| Tuesday, 22nd September 2020, 7:38 pm

തിരുകേശവിവാദത്തില്‍ പഴയ നിലപാട്; ആരുടേയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാടെടുക്കുന്നതെന്ന് പിണറായി (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുകേശ വിവാദത്തില്‍ താന്‍ മുന്‍പ് പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്‍ വിതരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഖുര്‍ആനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറയുന്നു. പക്ഷെ തിരുകേശസമര്‍പ്പണ സമയത്ത് അങ്ങ് അഭിപ്രായപ്പെട്ടത് അത് ബോഡിവേസ്റ്റാണ്, അത് കത്തിച്ചാല്‍ ചാമ്പലാകുന്ന സംഗതിയാണ് എന്നാണ്. അക്കാരത്തില്‍ അങ്ങ് അന്ന് സ്വീകരിച്ച നിലപാട് ശരിയായിരുന്നോ ആ നിലപാട് തന്നെയാണോ ഇപ്പോഴുമുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്താ സംശയം, ഞാന്‍ പറഞ്ഞല്ലോ എന്താ നിങ്ങള്‍ക്ക് സംശയം. ഞാന്‍ പറഞ്ഞത് പറഞ്ഞത് തന്നെയാണല്ലോ. നിങ്ങളുടെ ആരുടേയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല ഞാന്‍ നിലപാട് വ്യക്തമാക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സ്വര്‍ണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ ഖുര്‍ആന്‍ വിതരണവും മറയാക്കി എന്ന പ്രതിപക്ഷ ആരോപണത്തിനെതിരെ സര്‍ക്കാരും ഇടതുമുന്നണിയും രംഗത്തെത്തിയിരുന്നു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്നും മന്ത്രി കെ.ടി ജലീല്‍ ഇതിന് കൂട്ടുനിന്നെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാല്‍ പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും ഖുര്‍ആനെ അധിക്ഷേപിക്കാനാണ് പ്രതിപക്ഷശ്രമിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയും എല്‍.ഡി.എഫും പറഞ്ഞിരുന്നത്.

2012 ലായിരുന്നു കേരളത്തില്‍ വളരെയധികം ചര്‍ച്ചയായ തിരുകേശവിവാദത്തിന്റെ ആരംഭം. തന്റെ കയ്യില്‍ പ്രവാചകന്റെ കേശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അതു സൂക്ഷിക്കാനായി കോഴിക്കോട്ട് 40 കോടി ചെലവില്‍ പള്ളി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടതാണ് വിവാദമായത്.

കാരന്തൂര്‍ മര്‍ക്കസില്‍ നേരത്തെ തന്നെ പ്രവാചക കേശമെന്നവകാശപ്പെട്ട് മുടി സൂക്ഷിച്ചിരുന്നു. ഇത് വിശ്വാസികള്‍ സന്ദര്‍ശിക്കാറുമുണ്ടായിരുന്നു. എന്നാല്‍ പള്ളി നിര്‍മ്മാണത്തിന് വിപുലമായ പ്രചാരണ കോലാഹലങ്ങളുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ദിനപത്രമായ തേജസില്‍ ഒ.അബ്ദുല്ല കേശത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ലേഖനമെഴുതിയതോടെ മുസ്ലിം സമുദായത്തിനുള്ളില്‍ വിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഒ അബ്ദുല്ലക്കെതിരെ കാന്തപുരം വിഭാഗം പ്രസംഗങ്ങളിലും ലേഖനങ്ങളിലും ശക്തമായ വിമര്‍ശനമുന്നയിച്ചു. എന്നാല്‍ പിന്നീട് കാന്തപുരത്തിന്റെ എതിര്‍പക്ഷത്തുള്ള ഇ.കെ വിഭാഗം സുന്നികളും പിന്നാലെ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗങ്ങളും രംഗത്തെത്തുകയായിരുന്നു.

സമുദായത്തിനുള്ളില്‍ രണ്ട് തരത്തിലായിരുന്നു വിമര്‍ശനമുണ്ടായത്. മുടി ഒറിജിനലല്ലെന്നും കാന്തപുരം വ്യാജമായി സംഘടിപ്പിച്ചതാണെന്നുമാണ് ഇ.കെ വിഭാഗം ഉന്നയിച്ച ആരോപണം. എന്നാല്‍ മുടി ഒറിജിനിലാണെങ്കില്‍പ്പോലും അതിനെ ഇത്തരത്തില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുജാഹിദ്, ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ വിമര്‍ശനം.


ഇതിനിടെയായിരുന്നു അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുകേശം ബോഡി വേസ്റ്റാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

വടകരയില്‍ സി.പി.ഐ.എം 20-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോഥാനവും’ എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയില്‍ നമ്മുടെയെല്ലാം മുടി കത്തിച്ചാല്‍ കത്തുമെന്നും മുടികത്തിച്ചാല്‍ കത്തുമോ ഇല്ലയോ എന്നതു സംബന്ധിച്ച് പോലും വിവാദങ്ങള്‍ ഉയരുന്ന കാലമാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ദ്ധിച്ചു വരുന്നതിനെ കുറിച്ചും മതമേധാവികള്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചും പിണറായി വിജയന്‍ പരാമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് ബോഡിവേസ്‌റ്റെന്ന പരാമര്‍ശം നടത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan, Thirukesam

We use cookies to give you the best possible experience. Learn more