കണ്ണൂര്‍: മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ടതിനെതിരെ മുസ്‌ലിം ലീഗ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
നിയമസഭയില്‍ ഇത് സംബന്ധിച്ച ബില്‍ ചര്‍ച്ചക്ക് വെച്ചപ്പോള്‍ എതിര്‍ക്കാത്തവരാണ് ഇപ്പോള്‍ വികാരം ഇളക്കിവിട്ട് പ്രശ്‌നമുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ ബില്‍ ചര്‍ച്ച ചെയ്യുന്ന നില വന്നു. അതില്‍ ലീഗ് എം.എല്‍.എമാരും പങ്കെടുത്തു. ലീഗ് നേതാക്കന്‍മാര്‍ പറഞ്ഞ അഭിപ്രായമെന്താ? ഇത് ഇങ്ങനെ പാസായി പി.എസ്.സി നിയമനം വരുമ്പോള്‍ ഇപ്പോള്‍ അവിടെ നിലവില്‍ ജോലി എടുക്കുന്നവരുണ്ട് അവര്‍ക്ക് സംരക്ഷണം കൊടുക്കണം എന്നായിരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ ഉള്ളവര്‍ക്ക് സംരക്ഷണം കൊടുത്തുകൊണ്ട് പി.എസ്.സി നിയമനം ആകാമെന്നല്ലേ ലീഗ് പറഞ്ഞതിന്റെ അര്‍ത്ഥമെന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാ ജനാധിപത്യപ്രക്രിയയും പൂര്‍ത്തീകരിച്ചു. അതിന് ശേഷമാണ് ഇതൊരു വികാരപരമായ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലീഗ് ശ്രമിക്കുന്നത്.
‘ലീഗിനോട് പറയാനുള്ള ഒരു കാര്യം നിങ്ങളാദ്യം നിങ്ങളാര് എന്ന് തീരുമാനിക്കണം എന്നാണ്. നിങ്ങള്‍ രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ, അതാദ്യം വ്യക്തമാക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ കാര്യം വ്യക്തമാക്കിയതാണ്. മതസംഘടനകളില്‍ ചിലര്‍ ഞങ്ങളെ വന്ന് കണ്ടിരുന്നു. ഞങ്ങള്‍ക്കതില്‍ ഒരു വാശിയുമില്ല. നൂറിലധികം സ്ഥാനങ്ങളാണ് വഖഫ് ബോര്‍ഡിലുള്ളത്. അതേത് രീതിയില്‍ റിക്രൂട്ട് ചെയ്യണമെന്ന് സര്‍ക്കാരിനെ സംബന്ധിച്ച് ഒരു പിടിവാശിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മതസംഘടനകളുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്കത് ബോധ്യപ്പെട്ടു. ലീഗിന് മാത്രം ബോധ്യപ്പെട്ടിട്ടില്ലെന്നും ലീഗ് മുസ്‌ലിമിന്റെ അട്ടിപ്പേറവകാശം പേറി നടക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
‘ഇവര്‍ക്ക് (മുസ്‌ലിം ലീഗ്) ബോധ്യമല്ല പോലും. നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു? ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് എന്താണോ ചെയ്യാനുള്ളത് അത് ചെയ്യ്, ഞങ്ങള്‍ക്കതൊരു പ്രശ്‌നമല്ല,’ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിയ്ക്കിടെ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ ബില്‍ ചര്‍ച്ച ചെയ്യുന്ന നില വന്നു. അതില്‍ ലീഗ് എം.എല്‍.എമാരും പങ്കെടുത്തു. ലീഗ് നേതാക്കന്‍മാര്‍ പറഞ്ഞ അഭിപ്രായമെന്താ? ഇത് ഇങ്ങനെ പാസായി പി.എസ്.സി നിയമം വരുമ്പോള്‍ ഇപ്പോള്‍ അവിടെ നിലവില്‍ ജോലി എടുക്കുന്നവരുണ്ട് അവര്‍ക്ക് സംരക്ഷണം കൊടുക്കണം. എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം.
ഇപ്പോള്‍ ഉള്ളവര്‍ക്ക് സംരക്ഷണം കൊടുത്തുകൊണ്ട് പി.എസ്.സി നിയമനം ആകാമെന്നല്ലേ? എല്ലാ ജനാധിപത്യപ്രക്രിയയും പൂര്‍ത്തീകരിച്ചു. അതിന് ശേഷമാണ് ഇതൊരു വികാരപരമായ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലീഗ് ശ്രമിക്കുന്നത്
ലീഗിനോട് പറയാനുള്ള ഒരു കാര്യം നിങ്ങളാദ്യം നിങ്ങളാര് എന്ന് തീരുമനിക്കണം. നിങ്ങള്‍ രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ, അതാദ്യം വ്യക്തമാക്കണം.
സര്‍ക്കാരിന്റെ കാര്യം വ്യക്തമാക്കിയതാണ്. മതസംഘടനകളില്‍ ചിലര്‍ ഞങ്ങളെ വന്ന് കണ്ടിരുന്നു. ഞങ്ങള്‍ക്കതില്‍ ഒരു വാശിയുമില്ല. നൂറിലധികം സ്ഥാനങ്ങളാണ് വഖഫ് ബോര്‍ഡിലുള്ളത്. അതേത് രീതിയില്‍ റിക്രൂട്ട് ചെയ്യണമെന്ന് സര്‍ക്കാരിനെ സംബന്ധിച്ച് ഒരു പിടിവാശിയുമില്ല.
്ത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മതസംഘടനകളുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്കത് ബോധ്യപ്പെട്ടു. ലീഗിന് മാത്രം ബോധ്യപ്പെട്ടിട്ടില്ല.
ലീഗ് ഒരു രാഷ്ട്രീയപാര്‍ട്ടിയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയാണ്. ലീഗടക്കമുള്ള യു.ഡി.എഫും രാഷ്ട്രീയമുന്നണികളാണ്.
നമ്മുടെ നാട്ടിലെ മുസ്‌ലിങ്ങളുടെ ശാക്തീകരണം പരിശോധിച്ചാല്‍ എവിടെയാണ് മുസ്‌ലിമെന്ന് ലീഗിന് മനസിലായിട്ടുണ്ടോ
നിങ്ങള്‍ മുസ് ലിമിന്റെ അട്ടിപ്പേറവകാശം പേറി നടക്കുകയാണോ. ഞങ്ങളുടെ കൂടെ അണിനിരന്ന മുസ് ലീമില്ലേ. അവരെ കുറച്ച് കാണാന്‍ പറ്റുമോ.
പലപ്പോഴും വര്‍ഗീയതയുടെ ഭാഗമായി മലപ്പുറത്തെ എടുത്താണല്ലോ സംഘപരിവാറൊക്കെ ആക്രമിക്കാറുള്ളത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തവണത്തെ വോട്ടിംഗ് പാറ്റേണ്‍ ഒന്ന് പരിശോധിച്ച് നോക്കൂ. എല്‍.ഡി.എഫിന്റെ ഗ്രാഫ് താഴോട്ടാണോ?
മതസംഘടനകളുമായി ഞങ്ങള്‍ ചര്‍ച്ച ചെയ്ത് അതിന് പരിഹാരം കാണും. അവര്‍ക്ക് അക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. കേരളത്തിലെ മുസ്‌ലിം വിഭാഗത്തിലെ പ്രബലമായ സംഘടന ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം കൊടുക്കുന്ന സമസ്ത വിഭാഗം, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം കൊടുക്കുന്ന വിഭാഗം ഇവരെല്ലാമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം ബോധ്യമായിട്ടുണ്ട്.