ച സി.ബി.ഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സി.ബി.ഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan SNC Lavlin Case Supreme Court CBI

We use cookies to give you the best possible experience. Learn more