തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമാരമത്ത് വകുപ്പില്‍ പണി പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനവും പ്രവൃത്തി ആരംഭവും വിര്‍ച്വലായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് നിര്‍മാണം കഴിഞ്ഞുള്ള വെട്ടിപ്പൊളിക്കലാണ് റോഡുകളുടെ സംരക്ഷണത്തില്‍ കേരളം നേരിടുന്ന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവര്‍ഷം ഏതാണ്ട് 3000 കോടി രൂപയുടെ ബാധ്യത ഉണ്ടാകുന്നുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമുണ്ടാകുക. അതിലൂടെയാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനായി ഒരു വെബ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതത്തിനപ്പുറം പൊതുഖജനാവിന് നഷ്ടം കോടികളാണ്. ടാറിംഗിന് പിന്നാലെ പൈപ്പിടാന്‍ റോഡുകള്‍ കുത്തിപ്പൊളിക്കുന്ന രീതി ഇനിയുണ്ടാകില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ പറഞ്ഞിരുന്നു.