'കേരളത്തിന്റെ തനിമ മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണം'; എ.ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
'കേരളത്തിന്റെ തനിമ മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണം'; എ.ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th June 2018, 8:04 pm

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ തനിമ മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍കാന്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിശദീകരണം തേടിയിട്ടുണ്ട്. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറോട് ആശുപത്രി വിട്ട ശേഷം തന്നെ വന്നു കാണാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ ഗവാസ്‌കറാണ് പരാതി നല്‍കിയത്. ഇന്നലെ രാവിലെ എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമാണ് പരാതി.

ALSO READ: ‘മോദി ധൈര്യമുണ്ടെങ്കില്‍ ദേവഗൗഡയെ ഫിറ്റ്‌നസ് ചാലഞ്ചിന് ക്ഷണിക്കൂ’; ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന കുമാരസ്വാമിയെ വെല്ലുവിളിച്ച മോദിയ്ക്ക് ജെ.ഡി.എസിന്റെ മറുപടി

മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ ഗവാസ്‌കറാണ് സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദക്കെതിരെ പരാതി നല്‍കിയത്. ഗവാസ്‌കറിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

എ.ഡി.ജി.പിയുടെ വീട്ടില്‍ അടിമപ്പണി ചെയ്യേണ്ടി വന്നെന്ന് ഗവാസ്‌കര്‍ പറഞ്ഞിരുന്നു.

“മലയാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നാംകിടക്കാരാണെന്നാണ് പറയാറുളളത്. ജോലിക്കെത്തുന്ന പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിക്കും മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങിക്കും, സ്വിമ്മിങ് പൂള്‍ കഴുകിക്കും. എതിര്‍ത്താല്‍ ഭാര്യയും മകളും ശകാരിക്കും. ജാതിപ്പേര് വിളിച്ചാണ് അധിക്ഷേപിക്കുക. ഇനിയും ഈ ദാസ്യപ്പണി ചെയ്യാന്‍ വയ്യ.” ഗവാസ്‌കര്‍ പറഞ്ഞു.

WATCH THIS VIDEO: