തിരുവനന്തപുരം: നിയമനവിവാദത്തില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലില്‍ വീണ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി ഉദ്യോഗാര്‍ത്ഥികളുടെ കാലിലാണ് വീഴേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ ഒരു കാലുപിടിക്കല്‍ രംഗം കണ്ടു. യഥാര്‍ത്ഥത്തില്‍ ആരുടെ കാലാണോ പിടിച്ചത് അദ്ദേഹമാണ് ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടത്. എന്നിട്ട് പറയണം എല്ലാ കഷ്ടത്തിനും ഇടയാക്കിയത് താനാണ്, താനാണിതിന് ഉത്തരവാദി എന്ന്. അവരോട് അത്തരമൊരു തുറന്നുപറച്ചില്‍ ഉണ്ടായാല്‍ അല്‍പ്പം നീതി നടത്തി എന്ന് പറയാന്‍ പറ്റും. മുട്ടിലിഴയേണ്ടതും മറ്റാരുമല്ല’, മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് സമരപന്തലിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ച് ഉദ്യോഗാര്‍ത്ഥികള്‍ കരഞ്ഞിരുന്നു. സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
‘കാലാവധി അവസാനിച്ച റാങ്ക് പട്ടികയ്ക്ക് വീണ്ടും സാധുത നല്‍കാന്‍ കോടതിക്ക് മാത്രമേ സാധിക്കൂ. എന്നാല്‍ നിലവിലുള്ള പട്ടികയുടെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ടായിട്ടും അത് ചെയ്തില്ല’, കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
അതേസമയം പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയണമെന്നും തസ്തിക വെട്ടിച്ചുരുക്കലും നിയമനനിരോധനവും നടത്തിയവരാണ് യു.ഡി.എഫെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ സര്‍ക്കാരിനേക്കാള്‍ ഏത് കണക്കിലും കൂടുതല്‍ ആണ് ഇടതു സര്‍ക്കാര്‍ ഉദ്യോര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് 4012 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ 3113 റാങ്ക് ലിസ്റ്റ് മാത്രമാണ്. പൊലീസില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് 13825 നിയമനങ്ങളും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇതേ കാലയളവില്‍ 4791 നിയമനങ്ങളാണ് നടന്നത്.
എല്‍ഡി ക്ലര്‍ക്കില്‍ 19120 നിയമനം നടന്നു. മുന്‍ സര്‍ക്കാര്‍ കാലത്ത് 17711 നിയമനം മാത്രം. എല്ലാവര്‍ക്കും അവസരം നല്‍കി. ഒഴിവുകള്‍ സമയബന്ധിതമായി നികത്തി, കൊവിഡ് അടക്കമുള്ള സാഹചര്യങ്ങള്‍ മറികടന്നാണ് മുന്നോട്ട് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
157909 നിയമന ശുപാര്‍ശ നല്‍കി. 27000 സ്ഥിരം തസ്തിക അടക്കം 44000 തസ്തിക ഉണ്ടാക്കി. മുന്‍ സര്‍ക്കാരിനേക്കാള്‍ ഏത് കണക്കിലും കൂടുതല്‍ നിയമനങ്ങളാണ് ഇടതു സര്‍ക്കാര്‍ ഉദ്യോര്‍ത്ഥികള്‍ക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാങ്ക് ലിസ്റ്റ് നീട്ടല്‍ പുതിയ തലമുറയ്ക്ക് അവസരം നിഷേധിക്കലാണ്. സിപിഒ ലിസ്റ്റ് കാലാവധി ജൂണില്‍ അവസാനിച്ചതാണ്. കാലഹരണപ്പെട്ട ലിസ്റ്റ് ഇങ്ങനെ പുനരുജ്ജീവിപ്പിക്കും? അത് അറിയാത്ത വ്യക്തിയല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഉദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ പ്രതിപക്ഷ നേതാക്കള്‍ തെറ്റിധരിപ്പിക്കുകയാണെന്നും സമരത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത് അസാധാരണമാണെന്നും പിണറായി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pinaray Vijayan Oommen Chandy PSC Protest