തിരുവനന്തപുരം: തനിക്കെതിരായ ബി.ജെ.പി. നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ ഭീഷണിയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയ്‌ക്കെതിരായ ഭീഷണി ഗൗരവമായി കാണണമെന്ന് പിണറായി പറഞ്ഞു.
‘ഇത്തരം ഭീഷണികള്‍ എന്റെയടുത്ത് ചെലവാകുമോ ഇല്ലയോ എന്നതല്ല കാര്യം. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള ഭീഷണിയായിട്ടാണ് അത് വരുന്നത്. ഒരു കേസന്വേഷണം നടക്കുന്നു, അത് തെറ്റായ രീതിയില്‍ ഞാന്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ എന്തെങ്കിലും തെറ്റായി സംഭവിച്ചു എന്നല്ല. ക്രമത്തില്‍ നടക്കുന്ന അന്വേഷണം സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണം, അല്ലെങ്കില്‍ തനിക്ക് വരാന്‍ പോകുന്നത് ഇതാണ് എന്നാണ്. ഇതാണ് ഭീഷണി,’ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:-
നിങ്ങളുടെ ആളുകള്‍ വളരെക്കാലം മുന്‍പ് തന്നെ ഇത്തരം ഭീഷണികള്‍ എന്റെ നേരെ ഉയര്‍ത്തിയതാണെന്നാണ് രാധാകൃഷ്ണനോട് എനിക്ക് പറയാനുള്ളത്. അത് ജയിലില്‍ കിടക്കലല്ല. അതിനപ്പുറമുള്ളത്. അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവുമുണ്ടായിട്ടില്ല
നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാണെന്ന് വിചാരിക്കരുത്. അത് ശരിയായ നിലപാടല്ല. മക്കളെ ജയിലില്‍ പോയി കാണ്ടേണ്ടി വരും എന്ന് പറയുന്നതിന്റെ ഉദ്ദേശ്യമെന്താണ്. അതാണ് നമ്മള്‍ ഗൗരവമായി കാണേണ്ടത്.
ഇവിടെ ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. അതില്‍ ഏതെങ്കിലും തരത്തില്‍ ഒരു അമിതതാല്‍പ്പര്യത്തോടെയോ തെറ്റായോ സര്‍ക്കാര്‍ ഇടപെട്ടു എന്ന് ഇതേവരെ ആക്ഷേപമുയര്‍ന്നിട്ടില്ല. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് എന്റെ ഭാഗത്ത് നിന്ന് തെറ്റായ സമീപനം ഉണ്ടായി എന്ന ആക്ഷേപവുമില്ല.
അപ്പോള്‍ എന്താ ഉദ്ദേശ്യം. നിങ്ങള്‍ അന്വേഷിക്കുകയാണല്ലേ, നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍ ഈ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ ഞങ്ങള്‍ കുടുക്കും. അത് മറ്റൊരു തരത്തിലുള്ള ഭീഷണിയാണ്.
ഭീഷണി എന്റടുത്ത് ചിലവാകുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യം. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള ഭീഷണിയായിട്ടാണ് അത് വരുന്നത്. നിങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല. നിങ്ങളുടെ കുട്ടികളെ ജയിലില്‍ പോയി കാണേണ്ടി വരും. അതിന്റെ ഉദ്ദേശ്യം വ്യക്തമല്ലേ?
തിരുവനന്തപുരം പാളയത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി. നടത്തിയ സത്യാഗ്രഹ സമരത്തില്‍ സംസാരിക്കെയായിരുന്നു രാധാകൃഷണന്റെ ഭീഷണി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ അതിക്രമം തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്നാണ് എ.എന്‍. രാധാകൃഷണന്‍ പറഞ്ഞത്.
പിണറായിയുടെ മക്കളെ ജയിലിലടക്കുമെന്നും മക്കളെ കാണാന്‍ മുഖ്യമന്ത്രിക്ക് ജയിലില്‍ പോകേണ്ടി വരുമെന്നും രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. കുഴല്‍പ്പണ വിവാദങ്ങളില്‍പ്പെട്ട് ബി.ജെ.പിയും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതിരോധത്തിലായ സാഹചര്യത്തിലാണ് എ.എന്‍. രാധാകൃഷ്ണന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുന്നത്.