|

രാജു നാരായണസ്വാമിയ്‌ക്കെതിരായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജു നാരായണസ്വാമിയ്‌ക്കെതിരായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു. ടോം ജോസ് അധ്യക്ഷനായ അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടാണ് തിരിച്ചയച്ചത്. നാല് കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് തിരിച്ചയച്ചത്.

നേരത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പരസ്യപ്രതികരണവുമായി രാജുനാരായണസ്വാമി രംഗത്തെത്തിയിരുന്നു.

അഴിമതിക്കെതിരായ തന്റെ പോരാട്ടം കാരണമുള്ള പ്രതികാരമാണ് ഇത്തരം നീക്കങ്ങളെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്.

സര്‍ക്കാര്‍ എന്റെ ജീവിതം വഴിമുട്ടിച്ചു. 4 മാസമായി ശമ്പളം കിട്ടുന്നില്ല അദ്ദേഹം പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയ്‌ക്കെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു.

നാളികേര വികസന ബോര്‍ഡിലെ അഴിമതിക്കെതിരെ നടപടിയെടുത്തതാണു തനിക്കെതിരെ തിരിയാന്‍ കാരണം. ബെംഗളൂരു, കൊല്‍ക്കത്ത ഓഫിസുകളില്‍ വന്‍ അഴിമതിയാണു നടന്നിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്ത ഹേമചന്ദ്രയെ തിരിച്ചെടുക്കണമെന്ന ആവശ്യം തള്ളിയതോടെ തന്നെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കി. ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.

കേസ് കോടതിയുടെ പരിഗണനയിലായതിനാലാണു സംസ്ഥാനത്തെ മറ്റു പദവികള്‍ ഏറ്റെടുക്കാത്തത്. കേസ് സംബന്ധിച്ചു 2 കത്തു നല്‍കിയിട്ടും ചീഫ് സെക്രട്ടറി മറുപടി നല്‍കിയില്ല. തനിക്കെതിരായ നീക്കങ്ങള്‍ നടത്തുന്ന ചീഫ് സെക്രട്ടറി അഴിമതിക്കാരനാണെന്നും അദ്ദേഹം ആരോപിച്ചു.

WATCH THIS VIDEO: