| Wednesday, 1st August 2012, 3:04 pm

നിരോധനാജ്ഞ പ്രഖ്യാപിച്ചത് പ്രശ്‌നങ്ങളുണ്ടാക്കാന്‍: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കി നേതാക്കളെ അറസ്റ്റ് ചെയ്താല്‍ തകരുന്നതല്ല പാര്‍ട്ടിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റ് പക്ഷപാതത്വത്തിന് തെളിവാണെന്നും പിണറായി പറഞ്ഞു. എ.കെ.ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. []

പി. ജയരാജനെതിരായ ആരോപണങ്ങള്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ്. ഷുക്കൂര്‍ കൊല്ലപ്പെട്ട ദിവസം ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തിനിരയായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ആശുപത്രിയില്‍ ഇവരെ കാണാന്‍ നേതാക്കളെത്തുന്നത് സ്വാഭാവികമാണ്. അല്ലാതെ പോലീസ് പറയുന്നതുപോലെ യാതൊരു വിധത്തിലുള്ള ഗൂഢാലോചനയും ഇവിടെ നടന്നിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

ജയരാജന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ബോധപൂര്‍വ്വം വാര്‍ത്തയുണ്ടാക്കാനാനുള്ള ശ്രമമാണ്. ഒരു നേതാവിനെ അറസ്റ്റ് ചെയ്താല്‍ പ്രതിഷേധമുണ്ടാവുക സ്വഭാവികമാണ്. നിരോധനാജ്ഞ കൊണ്ട് അടിച്ചമര്‍ത്താനാവുന്നതല്ല പ്രതിഷേധം. ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക, അത് വാര്‍ത്തയാക്കുകയെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“പോലീസ് സി.പി.ഐ.എം എം.എല്‍.എമാരുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്ന സ്ഥിതി വരെ ഇവിടെ ഉണ്ടായിരിക്കുകയാണ്. ആദ്യം അവര്‍ എളമരം കരീം, ഇ.പി ജയരാജന്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.ഐ.എം നേതാവ് പി. മോഹനന്‍മാസ്റ്ററെ ഒരു പ്രത്യേക രീതിയില്‍ ക്രൂരമായി ചോദ്യം ചെയ്യുന്നതായി ഞങ്ങള്‍ക്ക്  വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് ഞാന്‍ എളമരം കരീമിനെയും ടി.വി രാജേഷിനെയും വിളിച്ച് പോലീസ് സ്‌റ്റേഷനിലെത്തി കാര്യം ചോദിക്കാനാവശ്യപ്പെട്ടു. അവര്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ നിങ്ങള്‍ വരുന്ന കാര്യം മൂന്നര മണിക്കൂര്‍ മുമ്പ് ഞങ്ങള്‍ അറിഞ്ഞെന്നാണ് അവര്‍ പറഞ്ഞത്. അതായത് സി.പി.ഐ.എമ്മിന്റെ നേതാക്കളുടെയെല്ലാം ഫോണ്‍ ചോര്‍ത്തുന്നുണ്ട്.”പിണറായി പറഞ്ഞു.

സി.പി.ഐ.എമ്മിനെ വേട്ടയാടാന്‍ പോലീസിനെ നിയോഗിക്കുന്നു. പോലീസിനെ ഉപയോഗിച്ച് സി.പി.ഐ.എമ്മിനെ ഇല്ലാതാക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നത്. ഇവിടെ ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നു. രാധാകൃഷ്ണനിലൂടെ അത് നടപ്പിലാക്കുന്നു. ഇതാണ് ഇവിടെ സംഭവിക്കുന്നത്. ഇത് കോണ്‍ഗ്രസ് നയത്തിന്റെ ഭാഗമാണ്. ഇതുകൊണ്ടൊന്നും തകരുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എമ്മെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ സി.പി.ഐ.എം സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളി സംഘടനുകളുമെല്ലാം ഈ തീരുമാനത്തോട് സഹകരിച്ച് ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more