| Wednesday, 7th November 2018, 6:22 pm

വാഗണ്‍ ട്രാജഡിയുടെ ചുമര്‍ചിത്രം നീക്കം ചെയ്ത നടപടി ഹീനം: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ വാഗണ്‍ ട്രാജഡിയുടെ ചുമര്‍ചിത്രം നീക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചുമര്‍ചിത്രം നീക്കം ചെയ്ത നടപടി അത്യന്തം ഹീനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കുന്ന നടപടിയാണെന്നും ജനാധിപത്യവിശ്വാസികള്‍ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“വാഗണ്‍ ട്രാജഡി ചിത്രം സംഘപരിവാറിനെ ഇത്രയും വിറളിപിടിപ്പിക്കുന്നതു എന്തുകൊണ്ടാണെന്ന് നാം തിരിച്ചറിയണം”.

ദേശീയമായും പ്രാദേശികമായും പ്രാധാന്യമുളള ചരിത്ര സംഭവമെന്ന നിലയില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഗണ്‍ ട്രാജഡിയുടെ ചുവര്‍ ചിത്രവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രവും വരച്ചിരുന്നു. എന്നാല്‍ ചില സംഘപരിവാര്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം നീക്കാന്‍ റെയില്‍വെയുടെ ഉന്നത അധികാരികള്‍ തീരുമാനിക്കുകയാണുണ്ടായത്.

ALSO READ: കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി: ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കും

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാന്‍ ആര്‍.എസ്.എസ്. നടത്തുന്ന ശ്രമങ്ങള്‍ നമുക്കറിയുന്നതാണ്. ഇപ്പോള്‍ സ്വാതന്ത്ര്യസമരം എന്ന് കേള്‍ക്കുന്നതു തന്നെ ഇക്കൂട്ടര്‍ക്ക് അലര്‍ജിയായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസ്സിന് ഒരു പങ്കുമില്ലെന്നത് ചരിത്ര സത്യമാണ്. സന്ദര്‍ഭം കിട്ടിയപ്പോഴെല്ലാം ബ്രിട്ടീഷുക്കാര്‍ക്കു വേണ്ടി വിടുവേല ചെയ്ത പാരമ്പര്യമാണ് ആര്‍.എസ്.എസ്സിനുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം ആളുകള്‍ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ ഓര്‍ക്കാന്‍ തന്നെ ഭയപ്പെടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇന്ത്യന്‍ റെയില്‍വെ പോലുളള ഒരു പൊതുസ്ഥാപനം സംഘപരിവാറിന്റെ താല്‍പര്യത്തിന് വഴങ്ങി വാഗണ്‍ ട്രാജഡി ചിത്രം മാറ്റാന്‍ തീരുമാനിച്ചത് ദേശവിരുദ്ധ നടപടിയായിട്ടേ കാണാന്‍ കഴിയൂ.

ചിത്രം നീക്കം ചെയ്ത നടപടി തിരുത്തണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മോദി മാപ്പ് പറയണം; നോട്ട് റദ്ദാക്കലിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പാടെ തകര്‍ത്തു: കോണ്‍ഗ്രസ്

റെയിവേ അധികൃതരാണ് തിങ്കളാഴ്ച ചിത്രം നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം റെയില്‍വേ ചുമരില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ പണിപൂര്‍ത്തിയാകും മുമ്പേ മായ്ച്ചുകളയാന്‍ റെയില്‍വേ ഉത്തരവിറക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദല്‍ഹി റെയില്‍വേ ബോര്‍ഡില്‍ നിന്ന് ലഭിച്ച ഉത്തരവ് പാലക്കാട് ഡിവിഷനല്‍ ഓഫീസില്‍ നിന്ന് തിരൂരില്‍ ലഭിച്ചത്. ഉത്തരവ് വന്നതോടെ ചിത്രങ്ങള്‍ മായ്ച്ച് പഴയ രൂപത്തിലാക്കി.

ബി.ജെ.പി തിരൂര്‍ മണ്ഡലം കമ്മറ്റി പാലക്കാട് റെയില്‍വേ ഡിവിഷനു ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ചിലസംഘടനകളുടെ പ്രതിഷേധം കാരണമാണ് ചിത്രമെഴുത്ത് നീക്കം ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു.

ALSO READ: വിദ്യാസമ്പന്നരായ മലയാളികള്‍ സുപ്രീംകോടതിവിധി സ്വീകരിക്കുമെന്ന് കരുതി: ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്ന ആന്ധ്ര തീര്‍ത്ഥാടക

വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും മലബാര്‍ ലഹള വര്‍ഗ്ഗീയ കലാപമാണെന്നുമുള്ള ബി.ജെ.പിയുടെ വാദത്തിന്റെ ഭാഗമാണ് ചരിത്രസ്മാരകം മായ്ച്ചതെന്നും ആക്ഷേപമുണ്ട്. റെയില്‍വേയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

1921ലെ മലബാര്‍ കലാപത്തെത്തുടര്‍ന്ന് നവംബര്‍ 19ന് ബ്രിട്ടീഷ് പട്ടാളം തീരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോയ തടവുകാര്‍ ശ്വാസംമുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ദുരന്തം.

അറുപത്തിനാലോളം പേരാണ് അന്നത്തെ ദുരന്തത്തില്‍ മരിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാറില്‍ മുസ്ലിംകള്‍ നടത്തിയ സമരമായിരുന്നു മലബാര്‍ ലഹള അഥവാ മാപ്പിള ലഹള. വാഗണ്‍ ദുരന്ത സ്മാരക കമ്മ്യൂണിറ്റി ഹാളും തിരൂരിലുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടായ വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുമര്‍ ചിത്രം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നീക്കിയ നടപടി അത്യന്തം ഹീനമാണ്. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കലാണിത്. ദേശാഭിമാനികളും ജനാധിപത്യവിശ്വാസികളുമായ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തണം.

റെയില്‍വെ സ്റ്റേഷനുകള്‍ ഭംഗിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ദേശീയതലത്തില്‍ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണ് ചരിത്രസംഭവങ്ങളും സാംസ്‌കാരിക മുന്നേറ്റങ്ങളും അടയാളപ്പെടുത്താനുളള തീരുമാനമുണ്ടായത്. ദേശീയമായും പ്രാദേശികമായും പ്രാധാന്യമുളള ചരിത്ര സംഭവമെന്ന നിലയില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഗണ്‍ ട്രാജഡിയുടെ ചുവര്‍ ചിത്രവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രവും വരച്ചിരുന്നു. എന്നാല്‍ ചില സംഘപരിവാര്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം നീക്കാന്‍ റെയില്‍വെയുടെ ഉന്നത അധികാരികള്‍ തീരുമാനിക്കുകയാണുണ്ടായത്.

വാഗണ്‍ ട്രാജഡി ചിത്രം സംഘപരിവാറിനെ ഇത്രയും വിറളിപിടിപ്പിക്കുന്നതു എന്തുകൊണ്ടാണെന്ന് നാം തിരിച്ചറിയണം. ബ്രിട്ടീഷുകാര്‍ക്കെതിരെ 1921-ല്‍ നടന്ന മലബാര്‍ കലാപത്തില്‍ പങ്കെടുത്ത നൂറോളം പേരെ തടവുകാരായി പിടിച്ചശേഷം ഗൂഡ്‌സ് വാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലെ പോത്തന്നൂര്‍ ജയിലിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. പോത്തന്നൂരില്‍ എത്തിയപ്പോള്‍ ജയിലില്‍ സ്ഥലമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. അടച്ചുമൂടിയ വാഗണില്‍ ശ്വാസം കിട്ടാതെ 67 പേരാണ് മരിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശീയതലത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തിയ സംഭവമായിരുന്നു ജാലിയന്‍ വാലാബാഗിനെ അനുസ്മരിപ്പിക്കുന്ന വാഗണ്‍ ട്രാജഡി.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാന്‍ ആര്‍.എസ്.എസ്. നടത്തുന്ന ശ്രമങ്ങള്‍ നമുക്കറിയുന്നതാണ്. ഇപ്പോള്‍ സ്വാതന്ത്ര്യസമരം എന്ന് കേള്‍ക്കുന്നതു തന്നെ ഇക്കൂട്ടര്‍ക്ക് അലര്‍ജിയായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസ്സിന് ഒരു പങ്കുമില്ലെന്നത് ചരിത്ര സത്യമാണ്. സന്ദര്‍ഭം കിട്ടിയപ്പോഴെല്ലാം ബ്രിട്ടീഷുക്കാര്‍ക്കു വേണ്ടി വിടുവേല ചെയ്ത പാരമ്പര്യമാണ് ആര്‍.എസ്.എസ്സിനുളളത്. ഇത്തരം ആളുകള്‍ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ ഓര്‍ക്കാന്‍ തന്നെ ഭയപ്പെടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇന്ത്യന്‍ റെയില്‍വെ പോലുളള ഒരു പൊതുസ്ഥാപനം സംഘപരിവാറിന്റെ താല്‍പര്യത്തിന് വഴങ്ങി വാഗണ്‍ ട്രാജഡി ചിത്രം മാറ്റാന്‍ തീരുമാനിച്ചത് ദേശവിരുദ്ധ നടപടിയായിട്ടേ കാണാന്‍ കഴിയൂ.

ഈ നടപടി തിരുത്തണമെന്ന് റെയില്‍വെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more