ഇതാണ് സാക്ഷാല്‍ മുല്ലപ്പള്ളി, കുശുമ്പ് പറയുന്നവരെക്കുറിച്ച് എന്താണ് പറയുക;ശതകോടീശ്വരന്‍മാരുമായി മാത്രം ചര്‍ച്ച നടത്തിയെന്ന വിമര്‍ശനത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് പ്രമുഖരുമായി ചര്‍ച്ച നടത്തിയത്. അതില്‍ ശതകോടീശ്വരന്‍മാരും സാധാരണക്കാരും ഉണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.
‘ഇതാണ് നമ്മുടെ സാക്ഷാല്‍ മുല്ലപ്പള്ളി. അതിന്റെ ഭാഗമായാണ് ഈ പ്രതികരണം. കോണ്‍ഗ്രസിന്റെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് പുറത്തുള്ള പല പ്രവാസി പ്രമുഖരും ഉണ്ടായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിന് പറ്റുന്നവരുമായാണ് ചര്‍ച്ച നടത്തിയത്. 20 രാജ്യങ്ങളിലെ 40 പേര്‍ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.
എം.എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ തുടങ്ങി മുരളി തുമ്മാരുകുടി, സൂരജ് അത്തിപറ്റ്, ചൈതന്യ ഉണ്ണി, ടി.ഹരിദാസ്, എസ്.ശ്രീകുമാര്‍, രവി ഭാസ്‌കര്‍, ഇന്ദു വര്‍മ്മ, ജിഷ്ണു മാധവന്‍, എം.ജേക്കബ്, ഡോ. അനിരുദ്ധന്‍, ടി സുബൈര്‍, വര്‍ഗീസ് കുര്യന്‍, സി.വി റപ്പായി, പി.എം ജാബിര്‍, പ്രശാന്ത് മാങ്ങാട്ട്, ഒ.വി മുസ്തഫ, ആശാ ശരത് പിള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
‘ഇതില്‍ ആരാണ് നമുക്ക് അസ്പൃശരായിട്ടുള്ളത്. കേരളത്തോട് സംസാരിക്കാന്‍ പറ്റാത്തവര്‍ ഇവരില്‍ ആരാണ്. പ്രവാസികള്‍ക്ക് വേണ്ടി സംസാരിക്കുന്നവരാണ് ഇവര്‍.’ -അതിനെപോലും അസഹിഷ്ണുതയോടെ കുശുമ്പ് പറയുന്നവരെക്കുറിച്ച് എന്താണ് പറയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇതിനെയൊക്കെ ആക്ഷേപിക്കുന്നവരുടെ ഇത്രയും ഇടുങ്ങിയ മനസ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കണം. നിങ്ങളുടെ വിമര്‍ശനം കേട്ട് കേരളത്തെ ലോകകേരളമായി കാണുന്ന മുഴുവന്‍ പ്രവാസികളേയും ഉള്‍ക്കൊള്ളുന്ന നയം തിരുത്താന്‍ പോകുന്നില്ലെന്നും നമ്മള്‍ എത്രമാത്രം കേരളീയരാണോ അത്രമാത്രം കേരളീയരാണ് പ്രവാസികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ഗള്‍ഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി വെറും പ്രഹസനമായിപ്പോയെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദേശിക്കാന്‍ കഴിയുന്ന പ്രവാസി സംഘടനകളേയും സാധാരണക്കാരായ പ്രവാസികളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് ചര്‍ച്ച നടത്തിയത്. ശതകോടീശ്വരന്മാരുമായുള്ള സര്‍ക്കാരിന്റെയും സി.പി.ഐ.എമ്മിന്റെയും ബന്ധം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയുള്ള പാലമായി ഈ ദുരന്തകാലത്തെ ഉപയോഗിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.