ന്യൂദല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 16 ലേക്ക് മാറ്റി സുപ്രീംകോടതി. സി.ബി.ഐ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് സി.ബി.ഐയോട് സുപ്രീംകോടതി പറഞ്ഞു. കേസില്‍ ശക്തമായ വാദവുമായി വേണം സി.ബി.ഐ വരാനെന്നും കോടതി പറഞ്ഞു.
സി.ബി.ഐക്ക് വേണ്ടി തുഷാര്‍ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഹാജരായി. പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് തുഷാര്‍ മേത്ത വാദിച്ചു.
അടിയന്തരപ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നു. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി ഹാജരാകുമെന്നാണ് കരുതിയതെങ്കിലും തുഷാര്‍ മേത്തയ്ക്ക് എതിരെ വാദിക്കാന്‍ ഹരീഷ് സാല്‍വെയാണ് എത്തിയത്.
കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയിലെത്തിയത്.
രണ്ട് തരം ഹരജികളാണ് കോടതിയുടെ പരിഗണനയിലുണ്ടാായിരുന്നത്. മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയതാണ് ഒന്നാം അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദ് ചെയ്ത ഹൈക്കോടതിയെ ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ രണ്ടാം ഹരജികളും കോടതിയുടെ പരിഗണനയിലാണ്.