തിരുവനന്തപുരം: കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവം സ്വാഭാവിക നടപടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതി ലഭിച്ചാല്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് തനിക്കെതിരെയും ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും പരാതികള്‍ നല്‍കുകയും ചെയ്തിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
‘മറ്റാരുടെയും അനുഭവമല്ല, എന്റെ അനുഭവം പറയാം. എനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ കെട്ടിച്ചമച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ. എല്ലാം പിണറായി വിജയന്റേതാണ് എന്ന് പറഞ്ഞ കാലം. ആ കാലത്ത് ഒരു സംഘം ഒരാളെ സൃഷ്ടിച്ചു. എന്നിട്ട് അയാള്‍ പറഞ്ഞു 1996 ലെ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നു. അപ്പോള്‍ മത്സരിക്കുമ്പോള്‍ തന്നെ ഞാനായിരിക്കും വൈദ്യുതമന്ത്രിയാകുന്നതെന്ന് അറിയാം… അങ്ങനെ കണക്കാക്കി എന്നെ സ്വാധീനിക്കാന്‍ വേണ്ടി രണ്ടുകോടി എന്റെ കൈയ്യില്‍ കൊണ്ടുവന്നു തന്നു എന്നുമായിരുന്നു പരാതി.
സി.ബി.ഐക്കാണ് പരാതി നല്‍കിയത്. സ്വാഭാവികമായും അവര്‍ അന്വേഷിക്കാന്‍ വിളിക്കുമല്ലോ. പരാതി കളവാണെന്ന് ഞങ്ങള്‍ക്കറിയാമെന്നും എന്താണ് കാര്യമെന്നറിയാന്‍ വിളിപ്പിച്ചെന്നു മാത്രമേയുള്ളൂ എന്നുമാണ് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്. അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ധാരാളം ശ്രമങ്ങള്‍ പല കേന്ദ്രങ്ങളിലും നടക്കും. അവര്‍ എല്ലാ കാലത്തും അത് ചെയ്തുകൊണ്ടിരിക്കും. അതൊക്കെ മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്’, മുഖ്യമന്ത്രി പറഞ്ഞു.
ജലീലിനെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളും ജലീല്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘റംസാന്‍ കാലത്ത് സകാത്ത് കൊടുക്കലും മതഗ്രന്ഥം വിതരണം ചെയ്യലും എവിടേയും കുറ്റകരമായ കാര്യമല്ല. ആ കാര്യം അദ്ദേഹത്തെ അറിയിക്കുന്നു. അദ്ദേഹം തന്നെ അക്കാര്യം തെളിവ് സഹിതം പുറത്തുവിടുന്നു. അതെങ്ങനെ കുറ്റമാകും’, മുഖ്യമന്ത്രി ചോദിച്ചു.
ഏതെങ്കിലും തരത്തില്‍ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. മന്ത്രിയ്‌ക്കെതിരെ ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയവുമായി ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീലെന്നും അതിലും തെറ്റ് പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തു വസ്തുതയുടെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ജലീല്‍ എന്തിന് രാജിവെക്കണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
അദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോയിരുന്നു. ഖുറാനുമായി ബന്ധപ്പെട്ടാണ് പരാതികളുണ്ടായത്. അതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അന്വേഷണ ഏജന്‍സി അദ്ദേഹത്തോട് ചോദിച്ചറിഞ്ഞുവെന്നാണ് അറിഞ്ഞത്. അതിനപ്പുറം മറ്റ് വലിയ കാര്യങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നു. ജലീലിനെ പാരിപ്പള്ളിയില്‍ വാഹനം കയറ്റിയിട്ട് തടഞ്ഞത് വലിയ അപകടം ക്ഷണിച്ച് വരുത്തുന്നതാണ്. ഇതിനെ സമരമെന്ന് വിളിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആഭാസമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച ഖുറാന്‍ വിതരണം ചെയ്തത് സാംസ്‌കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാല്‍ മതിയെന്ന് ജലീല്‍ പ്രതികരിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ശേഷം ദ ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക